ഹർഷൽ പട്ടേൽ, വെങ്കടേഷ് അയ്യർ, ശിവം മവി എന്നിവർ ഇന്ത്യൻ ടീമിനൊപ്പം ചേരും

ഐപിഎലിൽ മികച പ്രകടനം നടത്തിയ മൂന്ന് താരങ്ങൾ ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരും. റോയൽ ചലഞ്ചേഴ്സ് പേസർ ഹർഷൽ പട്ടേൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓൾറൗണ്ടർ വെങ്കടേഷ് അയ്യർ, കൊൽക്കത്തയുടെ തന്നെ പേസർ ശിവം മവി എന്നിവരാണ് ഇന്ത്യൻ ടീമിനൊപ്പം ചേരുക. ഇന്ത്യൻ ടീമിൻ്റെ ലോകകപ്പ് സപ്പോർട്ട് സ്റ്റാഫിനൊപ്പമാണ് മൂവരും ഉണ്ടാവുക. നെറ്റ് ബൗളർ ചുമതലയാവും മൂവർക്കും വഹിക്കേണ്ടത്. (Harshal Venkatesh Shivam Mavi)
നേരത്തെ സൺറൈസേഴ്സ് ഹൈദരാബാദ് പേസർ ഉമ്രാൻ മാലിക്കിനെയും ഇന്ത്യയുടെ നെറ്റ് ബൗളറായി തിരഞ്ഞെടുത്തിരുന്നു. ഇവരെല്ലാവരും ദുബായിൽ തുടരും. ഐപിഎലിനു ശേഷം ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾ ലോകകപ്പ് ബബിളിലേക്ക് മാറും.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.
Read Also : ടി-20 ലോകകപ്പിൽ ഉമ്രാൻ മാലിക്ക് ഇന്ത്യയുടെ നെറ്റ് ബൗളർ; റിപ്പോർട്ട്
യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.
സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
Story Highlights: Harshal Patel Venkatesh Iyer Shivam Mavi join Indian team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here