Advertisement

കോഴിക്കോട് കോർപറേഷനിൽ കോഴിക്കൂട് വിതരണം ചെയ്തതിൽ അഴിമതി; മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

October 14, 2021
Google News 2 minutes Read
kozhikode corporation hen cage corruption

കോഴിക്കോട് കോർപറേഷനിൽ കോഴിക്കൂട് വിതരണം ചെയ്തതിൽ അഴിമതിയെന്ന പരാതിയിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കോർപറേഷൻ സെക്രട്ടറിയും കൂട് വിതരണം ചെയ്ത കമ്പനിയും നൽകിയ പരാതിയിലാണ് നടപടി. മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിക്കായി കോഴിക്കൂട് വിതരണം ചെയ്ത് ഗുണഭോക്തൃവിഹിതമായി മൂന്നേകാൽ ലക്ഷത്തോളം രൂപ പിരിച്ചെടുത്തെന്നാണ് ആരോപണം. ( kozhikode corporation hen cage corruption )

മൃസംരക്ഷണ വകുപ്പിന്റെ സഹകരണത്തിൽ കോഴിക്കോട് കോർപറേഷൻ പരിധിയിൽ 90 കോഴിക്കൂടുകളാണ് വിതരണം ചെയ്തത്. ഒരു കൂടിന് 4450 രൂപ വീതം പദ്ധതിയിൽ അംഗങ്ങളായവരിൽ നിന്ന് വാങ്ങിയെടുത്തു. അതിൽ 19 കൂടിന്റെ പണം മാത്രമേ ഉദ്യോഗസ്ഥർ കോർപറേഷനിൽ നൽകിയുള്ളു.

ബേപ്പൂർ, മാങ്കാവ്, എലത്തൂർ ചെറുവണ്ണൂർ നല്ലളം മൃഗാശുപത്രികൾക്ക് കീഴിൽ കഴിഞ്ഞ സാമ്പത്തിക വർഷമാണ് കോഴിക്കൂടുകൾ വിതരണം ചെയ്തത്. മലപ്പുറത്തെ കോട്ടക്കുന്ന് അഗ്രോ ആന്റ് പൗൾട്രി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയാണ് കരാറെടുത്ത് കൂടുകൾ നൽകിയത്. ബേപ്പൂർ മൃഗാശുപത്രിയിലെ സീനിയർ വെറ്റിനറി സർജനായിരുന്നു പദ്ധതിയുടെ നിർവഹണ ചുമതല. എന്നാൽ പദ്ധതിയിൽ അംഗങ്ങളായ വീട്ടുകാരിൽനിന്ന് പണം പിരിച്ചെടുത്ത് ആറുമാസം കഴിഞ്ഞിട്ടും മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥർ പണം കോർപറേഷന് കൈമാറിയില്ല.

Read Also : കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്ന് ആർകിടെക്ട്

ഇതോടെ കരാർ കമ്പനിക്ക് കോർപറേഷന്റെ പ്ലാൻ ഫണ്ട് അനുവദിക്കാനും നിയമ തടസം വന്നു. അങ്ങനെ കമ്പനി കോർപറേഷൻ സെക്രട്ടറി മുതൽ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകി. ഒപ്പം കോർപറേഷൻ സെക്രട്ടറിയും സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി കൈമാറി. ഒടുവിൽ വഞ്ചാനാ കുറ്റം ചുമത്തി ടൗൺ പോലീസ് കേസെടുത്തു.

kozhikode corporation hen cage corruption

രസീത് നൽകാതെയാണ് പണ പിരിവ് നടത്തിയതെന്നും ആരോപണമുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെയും നിയമസഭാ പെറ്റീഷൻ കമ്മിറ്റിയുടെയും അന്വേഷണം തുടരുകയാണ്. പദ്ധതി നടത്തിപ്പ് കാലയളവിൽ നാല് ഉദ്യോഗസ്ഥർ ചുമതല വഹിച്ചതിനാൽ പരസ്പരം പഴിചാരുന്ന സാഹചര്യവും നിലവിലുണ്ട്.

Story Highlights : kozhikode corporation hen cage corruption

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here