‘നിലപാടിൽ ഉറച്ചു നിൽക്കുന്നു; ഖേദം പ്രകടിപ്പിച്ചു എന്നത് തെറ്റ്’; വിശദീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കരാറുകാരുമായി എംഎൽഎമാർ വരരുതെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മന്ത്രി പി. എ മുഹമ്മദ് റിയാസ്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിൽ പലയിടങ്ങളിലും ഒത്തുകൡക്കുന്നുണ്ട്. അക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്. ആ നിലപാടിൽ മാറ്റമില്ല. അതുമായി ബന്ധപ്പെട്ട് താൻ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടിൽ നിന്ന് പിന്നോട്ട് പോയി എന്നുമുള്ള വാർത്തകൾ കണ്ടു. വാസ്തവ വിരുദ്ധമായ വാർത്തകളാണതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ചില പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ചില കരാറുകാർ എതിരുനിൽക്കാറുണ്ട്. അതിന് ചില ഉദ്യോഗസ്ഥർ കൂട്ടു നിൽക്കും. ഇക്കാര്യമാണ് നിയമസഭയിൽ ചൂണ്ടിക്കാട്ടിയത്. എല്ലാ എംഎൽഎമാരും ഇതിനെ അനുകൂലിച്ചു. എംഎൽഎമാർക്ക് ഏതൊരു പ്രശ്‌നത്തിനും മന്ത്രിമാരെ കാണാം. സ്വന്തം മണ്ഡലത്തിലെ പൊതുമരാമത്തുമായി ബന്ധപ്പെട്ട കരാറുകാരുടെ പ്രശ്‌നങ്ങൾ എംഎൽഎമാർക്ക് ചൂണ്ടിക്കാട്ടാം. എന്നാൽ ഒരു മണ്ഡലത്തിലെ ജനപ്രതിനിധി മറ്റൊരു മണ്ഡലത്തിലെ കരാറുകാരന് വേണ്ടി സമീപിക്കുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു.
താൻ ചൂണ്ടിക്കാട്ടിയത് നാട്ടിലെ ജനങ്ങളുടെ വികാരമാണ്. പറഞ്ഞ കാര്യം ശരിയാണെന്നതിൽ ഉത്തമബോധ്യമുണ്ട്. പൊതുമരാമത്തിന്റെ പ്രവർത്തനങ്ങളിൽ ജനം കാഴ്ചക്കാരല്ല, കാവൽക്കാരാണ്. കണ്ണിലെ കൃഷ്ണമണി പോലെ ചിലത് കാണണം. കരാറുകാരിൽ ആരെങ്കിലും തെറ്റ് ചെയ്താൽ വിവാദം വന്നതുകൊണ്ട് നിലപാടിൽ അയവു വരുത്തില്ല. വിവാദങ്ങളിലൂടെ നാടിനെ തെറ്റായ വഴിയിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ലെന്നും തെറ്റായ പ്രവണതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights : muhammad riyas reaction to media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here