മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനം അല്ല; ന്യൂനമർദം എറണാകുളത്തിനും കോഴിക്കോടിനും ഇടയിലെ തീരത്തിന് സമീപം

സംസ്ഥാനത്ത് അനുഭവപ്പെടുന്ന അതിശക്തമായ മഴയ്ക്ക് കാരണം ( kerala rain ) മേഘവിസ്‌ഫോടനമല്ലെന്ന് ( cloudburst ) കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദം കാരണം ഇടിമിന്നൽ മേഘങ്ങൾ സജീവമായി. കേരളം മേഘാവൃതമാണ്. ഇത് കാരണം ശക്തമായ ഇടിമിന്നൽ,മഴ, കാറ്റ് തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കേരള തീരത്തിന് സമീപമെത്തി. എറണാകുളത്തിനും കോഴിക്കോടിനും ഇടയിലെ തീരത്തിന് സമീപമാണ് ന്യൂനമർദം നിലവിലുള്ളത്. എന്നാൽ കേരളത്തിൽ പ്രവേശിച്ചിട്ടില്ല.
അതേസമയം, സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരും കാസർഗോഡുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also : എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്
ഏത് ദുരന്തത്തെയും നേരിടാൻ സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. 2018ലെ പ്രളയ ദുരന്തത്തിൽ ഉണ്ടായ പാഠമുൾക്കൊണ്ട് പുറത്തിറക്കിയ ഓറഞ്ച് ബുക്കിന്റെ അടിസ്ഥാനത്തിൽ അപകട സ്ഥലങ്ങളും ഇവിടെ ഇനിയും ഉണ്ടാകാവുന്ന പ്രശ്‌നങ്ങളേയും നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. ഈ സമയത്ത് രാഷ്ട്രീയവും ജാതി മത ചിന്തകളും മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ: നവ് ജ്യോത് ഖോസ അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുൾപ്പെടെയുള്ള യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്. തിരുവനന്തപുരം ബാലരാമപുരം ഇടമനകുഴിയിലെ രണ്ടു വീടുകളിലെ കിണറുകൾ ഇടിഞ്ഞ് താഴ്ന്നു. ഇടമനകുഴി സ്വദേശിനികളായ ബിന്ദു, ജയ എന്നിവരുടെ വീടുകളിലെ കിണറുകളാണ് ഇടിഞ്ഞു താഴ്ന്നത്. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും നിലവിൽ 40 സെന്റി മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11 ന് എല്ലാ ഷട്ടറുകളും 20 സെന്റി മീറ്റർ കൂടി (മൊത്തം 240രാ ) ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Story Highlights : kerala rain cloudburst
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here