Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (10-10-2021)

October 19, 2021
Google News 1 minute Read
todays headlines

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്ന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം,എറണാകുളം,ഇടുക്കി, തൃശൂർ, മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ ,പാലക്കാട് എന്നിവടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കാസർഗോഡ്,കൊല്ലം,ആലപ്പുഴ, ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും ഉയര്‍ത്തി; സെക്കന്‍ഡില്‍ ഒഴുക്കുന്നത് ഒരുലക്ഷം ലിറ്റര്‍ ജലം

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു. മൂന്നുഷട്ടറുകളും 35 സെ.മീ വീതമാണ് ഉയര്‍ത്തിയത്. രാവിലെ 11 മണിക്ക് ആദ്യഘട്ടമായി മൂന്നാമത്തെ ഷട്ടര്‍ തുറന്നിരുന്നു. ഒരുമണിക്കൂറിനുശേഷം രണ്ടാമത്തെ ഷട്ടറും ഉയര്‍ത്തി. 12.30നാണ് നാലാമത്തെ ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുകുന്നത്.

ഇടുക്കി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടറും ഉയര്‍ത്തി

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നു. കൃത്യം 12 മണിക്ക് 35 സെന്റിമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. രണ്ടാമത്തെ ഷട്ടര്‍ തുറക്കുന്നതിന് മുന്‍പും ആദ്യത്തേതിനുസമാനമായി മൂന്ന് സൈറണുകള്‍ മുഴങ്ങി. മൂന്നാം ഷട്ടര്‍ തുറന്നതിനുശേഷം വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തിയശേഷമായിരുന്നു രണ്ടാം ഷട്ടര്‍ ഉയര്‍ത്തിയത്. രണ്ട് ഷട്ടറുകളും തുറന്നതോടെ സെക്കന്റില്‍ 70,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.

ഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്ത് അതീവജാഗ്രത

ഇടുക്കി ഡാം തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാം ഷട്ടര്‍ 35 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ഡാമിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തും. സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. മന്ത്രിമാരുടെ സാന്നിധ്യത്തില്‍ മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. 

മോൻസണെതിരെ പോക്സോ കേസ്; ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ജീവനക്കാരന്റെ മകളെ പീഡിപ്പിച്ചെന്ന് പരാതി

മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ജീവനക്കാരന്റെ മകളെ പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ഡാമുകള്‍ തുറക്കുന്ന സമയത്ത് അതീവ ജാഗ്രത വേണം; പ്രയാസങ്ങള്‍ നേരിട്ടറിയിക്കാമെന്ന് റവന്യുമന്ത്രി

സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി എല്ലാ സംവിധാനങ്ങളും തയ്യാറെന്ന് റവന്യുമന്ത്രി കെ രാജന്‍. ആറ് ജില്ലകളില്‍ സന്ദര്‍ശനം നടത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുണ്ട്. പല ആളുകളും മാറിത്താമസിക്കാന്‍ തയാറാകുന്നില്ല. പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളുടെ ഈ മനോഭാവം മാറണമെന്നും റവന്യുമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു

ചാലക്കുടി പുഴയില്‍ ജലനിരപ്പുകുറഞ്ഞു; കുട്ടനാട്ടില്‍ ജലനിരപ്പുയര്‍ന്നു

ചാലക്കുടി പുഴയില്‍ ജലനിരപ്പുകുറഞ്ഞു. രാത്രി മഴ വലിയ മഴയില്ലാത്തതാണ് ജലനിരപ്പ് താഴാന്‍ കാരണമായത്. നിലവില്‍ 4.32 മീറ്ററാണ് ജലനിരപ്പ്. 7.1മീറ്ററായാല്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കും. 8.1 മീറ്ററാണ് അപകടകരമായ ജലനിരപ്പ്.

പമ്പ, ഇടമലയാര്‍ ഡാമുകള്‍ തുറന്നു

പമ്പ, ഇടമലയാര്‍ ഡാമുകള്‍ തുറന്നു. രാവിലെ അഞ്ചുമണിയോടെയാണ് പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്നത്. പുറത്തേക്ക് ഒഴുക്കുന്ന ജലം ആറുമണിക്കൂര്‍ കൊണ്ട് പമ്പ ത്രിവേണിയില്‍ എത്തും. പമ്പയില്‍ ജലവനിരപ്പ് ഉയാരാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയില്‍ മറ്റന്നാള്‍ വരെ ഭക്തര്‍ക്ക് ദര്‍ശനാനുമതിയില്ല.

Story Highlights : todays headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here