Advertisement

നടുവിന് ബെൽറ്റ്, കടുത്ത വേദനയെ നേരിടാൻ കുത്തിവെപ്പും മരുന്നും; തളരാതെ പൊരുതുന്ന തേജസ്വിയിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ സഖ്യം

May 23, 2024
Google News 2 minutes Read
Tejashwi Yadav

നാന്നൂറ് സീറ്റ് ലക്ഷ്യം വെച്ച് മൂന്നാം വട്ടം പോരാട്ടത്തിനിറങ്ങുന്ന ബി.ജെ.പിക്ക് മുന്നിൽ ഒന്നിച്ചൊന്നായി അണിനിരന്ന പ്രതിപക്ഷത്തെ ഇന്ത്യ സഖ്യത്തിന് ഇതൊരു ജീവൻമരണ പോരാട്ടമാണ്. അത് പ്രതിപക്ഷ നിരയിൽ മറ്റേതൊരു നേതാവിനേക്കാളുമേറെ മനസിലാക്കുകയും അവിശ്രമം തെരഞ്ഞെടുപ്പ് രംഗത്ത് പൊരുതുകയും ചെയ്യുകയാണ് തേജസ്വി യാദവ്. പ്രതിപക്ഷ ഐക്യനിരയെ ബിഹാറിൽ തൻ്റെ തോളിലേറ്റിയാണ് ഈ യുവനായകൻ്റെ പോരാട്ടം. നട്ടെല്ലിലെ തകരാർ മൂലമുള്ള കടുത്ത നടുവേദനയിലും പ്രചാരണത്തിൽ നിന്ന് ഒരു ചുവട് പോലും പിന്നോട്ട് പോയിട്ടില്ല അദ്ദേഹം. ഡോക്ടർമാർ നിർദ്ദേശിച്ച പൂർണ വിശ്രമം ചെവിക്കൊള്ളാതെ ഇന്ത്യ മുന്നണിയുടെ മുഴുവൻ പ്രതീക്ഷയും തന്റെ ഇരുചുമലുകളിലും വഹിച്ച് എൻഡിഎയുടെ താരപ്പൊലിമയോട് പൊരുതുകയാണ് ഈ 34കാരൻ.

സംസ്ഥാനം ഭരിക്കുന്ന നിതീഷ് കുമാറെന്ന പരിചയ സമ്പന്നനായ രാഷ്ട്രീയ തന്ത്രജ്ഞനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇരുവരും നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിനും ചെറിയ വെല്ലുവിളിയല്ല തേജസ്വി യാദവ് തീർക്കുന്നത്. സംസ്ഥാനത്തെ ആകെയുള്ള 40 ലോക്സഭാ സീറ്റിൽ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന ഇന്ത്യ സഖ്യത്തിൻ്റെ പ്രതീക്ഷകൾ അത്രയും തേജസ്വിയിലാണ്. 2019 ൽ 39 സീറ്റിലും എൻഡിഎ സഖ്യം ജയിച്ച സംസ്ഥാനത്ത് ഇക്കുറി വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പ്രതീക്ഷിക്കുന്നത്.

ഏഴ് ഘട്ടത്തിലും വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് ബിഹാർ. ഇവിടെ രണ്ടാം ഘട്ട വോട്ടെടുപ്പിൻ്റെ പ്രചാരണത്തിനിടയിലാണ് പ്രതിപക്ഷ സഖ്യത്തിൻ്റെ താരമുഖം തേജസ്വിക്ക് നടുവേദന ആരംഭിച്ചത്. മെയ് മൂന്നിന് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തിയ അദ്ദേഹത്തിന് നടക്കാൻ കഴിയുന്നില്ലായിരുന്നു. പരസഹായത്തോടെ വേച്ചുവേച്ചാണ് അദ്ദേഹം വേദിയിലെത്തിയത്. തൊട്ടുപിന്നാലെ തന്നെ പരമാവധി വിശ്രമിക്കുകയെന്ന വൈദ്യശാസനയുമെത്തി. എന്നാൽ വിശ്രമിക്കാനുള്ള സമയമല്ല ഇതെന്ന വ്യക്തമായ ബോധ്യം തേജസ്വിക്ക് ഉണ്ടായിരുന്നു.

Read Also: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തേതുപോലെ ഒരു തരംഗം ഡല്‍ഹിയിലുണ്ട്, എന്റെ അറസ്റ്റ് ബിജെപിയ്ക്ക് വലിയ തിരിച്ചടിയായി: അരവിന്ദ് കെജ്‌രിവാള്‍

അതിന് ശേഷം ഏതാണ് 20 ഓളം ദിവസങ്ങൾ പിന്നിടുമ്പോൾ തേജസ്വി ഇതുവരെ 180 ലധികം പൊതുയോഗങ്ങളിൽ സംസാരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും ദില്ലിയിലും അദ്ദേഹം പ്രചാരണത്തിന് പോയി. പ്രതിപക്ഷത്തെ പ്രധാന മുഖമായ രാഹുൽ ഗാന്ധി പോലും ബിഹാറിൽ ഒരൊറ്റ റാലിയാണ് നടത്തിയത് എന്നിരിക്കെയാണ് അവിശ്രമം തേജസ്വി പ്രചാരണം നടത്തുന്നത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ സംസ്ഥാനത്ത് രണ്ട് വട്ടമാണ് പ്രചാരണത്തിന് വന്നുപോയത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് ഇതുവരെ 13 റാലികൾ നടത്തി. കേന്ദ്ര മന്ത്രി അമിത് ഷാ ആറോളം റാലി നടത്തി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും നാല് വീതം പൊതുയോഗങ്ങളും സംസ്ഥാനത്ത് നടത്തി. ഇതുവരെ 50 ഓളം പൊതുയോഗങ്ങളിൽ സംസാരിച്ച മുഖ്യമന്ത്രി നിതീഷ് കുമാറാണ് എൻഡിഎ നിരയിൽ ഏറ്റവുമധികം പരിപാടികളിൽ പങ്കെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്രമിക്കാൻ വിട്ട ശേഷമേ താൻ വിശ്രമിക്കൂവെന്നാണ് പൊതുയോഗങ്ങളിൽ തേജസ്വി പറയുന്നത്. എന്നാൽ വ്യക്തി അധിക്ഷേപങ്ങളിലേക്കൊന്നും ഊന്നൽ പതിപ്പിക്കാതെ വിഷയ കേന്ദ്രീകൃതമായാണ് ബിഹാറിലെ ഇന്ത്യ സഖ്യത്തിൻ്റെ പ്രചാരണം. സംസ്ഥാനത്തെ തൊഴിലില്ലായ്മയും 2020 ൽ മഹാസഖ്യ സർക്കാർ സംസ്ഥാനത്ത് അധികാരത്തിലെത്തിയപ്പോൾ 10 ലക്ഷം തൊഴിൽ വാഗ്ദാനം ചെയ്തതും എന്നാൽ ബിജെപി-ജെഡിയു അവിശുദ്ധ സഖ്യം സർക്കാരിനെ മറിച്ചിട്ട് വാഗ്ദാനം നടപ്പാക്കുന്നതിൽ നിന്ന് തടഞ്ഞതുമെല്ലാം തേജസ്വി ഉന്നയിക്കുന്നുണ്ട്.

നാലാം ഘട്ട വോട്ടെടുപ്പായപ്പോഴേക്കും തേജസ്വി രാഷ്ട്രീയ വിഷയങ്ങളുടെ ഫോക്കസ് മാറ്റി. കോൺഗ്രസ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ ഇന്ത്യ സഖ്യത്തിൻ്റെ ഉറപ്പായി തേജസ്വി രാഷ്ട്രീയ വേദികളിൽ ഉന്നയിച്ചു. 10 കിലോ സൗജന്യ റേഷൻ, സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ, വർഷം ഒരു കോടി തൊഴിൽ, എൽപിജി സിലിണ്ടറിൻ്റെ വില കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങൾ എണ്ണിപ്പറഞ്ഞാണ് അദ്ദേഹം വോട്ട് തേടുന്നത്. എൻഡിഎ അധികാരത്തിലെത്തിയാൽ ഭരണഘടന അട്ടിമറിക്കുമെന്നും സംവരണവും സമത്വവും അതോടൊപ്പം അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം വാദിക്കുന്നു.

ഈ പ്രചാരണ വേദികളിലെല്ലാം അദ്ദേഹം നടന്നെത്തുന്നത് കടുത്ത നടുവേദനയെ മറികടന്നാണ് ആർജെഡി നേതാക്കൾ പറയുന്നു. തുടക്കത്തിൽ വേദനസംഹാരികൾ കഴിച്ചാൽ കുറയുമെന്ന് കരുതിയ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാതെ വന്നതോടെയാണ് മെയ് ആറിന് തേജസ്വി ഡോക്ടറെ കണ്ടത്. നട്ടെല്ലിൽ സാരമായ തകരാർ ഉണ്ടെന്നാണ് എംആർഐ റിപ്പോർട്ട് വ്യക്തമാക്കിയത്. നടുവിന് ബെൽറ്റ് ധരിക്കാനും പരമാവധി വിശ്രമിക്കാനുമാണ് ഡോക്ടർമാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.

Read Also: കേരളം പ്രതീക്ഷയുടെ പട്ടികയിൽ, ചുവന്ന ഇടനാഴികള്‍ കാവിയാകും; പ്രധാനമന്ത്രി

എന്നാൽ മെയ് 8 ന് ഉജൈർപുർ ലോക്സഭാ മണ്ഡലത്തിലെ പ്രചാരണത്തിൽ ഈ ബെൽറ്റ് ഉയർത്തിക്കാട്ടിയ തേജസ്വി തനിക്ക് സഹിക്കാനാവാത്ത വേദനയുണ്ടെന്നും എങ്കിലും മരുന്നും കുത്തിവെപ്പുകളുമെടുത്ത് താൻ ഇവിടെ തന്നെയുണ്ടാകുമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് അഞ്ച് കൊല്ലത്തിലൊരിക്കൽ വന്നുപോകുമെന്നും താനിപ്പോൾ പോരാട്ടത്തിന് ഇറങ്ങിയില്ലെങ്കിൽ ജനം ദാരിദ്ര്യത്തിലും വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും പൊറുതിമുട്ടി അഞ്ച് വർഷം കൂടെ കഴിയേണ്ടി വരുമെന്നും അദ്ദേഹം പ്രസംഗിച്ചു. രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നത് വരെ വിശ്രമിക്കില്ലെന്ന ഉറപ്പും അദ്ദേഹം നൽകി.

ശരീരത്തിന് വേദനയുണ്ടെങ്കിലും തൻ്റെ പ്രധാന പരിഗണന ജനങ്ങളുടെ പ്രയാസങ്ങൾക്കാണെന്നാണ് ദി ഇന്ത്യൻ എക്‌പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. തേജസ്വിയെ മാത്രം മുൻനിർത്തിയുള്ള ഇന്ത്യ സഖ്യത്തിൻ്റെ ബിഹാറിലെ പോരാട്ടത്തെ പരിഹസിക്കുകയാണ് മറുവശത്ത് ജേഡിയു നേതൃത്വം. രാഹുൽ ഗാന്ധി രാജ്യമാകെ പ്രചാരണ തിരക്കിലാണെന്നാണ് ഇതിന് കോൺഗ്രസ് നൽകുന്ന മറുപടി. തേജസ്വി എത്ര തന്നെ കഷ്ടപ്പെട്ടാലും ബിഹാറിലെ ജനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

മറുവശത്ത് മോദി, അമിത് ഷാ, രാജ്‌നാഥ് സിങ്, ജെപി നദ്ദ, ഹിമന്ത ബിശ്വ ശർമ്മ, യോഗി, മോഹൻ യാദവ്, സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിമാരായ സമ്രത് ചൗധരി, വിദയ് കുമാർ സിൻഹ, സംസ്ഥാനത്തെ മറ്റ് മന്ത്രിമാർ തുടങ്ങി വലിയൊരു പട തന്നെ പ്രചാരണത്തിനുണ്ട്. എൻഡിഎയുടെ താരക്കൊഴുപ്പിനോടും മണി പവറിനോടും സ്വന്തം ശരീരത്തോട് തന്നെയും പടവെട്ടി ഇന്ത്യ സഖ്യത്തെ ബിഹാറിൽ വിജയതീരത്ത് എത്തിക്കാൻ തേജസ്വിക്ക് സാധിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

Story Highlights : On painkillers Tejashwi carries the weight of INDIA’s Bihar campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here