ഇന്നത്തെ പ്രധാന വാർത്തകൾ (21-10-2021)
സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം കനത്ത മഴയെന്ന് മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ( oct 21 top news )
സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകി. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ലഹരി കേസ്; ഷാരൂഖ് ഖാന്റെ വീട്ടിൽ റെയ്‌ഡ്
നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ റെയ്‌ഡ്. മുംബൈ ബാന്ദ്രയിലെ വീട്ടിൽ എൻ സി ബിയാണ് റെയ്‌ഡ് നടത്തുന്നത്. ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ വീട്ടിലും എൻ സി ബി റെയ്‌ഡ് നടത്തുകയാണ്. ഉച്ചയ്ക്ക് 2 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാൻ അനന്യ പാണ്ഡെയ്ക്ക് നോട്ടീസ് നൽകി. മകൻ ആര്യൻ ഖാൻ അറസ്റ്റിലായ ലഹരി കേസിലാണ് റെയ്‌ഡ്.
മോൻസൺ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ്; അനിത പുല്ലയിലിന്റെ മൊഴിയെടുത്തു
മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി. വിഡിയോ കോൺഫറൻസിംഗ് വഴിയാണ് അനിത പുല്ലയിലിന്റെ മൊഴിയെടുത്തത്. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളിൽ അനിത പുല്ലയിലിനോട് ക്രൈംബ്രാഞ്ച് വിവരം തേടി.
ചരിത്രം കുറിച്ച് ഇന്ത്യ; വാക്സിനേഷൻ നൂറു കോടി പിന്നിട്ടു
രാജ്യത്ത് വാക്സിനേഷൻ 100 കോടി പിന്നിട്ടു. ചരിത്രനേട്ടം നേടിയത് 279 ദിവസം കൊണ്ടാണ്. ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർ എം എൽ ആശുപത്രിയിലെത്തി. വാക്സിനേഷന്‍ നൂറു കോടി കടക്കുന്നതിന്‍റെ ഭാഗമായി നിരവധി പരിപാടികള്‍ കേന്ദ്രം ആസൂത്രണം ചെയ്തിട്ടുണ്ട്.
മഴക്കെടുതി; ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 52 ആയി
മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 52 ആയി. പതിനേഴു പേരെ ഇനിയും കണ്ടെത്താനുണ്ട്. ഡാർജിലിംഗ് മേഖലയിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർ ടോർഷ നദിയിൽ ഒഴുകിപോയി.
Story Highlights : oct 21 top news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here