എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി വ്യാജം; നിയമപരമായി നേരിടുമെന്ന് ആരോപണവിധേയനായ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്

എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി വ്യാജമെന്ന് ആരോപണവിധേയനായ എസ്എഫ്‌ഐ എണറാകുളം ജില്ലാ പ്രസിഡന്റ് ആർഷോ. സംഘർഷം നടന്നു എന്നത് സത്യമാണ്. എന്നാൽ എഐഎസ്എഫ് വനിതാ നേതാവിനെതിരെ അതിക്രമം ഉണ്ടായിട്ടില്ല. കേസിനെ നിയമപരമായി നേരിടുമെന്നും ആർഷോ ട്വന്റിഫോറിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ കള്ള ഐഡികാർഡുമായി വന്നവരെ തടഞ്ഞതിനെ തുടർന്നാണ് പ്രശ്‌നം ഉടലെടുത്തതെന്ന് ആർഷോ പറഞ്ഞു. സംഘർഷം ഉണ്ടായി എന്നത് സത്യമാണ്. എന്നാൽ അത് ആരോപണം ഉന്നയിച്ച വനിതാ നേതാവുമായി ആയിരുന്നില്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ബലാത്സംഗത്തിനെതിരായ നിയമങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും ആർഷോ വ്യക്തമാക്കി.
എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ഇന്നലെയാണ് സംഭവം നടന്നത്. സെനറ്റ് തെരഞ്ഞെടുപ്പിനിടെ സർവകലാശാലയിലുണ്ടായ സംഘർഷത്തിനിടെ ലൈംഗിക അതിക്രമം നടന്നു എന്ന ഗുരുതരമായ ആരോപണമാണ് എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിലുള്ളത്. എസ്എഫ്‌ഐ നേതാക്കൾ മാറിടത്തിൽ പിടിച്ച് അപമാനിച്ചു എന്നും ആരോപണമുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ഗാന്ധിനഗർ പൊലീസ് യുവതിയുടെ മൊഴി എടുത്തു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും വനിതാ നേതാവ് മൊഴി നൽകി. വിദ്യാഭ്യാസമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗം കെ അരുണിന് പുറമേ പ്രജിത്, അമൽ, ആർഷോ എന്നിവരും അക്രമത്തിന് നേതൃത്വം നൽകിയെന്നും എഐഎസ്എഫ് നേതാവ് മൊഴി നൽകിയിരുന്നു.
Story Highlights : arsho reaction mg university clash