സിപിഐയുടെ അടിമത്വം ലജ്ജാകരം; കെ സുധാകരന്‍ എംപി

എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് വിഷയത്തിൽ സി.പി.ഐയുടെ അടിമത്വം ലജ്ജാകരമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. എ.ഐ.എസ്.എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടി ചോദ്യം ചെയ്യാന്‍ തന്റേടം കാണിക്കാത്ത അടിമത്വത്തിന്റെ ഉടമകളായി സിപിഐ മാറി. മുന്നണിയിലെ തിരുത്തല്‍ ശക്തിയായിരുന്ന സിപിഐ, കേരള കോണ്‍ഗ്രസിന്റെ വരവോടെ ആട്ടും തുപ്പും ഏറ്റുവാങ്ങുന്ന നാണംകെട്ട പ്രസ്ഥാനമായി അധഃപതിച്ചു.
കാനം രാജേന്ദ്രന്‍ പിണറായി വിജയന്റെ നിഴലായി മാറിയെന്നും സുധാകരന്‍ പരിഹസിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രതിഷേധം രേഖപ്പെടുത്താൻ പോലും സിപിഐ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ല. സിപിഎമ്മിന്റെ സ്ത്രീ സംരക്ഷണ വാദം വെറും തട്ടിപ്പാണെന്നും കാലത്തിനനുസരിച്ച് കെട്ടുന്ന കോലം മാത്രമാണതെന്നും കേരളീയ സമൂഹത്തിന് വ്യക്തമായി.
വാളയാറിലും പാലത്തായിലും തിരുവനന്തപുരത്ത് ചോരക്കുഞ്ഞിനായി പോരാട്ടം നടത്തുന്ന അമ്മയുടെ കാര്യത്തിലായാലും സിപിഎം ഇരയോടൊപ്പമായിരുന്നില്ല. എത്രനാള്‍ സിപിഐയ്ക്ക് ഇങ്ങനെ ദാസ്യവേല ചെയ്ത് സിപിഎമ്മിനൊപ്പം നില്‍ക്കാന്‍ സാധിക്കുമെന്നത് കാലം തെളിയിക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here