Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ

October 23, 2021
Google News 1 minute Read

ഇന്ധന വില വീണ്ടും കൂട്ടി

സംസ്ഥാനത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്.

കൊച്ചിയിൽ ഡീസലിൽ ലിറ്ററിന് 101.32 രൂപയും പെട്രോളിന് 107.55 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോൾ വില 107.72 രൂപയിലെത്തി. 101.48 രൂപയാണ് ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോളിന് 109.17 രൂപയും ഡീസലിന് 103.15 രൂപയുമായി.

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. തമിഴ്നാട് തീരത്ത് രൂപം കൊണ്ട ചക്രവാത ചുഴി ഇപ്പോഴും തുടരുകയാണ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസ്; പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി

മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. മോൻസൺ താമസിച്ച വീടുകളിൽ നിന്ന് തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചു. മോൻസന്റെയും കൂട്ടാളികളുടെയും പങ്കുകൾ എല്ലാം പെൺകുട്ടി അന്വേഷണസംഘത്തിനു മുന്നിൽ വിശദീകരിച്ചു.

മോൻസൺ തന്റെ വീട്ടിൽ നടത്തുന്ന തിരുമൽ കേന്ദ്രത്തിലും മോൻസൺ വാടകയ്ക്ക് എടുത്ത വീട്ടിലുമാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇവിടങ്ങളിൽ നിന്ന് തെളിവുകളും ചില തൊണ്ടി മുതലുകളും അന്വേഷണസംഘം ശേഖരിച്ചു. കേസിൽ മോൻസന്റെ ജീവനക്കാരും പ്രതികളാവും. രണ്ടു ദിവസമെടുത്താണ് ക്രൈംബ്രാഞ്ച് സംഘം പെൺകുട്ടിയുടെ മൊഴിയെടുത്തത്.

വിദ്യാർത്ഥി നേതാവിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു; എഐഎസ്എഫ് പ്രവർത്തകർക്കെതിരെ മറുപരാതിയുമായി എസ്എഫ്ഐ

എസ്എഫ്ഐ നേതാക്കൾക്കെതിരായ എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ അന്വേഷണച്ചുമതല കോട്ടയം ഡിവൈഎസ്പിക്ക്. ഇതിനിടെ എഐഎസ്എഫ് പ്രവർത്തകർക്കെതിരെ എസ്എഫ്ഐയും പരാതി നൽകി. സംഘർഷത്തിനിടെ എസ്എഫ്ഐ വിദ്യാർത്ഥി നേതാവിനെ എഐഎസ്എഫ് അപമാനിച്ചു എന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നുമാണ് പരാതി.

രാ​ജ്യ​ത്ത് 16,326 പേ​ർ​ക്ക് കൂ​ടി കൊവി​ഡ് സ്ഥിരീകരിച്ചു ​​​​​​​

കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 16,326 പേ​ർ​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത് .കൂടാതെ 666 കൊവി​ഡ് മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.രാ​ജ്യ​ത്ത് 1,73,728 പേ​രാ​ണ് നി​ല​വി​ൽ കൊ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്.

അപകടത്തിൽ പെട്ട മൽസ്യ തൊഴിലാളികളെ തീര സംരക്ഷണ സേന രക്ഷിച്ചു

മത്സ്യബന്ധന ബോട്ടും ചരക്കു കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ തീര സംരക്ഷണ സേന രക്ഷപ്പെടുത്തി. കുളച്ചലിൽ നിന്നുള്ള രണ്ട് തൊഴിലാളികളെയാണ് സേന രക്ഷപ്പെടുത്തിയത്. ഇന്നലെ അർദ്ധ രാത്രിയാണ് സിജുമോൻ എന്ന ബോട്ടും നേവിയസ് വീനസ് എന്ന ചരക്കു കപ്പലും കൂട്ടിയിടിച്ചത്.

തീയറ്റർ മറ്റന്നാൾ തുറക്കും; പ്രദർശനം ആഴ്ചയിൽ മൂന്ന് ദിവസം; ആദ്യ മലയാളം റിലീസ് 12ന്

തിങ്കളാഴ്ച തീയറ്റർ തുറക്കും. ആഴ്ചയിൽ മൂന്ന് ദിവസമാകും പ്രദർശനമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് അറിയിച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രദർശനം.

ആദ്യം റിലീസ് ചെയ്യുക അന്യഭാഷ ചിത്രങ്ങളായിരിക്കും. ആദ്യ മലയാളം റിലീസ് നവംബർ 12 നാണ്. ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തിലെത്തുന്ന കുറുപ്പ് ആണ് നവംബർ 12ന് റിലീസ് ആവുക. ഇതിന് ശേഷം സുരേഷ് ഗോപി ചിത്രമായ കാവൽ റിലീസിനെത്തും.

ദത്ത് വിവാദം; ഇടപെടൽ നടത്തിയ സർക്കാരിന് നന്ദി: അനുപമ നിരാഹാരസമരം അവസാനിപ്പിച്ചു

കുഞ്ഞിനെ കണ്ടെത്താൻ അധികാരികളുടെ ഇടപെടൽ ആശ്യപ്പെട്ട് അനുപമ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാര സമരം അവസാനിപ്പിക്കുന്നുവെന്നും ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയ സർക്കാരിന് നന്ദിയെന്നും അനുപമ പ്രതികരിച്ചു. പൊലീസിനും സി.ഡബ്ല്യു.സിക്കെതിരെ നടപടി എടുക്കണം. കോടതിയിൽ നിയമ പോരാട്ടം തുടരുമെന്നും അഭിഭാഷകനുമായി ആലോചിച്ച ശേഷം ഹേബിയസ് കോർപസിൽ തീരുമാനമെന്നും അനുപമ വ്യക്തമാക്കി. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലാണ് അനുപമയുടെ നിരാഹാര സമരം നടത്തിയത്.

സംസ്ഥാനത്ത് ഇന്ന് 8909 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 8909 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 65 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 8780 പേർ രോഗമുക്തി നേടി.

എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂർ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂർ 410, പാലക്കാട് 397, ആലപ്പുഴ 388, വയനാട് 270, കാസർഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights : Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here