മോൻസൺ മാവുങ്കലിന്റെ പേഴ്‌സണൽ മേക്കപ്പ് മാൻ അറസ്റ്റിൽ; ക്രൈംബ്രാഞ്ച് നടപടി പോക്സോ കേസിൽ

മോൻസൺ മാവുങ്കലിന്റെ പേഴ്‌സണൽ മേക്കപ്പ് മാൻ ജോഷി അറസ്റ്റിൽ. മോൻസണിനൊപ്പം മേക്കപ്പ് മാനും പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി ലഭിച്ചിരുന്നു. ഇന്ന് രാവിലെ ജോഷിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ നാളെ എറണാകുളം പോക്സോ കോടതിയിൽ ഹാജരാക്കും.
തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പരാതി നൽകിയിരുന്നത്. പരാതിയിൽ മോൻസൺ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിൽ ഫോറൻസിക് പരിശോധന നടത്തിയിരുന്നു . പരാതിക്കാരിയെ മോൻസൺ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിലും വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു
അതിനിടെ മോൻസൺ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ലുകൾ പിടികൂടി. വനം വകുപ്പാണ് വാഴക്കാലയിലെ വീട്ടിൽ നിന്നും ഇവ പിടിച്ചത്. കലൂരിലെ വീട്ടിൽ നിന്നും റെയ്ഡിന് തൊട്ടു മുൻപ് ഇവ മാറ്റിയിരുന്നു. ക്രൈംബ്രാഞ്ച് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പരിശോധന നടത്തിയത്.
Read Also : മോൻസണിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റേത് എന്ന് സംശയിക്കുന്ന എല്ലുകൾ പിടികൂടി
അതേസമയം, മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട ഒളിക്യാമറാ വിവാദം അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച്. പീഡനത്തിനിരയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോൻസന്റെ സാമ്പത്തിക ഇടപാടുകൾ, ഉന്നത ബന്ധങ്ങൾ എന്നിവയിൽ ഇയാളുടെ മുൻ മാനേജർ ജിഷ്ണുവിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.പോക്‌സോ കേസിലെ പരാതിക്കാരിയാണ് മോൻസന്റെ തിരുമ്മൽ കേന്ദ്രത്തിലെ ഒളിക്യാമറകളെ പറ്റി ക്രൈംബ്രാഞ്ചിന് വിവരം കൈമാറിയത്. ഒളിക്യാമറകൾ മോൻസൻ മൊബൈൽ വഴിയാണ് നിയന്ത്രിച്ചിരുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ക്യാമറകളിലെ ഉള്ളടക്കം ക്രൈംബ്രാഞ്ച് പരിശോധിക്കും. ഉന്നതരെ സംബന്ധിച്ച തെളിവുകൾ ക്യാമറയിൽ ഉണ്ടായിരുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.
Story Highlights : Monson mavunkal’s makeup man arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here