Advertisement

ഷമിയെ പിന്തുണച്ച് പാകിസ്താൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ

October 26, 2021
Google News 2 minutes Read
Mohammad Rizwan Mohammad Shami

പാകിസ്താനെതിരായ ഇന്ത്യയുടെ ലോകകപ്പ് തോൽവിക്ക് പിന്നാലെ സൈബർ ആക്രമണം നേരിട്ട ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് റിസ്‌വാൻ ഷമിയെ പിന്തുണച്ച് രംഗത്തെത്തിയത്. (Mohammad Rizwan Mohammad Shami)

‘തൻ്റെ രാജ്യത്തിനും ആളുകൾക്കുമായി ഒരു താരം കടന്നുപോകുന്ന ബുദ്ധിമുട്ടുകളും പരിത്യാഗങ്ങളും അളക്കാൻ കഴിയാത്തതാണ്. മുഹമ്മദ് ഷമി ഒരു താരമാണ്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. നിങ്ങളുടെ താരങ്ങളെ ബഹുമാനിക്കൂ. ഈ കളി ആളുകളെ ഒന്നിക്കാനുള്ളതാണ്. വേർപെടുത്താനുള്ളതല്ല.’- റിസ്‌വാൻ കുറിച്ചു.

മുൻ താരങ്ങളായ ഇർഫാൻ പത്താൻ, യൂസുഫ് പത്താൻ, സച്ചിൻ തെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, വിവിഎസ് ലക്ഷ്മൺ, വെങ്കിടേഷ് പ്രസാദ്, മുഹമ്മദ് അസ്‌ഹറുദ്ദീൻ, ഹർഭജൻ സിംഗ് എന്നിവരും നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന യുസ്‌വേന്ദ്ര ചഹാലും ഷമിക്ക് പിന്തുണയർപ്പിച്ച് രംഗത്തെത്തി. ഇവർക്കൊപ്പം ബാഡ്മിൻ്റൺ താരം ജ്വാല ഗുട്ട, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കമൻ്റേറ്ററും ക്രിക്കറ്റ് നിരീക്ഷകനുമായ ഹർഷ ഭോഗ്‌ലെ എന്നിവരും ഷമിക്ക് പിന്തുണയർപ്പിച്ചു.

Read Also : സൈബർ അധിക്ഷേപം; ഷമിക്ക് പിന്തുണയുമായി കൂടുതൽ താരങ്ങൾ

പാകിസ്താനോട് ഇന്ത്യ 10 വിക്കറ്റിൻ്റെ ദയനീയ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് ഷമിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം തുടങ്ങിയത്. ഷമിയാണ് ഇന്ത്യയെ തോല്പിച്ചതെന്നും അദ്ദേഹം പാകിസ്താൻ ചാരനാണെന്നും പാകിസ്താനിലേക്ക് പോകൂ എന്നുമൊക്കെ ആളുകൾ കമൻ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് ഷമിക്ക് പിന്തുണയുമായി പലരും രംഗത്തെത്തിയത്.

മത്സരത്തിൽ ഇന്ത്യയെ10 വിക്കറ്റിനാണ് പാകിസ്താൻ തോല്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സർവാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ നേടിയ 152 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താൻ മറികടന്നത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഹമ്മദ് റിസ്‌വാനുമാണ് പാക് വിജയം അനായാസമാക്കിയത്. ഇരുവരും ഫിഫ്റ്റിയടിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ലോകകപ്പിൽ പാകിസ്താനോട് പരാജയപ്പെട്ടത്. പാകിസ്താന് വേണ്ടി ബൗളിങ്ങിൽ ഷഹീൻ അഫ്രിദി 3 വിക്കറ്റ് നേടി തിളങ്ങി. ഷഹീൻ അഫ്രീദി തന്നെയാണ് കളിയിലെ താരവും.

Story Highlights : Mohammad Rizwan supports Mohammad Shami

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here