Advertisement

മുല്ലപ്പെരിയാർ ഡാം തുറക്കൽ; ആളുകളെ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചു

October 28, 2021
Google News 2 minutes Read
mullaperiyar dam opening update

മുല്ലപ്പെരിയാർ ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിൻ്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചു. 883 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുക. നിലവിൽ ആളുകൾ ക്യാമ്പിലേക്ക് എത്തിത്തുടങ്ങിയിട്ടില്ല. ബന്ധുവീടുകളിലേക്കാണ് പലരും മാറുന്നത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 138.15 അടിയായി. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. (mullaperiyar dam opening update)

അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രിംകോടതിയിൽ നിലപാടറിയിച്ച് കേരളം. കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും 30 ലക്ഷം ജനങ്ങളുടെ ജീവന്റെ വിഷയത്തിലുള്ള ആശങ്കയ്ക്ക് പ്രാധാന്യം നൽകണമെന്നും കേരളം സുപ്രിംകോടതിയിൽ വ്യക്തമാക്കി. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും. തമിഴ്‌നാടിന്റെ റൂൾ കർവ് സ്വീകാര്യമല്ല. ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകൾ മേൽനോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചു. നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ട് നിർമ്മിക്കുകയാണ് യുക്തമായ നടപടിയെന്നും കേരളം സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കി.

Read Also : മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മിഷൻ ചെയ്യണം: സുപ്രിംകോടതിയിൽ നിലപാടറിയിച്ച് കേരളം

കഴിഞ്ഞ ദിവസം സുപ്രിംകോടതി നിർദേശപ്രകാരം മേൽനോട്ട സമിതി വിളിച്ച കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുടെ യോഗത്തിൽ കേരളം ആശങ്കകൾ അറിയിച്ചിരുന്നു. യോഗത്തിൽ കേരളത്തിന്റെ 137 അടിയാക്കി ജലനിരപ്പ് കുറയ്ക്കുക എന്ന ആവശ്യത്തോട് അനുകൂല നിലപാടായിരുന്നു മേൽനോട്ട സമിതി സ്വീകരിച്ചത്. എന്നാൽ പിന്നീട് സുപ്രിംകോടതിയിൽ എത്തിയപ്പോൾ വിപരീത നിലപാടാണ് മേൽനോട്ട സമിതി സ്വീകരിച്ചത്. ഇതിനെ എതിർത്ത കേരളത്തോട് ഇന്ന് നിലപാട് അറിയിക്കാൻ സുപ്രിം കോടതി നിർദേശം നൽകിയിരുന്നു.

ഇതിനിടെ മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജനങ്ങൾക്ക് ആശങ്ക വേണ്ട. 20ഓളം ക്യാമ്പുകൾ തയാറാക്കിയിട്ടുണ്ട്. രോഗബാധിതരെയും പ്രായമായവരെയും ആദ്യം മാറ്റും. 20 റവന്യു ഉദ്യോഗസ്ഥർക്ക് 20 ക്യാമ്പിൻ്റെ ചുമതല നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥ തലത്തിൽ പ്രത്യേക ചുമതല നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു . ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടികൾ ആരംഭിച്ചു. ഉദ്യോഗസ്ഥരും തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. വെള്ളം ഒഴുകിപ്പോകാനുള്ള തടസങ്ങൾ നീക്കിയിട്ടുണ്ട്. തമിഴ്നാടിൻ്റെ തീരുമാനം സ്വാഗതാർഹമാണ്. പെരിയാർ തീരത്തുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തും. വാഹനങ്ങളും മണ്ണുമാന്തി യന്ത്രങ്ങളും സജ്ജമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

Story Highlights : mullaperiyar dam opening update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here