മുൻനിശ്ചയിച്ച പ്രകാരം മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും; ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

മുൻനിശ്ചയിച്ച പ്രകാരം മുല്ലപ്പെരിയാർ ഡാം നാളെ തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിലെ വെള്ളം ഒഴുക്കിവിടാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. പ്രായമായവരെയും രോഗികളെയും സംരക്ഷിക്കേണ്ടതുണ്ട്, ഷട്ടർ എത്ര ഉയർത്തുമെന്ന് തമിഴ്നാട് ഇതുവരെ അറിയിച്ചിട്ടില്ല. നവംബർ 11 വരെയുള്ള കാര്യങ്ങൾ കോടതിയെ അറിയിക്കാൻ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വെള്ളം സംഭരിക്കാൻ ആവശ്യമായ സ്ഥലം ഇടുക്കി ഡാമിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതി നിർദേശം മുല്ലപ്പെരിയാർ ഡാം നാളെ തുറന്നു വിടുന്നതിൽ മാറ്റം ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ നിശ്ചയപ്രകാരം തന്നെ നാളെ ഏഴു മണിക്ക് ഡാം തുറന്ന് ജലനിരപ്പ് കുറക്കും. 139.5 എന്ന റൂൾ കർവ് നവംബർ ഒന്നു മുതൽ ആണ് പ്രാബല്യത്തിൽ വരിക. നിലവിൽ 138 അടിതന്നെയാണ് തമിഴ്‌നാട് മുന്നോട്ടു വച്ചിരിക്കുന്ന റൂൾ കർവ്.
Read Also : നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….
റൂൾ കർവ് വിഷയത്തിൽ കേരളം മുന്നോട്ടു വച്ച ആശങ്കകളിൽ വിശദമായ വാദം കേൾക്കാം എന്ന സുപ്രീം കോടതിയുടെ തീരുമാനം പ്രതീക്ഷ നൽകുന്നതാണ്. പുതിയ ഡാം എന്ന നിലപാടിൽ ഉറച്ചു നിന്നുകൊണ്ടാകും കേരളം വാദമുഖങ്ങൾ അവതരിപ്പിക്കുക. ഇക്കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ജലവിഭവ വകുപ്പ് വ്യക്തമാക്കി.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139.5 അടിയായി നിലനിർത്തണമെന്ന് സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടിരുന്നു. മേൽനോട്ടസമിതിയുടെ തീരുമാനം അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ്. നവംബർ 10 വരെ ഈ ജലനിരപ്പ് തുടരണമെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു.മുല്ലപെരിയാർ ഡാമിലെ റൂൾകർവിനെ കുറിച്ച് കേരളം ഉന്നയിച്ച കാര്യങ്ങളിൽ വിശദമായ വാദം കേൾക്കും. നവംബർ 11ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കേരളത്തിൻറെ വാദങ്ങൾ പരിഗണിക്കും. അതിന് മുൻപ് ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം കേരളം സമർപ്പിക്കണം.
Story Highlights : roshy-augustine-welcomes-supreme-court-verdict-on-mullaperiyar-dam