07
Dec 2021
Tuesday
Covid Updates

  സ്ത്രീകളുടെ ‘സംരംഭക’ സ്വപ്‌നം പൂവണിയുന്നു; ബിസിനസ് ആശയങ്ങൾ യാഥാർത്ഥ്യമാകാൻ ഇനി അൽപ ദൂരം മാത്രം

  flowers tv samrambhaka

  സ്ത്രീ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചുകൊണ്ട് കേരളത്തിലെ വനിതാ സംരംഭകർക്കായി നടത്തുന്ന റിയാലിറ്റി ഷോ ‘സംരംഭക’ അതിന്റെ ഏറ്റവും ഉദ്വേകജനകമായ നിമിഷത്തിലേക്ക് കടക്കുന്നു. മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ഒരു റിയാലിറ്റി ഷോയിലൂടെ സ്വന്തം സംരംഭം എന്ന സ്വപ്‌ന സാക്ഷാത്കാരത്തിന് വഴിതെളിക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവി. ജ്യൂറി നൽകിയ വിവിധ ടാസ്‌കുകൾ വിജയകരമായി പൂർത്തിയാക്കിയ മത്സരാർത്ഥികൾ തങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരത്തിനരികെയെത്തിയതിന്റെ ആവേശത്തിലാണ്. മത്സരാർത്ഥികളായ 12 പേർക്കും തങ്ങളുടെ ബിസിനസ് ആശയങ്ങൾ നിക്ഷേപകർക്ക് മുൻപിൽ അവതരിപ്പിച്ച്, അവർക്ക് വേണ്ട നിക്ഷേപം സ്വന്തമാക്കാനുള്ള അവസരമാണ് ഫ്‌ളവേഴ്‌സ് ഒരുക്കുന്നത്. ( flowers tv samrambhaka )

  കൊവിഡ് സാമ്പത്തിക രംഗത്തിന് ഏൽപ്പിച്ച ആഘാതം ചെറുതല്ല. ഈ പ്രതിസന്ധിയിൽ അകപ്പെട്ട മിക്ക ചെറുകിട സംരംഭങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. രാജ്യം അൺലോക്ക് പ്രക്രിയയിലേക്ക് കടന്നതോടെ പലരും വീണ്ടും ബിസിനസ് രംഗത്തേക്ക് ചുവടുവച്ചുവെങ്കിലും നിക്ഷേപകരെ കണ്ടെത്തുക എന്ന വലിയ കടമ്പ ഇവർക്ക് മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നു. അവിടെയും സ്ത്രീകൾ അരികുവത്കരക്കിപ്പെടുകയാണ്.

  നിലവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം 2020ൽ സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്ക് 2.3 ശതമാനം നിക്ഷേപം മാത്രമാണ് ലഭിച്ചത്. 2019 ൽ ഇത് 2.8 ശതമാനമായിരുന്നു. പുരുഷ്ന്മാർ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്ക് ലഭിക്കുന്ന നിക്ഷേപം 81 ശതമാനത്തോളമാണ്. ഈ ലിംഗവ്യത്യാസം മറികടക്കാൻ സ്ത്രീ സംരംഭകരെ സഹായിക്കുന്നത് ലക്ഷ്യം വച്ചുകൊണ്ട് ഫ്‌ളവേഴ്‌സ് ടിവി ആരംഭിച്ച ‘സംരംഭക’ എന്ന റിയാലിറ്റി ഷോയാണ് ഇപ്പോൾ ആവേശകരമായ നിമിഷങ്ങളിലൂടെ കടന്ന് പോകുന്നത്.

  കേരളത്തിലെ പ്രശസ്തരായ അഞ്ച് ബിസിനസ് ജയന്റുകളെയാണ് മത്സരാർത്ഥികളുടെ നിക്ഷേപകരായി ഫ്‌ളവേഴ്‌സ് കണ്ടെത്തിയിരിക്കുന്നത്. എ.വി.എ ഗ്രൂപ്പ് എംഡി എ.വി അനൂപ്, ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ സതീഷ് ചന്ദ്രൻ, നെക്സ്റ്റ് എജ്യുക്കേഷൻ ഇന്ത്യ സഹസ്ഥാപകനും സിഎഫ്ഒയുമായ രവീന്ദ്രനാഥ് കാമത്, മുസിരിസ് സോഫ്‌റ്റെക് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ എൻഎസ് ശരത്, , ടാൽറോപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ സഫീർ നജ്മുദ്ദീൻ, എന്നിവരാണ് മത്സരാർത്ഥികൾക്കായി ഫ്‌ളവേഴ്‌സ് കണ്ടെത്തിയ നിക്ഷേപർ. എസ്ബിഐയെ പ്രതിനിധീകരിച്ചുകൊണ്ട് വിപിൻ സണ്ണിയും, രമ്യ ആറും ( ചീഫ് മാനേജർ ഫാക്കൾട്ടി, സ്റ്റേറ്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേണിംഗ് ആന്റ് ഡെവലപ്‌മെന്റ്) ഇതിന്റെ ഭാഗമാണ്.

  നിക്ഷേപകർ

  flowers tv samrambhaka

  വ്യവസായി, നടൻ, നിർമാതാവ്, സാമൂഹ്യ പ്രവർത്തകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയാണ് എവിഎ ഗ്രൂപ്പ് എംഡി എവി അനൂപ്. മെഡിമിക്‌സ്, മേളം, സഞ്ജീവനം തുടങ്ങിയ ജനപ്രിയ വ്യവസായ ശൃംഖലകളിലൂടെ ജനമനസുകളിൽ ഇടംനേടിയ ഈ മലയാളി ആഗോളതലത്തിലും പ്രശസ്തിയാർജിച്ചിട്ടുണ്ട്. ഗിന്നസ് ലോക റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾക്ക് കൂടി അർഹനായ എവി അനൂപ് പുതിയ സംരംഭകരെ എന്നും പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

  flowers tv samrambhaka
  AV Anoop

  വിനോദം എന്നതിലുപരി ജീവിത മാർഗം കൂടി നൽകുന്നതാണ് ഫ്‌ളവേഴ്‌സിന്റെ സംരംഭക എന്ന റിയാലിറ്റി ഷോയെന്ന് എവി അനൂപ് പറയുന്നു. കേരളത്തിൽ നിക്ഷേപിക്കണമെന്ന ആഗ്രഹമുള്ള ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇത്തരം ചെറിയ സംരംഭങ്ങളുടെ ഭാഗമാകാനുള്ള അവസരം കൂടിയാണ് ഈ റിയാലിറ്റി ഷോയെന്ന് അനൂപ് വ്യക്തമാക്കി.

  വ്യാപാര വ്യവസായിക ലോകത്തെ തിളങ്ങുന്ന പേരാണ് സതീഷ് ചന്ദ്രൻ. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടറായ സതീഷ് ചന്ദ്രൻ, ഏരീസ് ഗ്രൂപ്പിന്റെ സംയുക്ത സംരംഭമായ ഓൾ അബൗട്ട് ഇന്നൊവേഷൻസിന്റെ എംഡി പദവി കൂടി അലങ്കരിക്കുന്നു. 17 വർഷത്തെ വിജയകരമായ ആഗോള പ്രവർത്തി പരിചയമുള്ള സതീഷ് ചന്ദ്രൻ ബിസിനസ് രംഗത്തെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന വ്യക്തിയാണ്.

  Satish Chandran
  Satish Chandran

  അനിമേഷൻ, വിഷ്വൽ എഫക്ട്, ഗെയിമിംഗ് കോമിക്‌സ് എന്നിവയിലെ ശ്രദ്ധേയ സംഭാവനകൾക്ക് നാൽപത് വയസിന് താഴെയുള്ളവരുടെ എവിജിസി 40, അണ്ടർ 40 പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യൻ മാധ്യമ രംഗത്ത് തന്നെ വളരെ ചുരുക്കം ചാനലുകളാണ് സംരംഭകരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നതെന്ന് സതീഷ് ചന്ദ്രൻ പറയുന്നു. പുതിയ ആശയങ്ങളെ കുറിച്ച് അറിയാനും അവയെ ഏതെങ്കിലും തരത്തിൽ പ്രോത്സാഹിപ്പിക്കാനുമുള്ള അവസരമായിട്ടാണ് ഈ ഷോയെ കാണുന്നതെന്നും സതീഷ് ചന്ദ്രൻ വ്യക്തമാക്കി.

  അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നെക്‌സ്റ്റ് എജ്യുക്കേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനും സിഎഫ്ഒയുമായ രവീന്ദ്രനാഥ് കാമത് ഐഐടി ഖരക്പൂരിൽ നിന്ന് ബിടെക്കിൽ ബിരുദം നേടിയ വ്യക്തിയാണ്.

  flowers tv samrambhaka
  Raveendranath Kamath

  2007 ൽ സ്ഥാപിതമായ നെക്സ്റ്റ് എജ്യുക്കേഷൻ, ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും, ആഫ്രിക്കയിലുമായി പതിനായിരത്തിലധികം സ്‌കൂളുകൾക്ക് സേവനം നൽകുന്ന ഒരു വലിയ ബി2ബി എഡ്യൂടെക്ക് കമ്പനി കൂടിയാണ്. ഷോയിലെ ഓരോ സംരംഭകരുടേയും ആശയങ്ങള്ഡ വളരെ പുതുമ നിറഞ്ഞതാണെന്ന് രവീന്ദ്രനാഥ് കാമത് പറയുന്നു.

  കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്രിസ് സോഫ്‌റ്റെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഒയുമാണ് എൻഎസ് ശരത്. തൊഴിൽപരമായി എഞ്ചിനിയറാണെങ്കിലും ഇന്ന് അറിയപ്പെടുന്ന ഒരു സംരംഭകനായി വളർന്ന് കഴിഞ്ഞു എൻഎസ് ശരത്. അഞ്ചംഗ ടീമുമായി ആരംഭിച്ച അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ഇന്ന് നൂറ്റയെൺപതിലേറെ തൊഴിലാളികളുണ്ട്.

  Sarath NS

  ബിയോണ്ട് പിങ്ക് എന്ന മൊബൈൽ ആപ്പിലും തന്റെ പ്രതിഭാ സാന്നിധ്യം അടയാളപ്പെടുത്തിയിട്ടുണ്ട് എൻഎസ് ശരത്. വനിതാ സംരംഭകർക്കുള്ള ഒരു റിയാലിറ്റി ഷോ മറ്റെവിടേയും കണ്ടിട്ടില്ലെന്ന് എൻഎസ് ശരത് പറയുന്നു.

  കേരളത്തിൽ ശക്തമായ ഒരു സ്റ്റാർട്ട് അപ്പ് എക്കോസിസ്റ്റം രൂപീകരിക്കുന്നതിനായി പ്രവർത്തിക്കുന്ന ടാൽറോപ് കമ്പനിയുടെ സിഇഒ ആയ സഫീർ നജ്മുദ്ദീൻ, സാങ്കേതിക വിദ്യയുടെ വിവിധ സാധ്യതകൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ സമൂഹം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് ഉറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ്.

  Safeer Najumudeen

  കേരളത്തിൽ നിന്ന് കൂടുതൽ സംരംഭകരെ കണ്ടെത്താൻ ശ്രമിക്കുന്ന സഫീർ, ടെക്ക് സ്റ്റാർട്ട് അപ്പുകൾ കെട്ടിപ്പടുക്കാൻ ശുഷ്‌കാന്തിയോടെ പ്രവർത്തിക്കുന്ന ഒരു ടെക്ക് പ്രേമി കൂടിയാണ്. വനിതാ സംരംഭകർ കൂടുതൽ സമൂഹത്തിലേക്ക് വരേണ്ടതുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും അതുകൊണ്ട് തന്നെ ഇത്തരത്തിലൊരു റിയാലിറ്റി ഷോ സമൂഹത്തിന് ആവശ്യമാണെന്ന് സഫീർ വ്യക്തമാക്കി.

  നിക്ഷേപക സ്വപ്‌നം പൂവണിയാൻ അൽപ ദൂരം മാത്രം …

  ഓരോ മത്സരാർത്ഥികളും അവരുടെ ആശയങ്ങൾ നിക്ഷേപകരുടെ മുന്നിൽ അവതരിപ്പിക്കുകയും, നിക്ഷേപകരെ ബോധ്യപ്പെടുത്തുകയും വേണം. ഇതിന് ശേഷമാകും തങ്ങൾക്ക് വേണ്ട നിക്ഷേപം ചർച്ചകളിലൂടെ നിക്ഷേപകരിൽ നിന്ന് സ്വന്തമാക്കി സംരംഭ സ്വപ്‌നത്തിന്റെ ആദ്യ പടി ചവിട്ടുന്നത്.

  Read Also : ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ വിനയ് അറിയിച്ചത് ഒരു പിറന്നാൾ കേക്ക് എന്ന ആഗ്രഹം; വിനയിക്ക് മാത്രമല്ല, ഗാന്ധിഭവനിലെ കുരുന്നുകൾക്കും കേക്ക് തയാറാക്കി നൽകാനൊരുങ്ങി യുവ സംരംഭക

  വിജയിക്കുന്ന മത്സരാർത്ഥിക്ക് ഉയർന്ന തുക സമ്മാനമായി നൽകുന്ന പതിവ് റിയാലിറ്റി ഷോകളിൽ നിന്ന് മാറി, തങ്ങളുടെ മത്സരാർത്ഥികളുടെ സംരംഭക സ്വപ്‌നം യാഥാർത്ഥ്യമാക്കുകയും, അതു വഴി അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന ഫ്‌ളവേഴ്‌സ് ടിവിയുടെ ഈ പരിപാടി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സംരംഭക എന്ന റിയാലിറ്റി ഷോയുടെ കോൺസെപ്റ്റിനും ഡിസൈനിനും പിന്നിൽ ഫ്‌ളവേഴ്‌സ് ടിവി എച്ച്ആർ വിഭാഗം സീനിയർ വൈസ് പ്രസിഡന്റും ബിയോണ്ട് പിങ്ക് ആപ്പ് സ്ഥാപകയുമായ ഡോ. ബിന്ദു ശിവശങ്കരൻ നായരാണ്. ദിലീപ് ഡേവിഡാണ് ഷോ ഡയറക്ടർ. പോൾ മൈക്കാവാണ് ഛായാഗ്രഹണം.

  മറ്റൊരാളുടെ തണലിൽ തളയ്ക്കപ്പെടാതെ, സ്ത്രീകൾക്ക് സ്വന്തമായ വ്യക്തിത്വവും മേൽവിലാസവും നേടിക്കൊടുക്കുന്ന ഉപജീവനമാർഗം കൂടിയാകുന്നു ഓരോ സംരംഭങ്ങളും. കരുത്തരായ ഈ 12 വനിതാ സംരംഭകരും മറ്റ് സ്ത്രീകൾക്ക് നൽകുന്ന പ്രചോദനം ചെറുതല്ല. ഏതെല്ലാം മത്സരാർത്ഥികളുടെ ആശയത്തിനാണ് നിക്ഷേപകരുടെ പച്ച കൊടി ലഭിക്കുക എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്…

  Story Highlights : flowers tv samrambhaka

  ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top