ടി-20 റാങ്കിംഗ്; ബാബർ അസം വീണ്ടും ഒന്നാമത്

ഐസിസി ടി-20 ബാറ്റർമാരുടെ റാങ്കിംഗിൽ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം വീണ്ടും ഒന്നാമത്. ഇംഗ്ലണ്ട് താരം ഡേവിഡ് മലാനെ മറികടന്നാണ് അസം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 834 ആണ് അസമിൻ്റെ റേറ്റിംഗ്. മലാന് 798 റേറ്റിംഗുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യൻ താരങ്ങളിൽ മികച്ച സ്ഥാനത്തുള്ളത്. ലോകേഷ് രാഹുൽ എട്ടാം സ്ഥാനത്തുണ്ട്. (t20 ranking babar azam)
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടി-20 ലോകകപ്പിലെ പ്രകടനങ്ങളാണ് അസമിനു തുണയായത്. ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ എന്നിവരൊക്കെ റാങ്കിംഗിൽ നേട്ടമുണ്ടാക്കി. 733 റേറ്റിംഗുമായി ഫിഞ്ച് നാലാം സ്ഥാനത്തേക്കും 731 റേറ്റിംഗുമായി റിസ്‌വാൻ നാലാം സ്ഥാനത്തേക്കും ഉയർന്നു. കോലിക്ക് 714 റേറ്റിംഗ് ആണ് ഉള്ളത്.
ബൗളർമാരിൽ ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്ക ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രൈസ് ഷംസിയെ പിന്തള്ളിയാണ് 776 റേറ്റിംഗോടെ ഹസരങ്ക ഒന്നാമത് എത്തിയത്. കരിയറിൽ ആദ്യമായാണ് ഹസരങ്ക ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 770 റേറ്റിംഗുള്ള ഷംസി രണ്ടാമതുണ്ട്. ഇംഗ്ലണ്ടിൻ്റെ ആദിൽ റഷീദ് (730), അഫ്ഗാനിസ്ഥാൻ താരങ്ങളായ റാഷിദ് ഖാൻ (723), മുജീബ് റഹ്മാൻ (703) എന്നിവരാണ് യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.
ഓൾറൗണ്ടർമാരിൽ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ഒന്നാം സ്ഥാനത്തെത്തി. ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസനെയാണ് നബി പിന്തള്ളിയത്. നമീബിയയുടെ ജെജെ സ്മിറ്റ്, ശ്രീലങ്കയുടെ വനിന്ദു ഹസരങ്ക, ഒമാൻ്റെ സീഷൻ മഖ്സൂദ് എന്നിവർ യഥാക്രമം മൂന്ന് മുതൽ അഞ്ച് സ്ഥാനങ്ങളിലുണ്ട്.
ഏകദിന ബാറ്റർമാരുടെ റാങ്കിംഗിലും ബാബർ ഒന്നാമതാണ്. ഏകദിനത്തിൽ കോലി രണ്ടാമതും രോഹിത് മൂന്നാമതുമാണ്.
Story Highlights : icc t20 ranking babar azam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here