Advertisement

അഡലെയ്ഡ് മുതൽ ഫോർട്രസ് ഗാബ വരെ; കോലി-ശാസ്ത്രിക്കാലത്തെ എണ്ണം പറഞ്ഞ നേട്ടങ്ങൾ

November 8, 2021
Google News 3 minutes Read
records ravi shastri kohli

നാല് വർഷം നീണ്ട സേവനത്തിനു ശേഷം രവി ശാസ്ത്രി ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഒഴിയുകയാണ്. ശാസ്ത്രിക്കൊപ്പം ബൗളിംഗ് പരിശീലകൻ ഭരത് അരുണും ഫീൽഡിംഗ് പരിശീലകൻ ആർ ശ്രീധറും സ്ഥാനമൊഴിയും. കോലിയുടെ നായകത്വത്തിൽ, ശാസ്ത്രിയുടെ പരിശീലനക്കാലയളവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം തൊട്ടത് സമാനതകളില്ലാത്ത ഒട്ടേറെ നേട്ടങ്ങളിലാണ്. കുംബ്ലെയെ കോലി പുകച്ച് പുറത്തുചാടിച്ച് കൊണ്ടുവന്ന പരിശീലകനാണ് ശാസ്ത്രിയെന്ന ആരോപണങ്ങളിൽ തുടങ്ങി ഉറക്കംതൂങ്ങിയെന്നും മദ്യപാനിയെന്നുമൊക്കെ അദ്ദേഹത്തെ സോ കോൾഡ് ആരാധകക്കൂട്ടം അധിക്ഷേപിച്ചു. ഈ അധിക്ഷേപങ്ങൾക്കെല്ലാമൊടുവിൽ ശാസ്ത്രി മുന്നോട്ടുവെക്കുന്നത് മുൻപാർക്കും സാധിക്കാതെ പോയ ചില നേട്ടങ്ങളാണ്. (records ravi shastri kohli)

ടെസ്റ്റ് മത്സരങ്ങളിലാണ് ഇന്ത്യ ഇവരുടെ കീഴിൽ ഏറെ നേട്ടമുണ്ടാക്കിയത്. ഇക്കാലയളവിൽ 42 മാസക്കാലമാണ് ഇന്ത്യ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം അലങ്കരിച്ചത്. 2016 മുതൽ 2020 വരെ ഇന്ത്യയായിരുന്നു ഒന്നാമത്. 2018-19 ബോർഡർ ഗവാസ്കർ ട്രോഫിയാണ് ശാസ്ത്രി-കോലിക്കാലത്തെ ഏറ്റവും സുപ്രധാനമായ ഒരു നേട്ടം. ഓസ്ട്രേലിയയെ അവരുടെ മടയിൽ ചെന്ന് തീർത്തുകളഞ്ഞു ഇന്ത്യ. ടി-20 പരമ്പര സമനില ആയപ്പോൾ ടെസ്റ്റ്, ഏകദിന പരമ്പര ഇന്ത്യ എടുത്തു. അഡലെയ്ഡിലെ ആദ്യ ടെസ്റ്റ് ജയിച്ച് തുടങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും മെൽബണിൽ നടന്ന മൂന്നാം ടെസ്റ്റിൽ 137 റൺസിനാണ് മൈറ്റി ഓസീസിനെ കെട്ടുകെട്ടിച്ചത്. ‘വാർണറും സ്മിത്തും ഇല്ലാതെയല്ലേ’ എന്ന നിലവിളികൾക്ക് നമ്മൾ കഴിഞ്ഞ വർഷം മറുപടി കൊടുത്തത് വേറെ കഥ.

ആ കഥ ആരംഭിക്കുന്നത് ആദ്യ ടെസ്റ്റിനു ശേഷം കോലി കുഞ്ഞിൻ്റെ ജനനത്തിനായി നാട്ടിലേക്ക് മടങ്ങുന്നതോടെയാണ്. ആദ്യ ടെസ്റ്റിൽ നമ്മൾ 8 വിക്കറ്റിൻ്റെ ദയനീയ തോൽവി വഴങ്ങി. കോലി മാത്രമേ ആ കളി ഇന്ത്യക്കായി തിളങ്ങിയുള്ളൂ. ആ കോലി ആദ്യ ടെസ്റ്റിനു ശേഷം മടങ്ങിയതോടെ നമ്മൾ പകുതി തോറ്റു എന്നായി. ‘കോലിയില്ലാതെ ഇന്ത്യ ഓസ്ട്രേലിയയെ കീഴടക്കിയാൽ അവർക്ക് ഒരു കൊല്ലം തുടർച്ചയായി ആഘോഷിക്കാം’ എന്ന് ഓസീസിൻ്റെ മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് പറഞ്ഞത് ഇന്ത്യ ജയിക്കില്ലെന്നുറപ്പിച്ചാണ്. അജിങ്ക്യ രഹാനെയാണ് പിന്നീടുള്ള മൂന്ന് ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ചത്. രണ്ടാം ടെസ്റ്റിൽ കൊച്ചേട്ടൻ തന്നെ മുന്നിൽ നിന്ന് നയിച്ചു. മെൽബണിൽ ഇന്ത്യയുടെ ജയം 8 വിക്കറ്റിന്. പരുക്കുകളുടെ ഒരു ഘോഷയാത്ര തുടങ്ങുന്നത് അവിടെനിന്നാണ്. ബാറ്റർമാരും ബൗളർമാരുമൊക്കെ കൂടോത്രം പിടിപെട്ടതുപോലെ പരുക്കിൽ പെടുന്നു. റിസർവ് താരങ്ങൾ മെയിൻ സ്ക്വാഡിലെത്തുന്നു. സിഡ്നിയിൽ മൂന്നാം ടെസ്റ്റ് സമനില. ഓസ്ട്രേലിയയുടെ കോട്ട എന്നറിയപ്പെടുന്ന ഗാബയിൽ അവസാന ടെസ്റ്റിലെത്തുമ്പോൾ ഇന്ത്യ അക്ഷരാർത്ഥത്തിൽ മുടന്തുകയായിരുന്നു. മുൻനിര ബൗളർമാരൊക്കെ പരുക്കിൽ വലഞ്ഞപ്പോൾ പകരമെത്തിയത് ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ലാത്ത നടരാജനും വാഷിംഗ്ടൺ സുന്ദറും ശർദ്ദുൽ താക്കൂറുമൊക്കെ ആയിരുന്നു. ആരും മോശമാക്കിയില്ല. ഫോർട്രസ് ഗാബ തകർത്ത് ഇന്ത്യ വിജയിച്ചത് 3 വിക്കറ്റിന്. കോലി-ശാസ്ത്രിക്കാലത്ത് മാത്രമല്ല, ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ തന്നെ മികച്ച ഒരു ജയം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വരെ നമ്മളെത്തിയതും ഇക്കാലയളവിൽ എടുത്തുപറയേണ്ട നേട്ടമാണ്. ഫൈനലിൽ നമ്മൾ തോറ്റെങ്കിലും ഫൈനൽ വരെയെത്തി എന്നത് ചെറിയ കാര്യമല്ല. ഇക്കൊല്ലം ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ അടക്കം നമ്മൾ വിജയിച്ചത് ബാർമി ആർമിയുടെ റേഷ്യൽ അബ്യൂസുകൾ അതിജീവിച്ചായിരുന്നു. അവസാന ടെസ്റ്റ് കൊവിഡ് മൂലം മാറ്റിവച്ചെങ്കിലും നമ്മൾ തല ഉയർത്തിപ്പിടിച്ച് തന്നെയാണ് തിരികെവന്നത്.

ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ പോയി ഇന്ത്യ ടി-20 പരമ്പരകൾ വിജയിച്ചു. 2017ൽ ശ്രീലങ്കയെ അവരുടെ നാട്ടിൽ വച്ച് ടി-20യിൽ തൂത്തുവാരിയത് ആദ്യത്തെ സംഭവമായിരുന്നു. വിൻഡീസിനെ അവരുടെ നാട്ടിൽ വച്ച് ടെസ്റ്റ് പരമ്പരയിൽ തൂത്തുവാരിയതും നടാടെ ആയിരുന്നു. ബുംറ, ഷമി, ഇഷാന്ത്, സിറാജ് ആൻഡ് സോ ഓൺ. സ്പിന്നർമാരുടെ പേരിൽ അറിയപ്പെട്ടിരുന്ന ഇന്ത്യക്ക് ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് ലൈനപ്പുകളിലൊന്ന് സ്വന്തമായതും കോലി-ശാസ്ത്രിക്കാലത്തായിരുന്നു.

ഐസിസി ഇവൻ്റുകളിൽ ഇന്ത്യ കാലിടറി. ശാസ്ത്രിക്കോ കോലിക്കോ ഉയർത്തിക്കാണിക്കാൻ ഒരു ഐസിസി കപ്പില്ല. 2019 ഏകദിന ലോകകപ്പ്, 2019 ചാമ്പ്യൻസ് ട്രോഫി, 2021 ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, 2020(21) ടി-20 ലോകകപ്പ്. ഒരു കിരീടം പോലും നമുക്ക് ലഭിച്ചില്ല. പക്ഷേ, അതുകൊണ്ട് ശാസ്ത്രി-കോലി സഖ്യത്തിൻ്റെ നേട്ടങ്ങളെ ഒരിക്കലും വിലകുറച്ച് കാണാനാവില്ല.

Story Highlights : records under ravi shastri virat kohli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here