Advertisement

ബേബി ഡാമിലെ മരങ്ങൾ മുറിക്കാൻ മാസങ്ങൾക്കു മുമ്പേ കേരളം സന്നദ്ധമായിരുന്നു; ട്വന്റിഫോർ എക്സ്ക്ലൂസിവ്

November 11, 2021
Google News 2 minutes Read
baby dam tree cutting

മുല്ലപ്പെരിയാർ ബേബി ഡാമിലെ മരങ്ങൾ മുറിക്കാൻ മാസങ്ങൾക്കു മുമ്പേ കേരളം സന്നദ്ധമായിരുന്നെന്ന രേഖ ട്വൻ്റിഫോർ പുറത്തു വിടുന്നു. ബേബി ഡാമിനു താഴെയുള്ള മരങ്ങൾ മുറിക്കാൻ സെപ്തംബർ 17 ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽ ധാരണയായിരുന്നെന്ന് റൂൾ കർവ് കേസിൽ സത്യവാങ്മൂലത്തിനൊപ്പം കേരളം സുപ്രിംകോടതിയിൽ നൽകിയ അനുബന്ധ രേഖയിൽ വ്യക്തമാക്കുന്നു. ട്വൻ്റിഫോർ എക്സ്ക്ലൂസീവ്. (baby dam tree cutting)

മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിക്കാര്യം കേരളത്തിന് അറിയാമായിരുന്നു എന്നതിന് വീണ്ടും തെളിവ്. അനുമതിയല്ലെന്ന് വ്യാഖ്യാനങ്ങളിലൂടെ വിശദീകരിക്കാമെങ്കിലും സെപ്തംബർ 17ലെ സെക്രട്ടറി തല ചർച്ചയിൽ തന്നെ ബേബി ഡാം ബലപ്പെടുത്താൻ കുറച്ചു മരങ്ങൾ മുറിക്കാൻ ധാരണയായിരുന്നെന്ന് സമ്മതിക്കുന്നുണ്ട്.

മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ സംബന്ധിച്ച് കോതമംഗലം സ്വദേശി ഡോ ജോ ജോസഫ് നൽകിയ ഹർജിയിലാണ് മരംമുറി സംബന്ധിച്ച നിലപാട് കേരളം സുപ്രിംകോടതിയെ അറിയിച്ചത്. ഒക്ടോബർ 27നാണ് കേരളം കോടതിയെ അനുബന്ധ രേഖയിലൂടെ ഇക്കാര്യം അറിയിക്കുന്നത്. ബേബി ഡാം ബലപ്പെടുത്താൻ സാധന സാമഗ്രികൾ കൊണ്ടു പോകുന്നതിന് ഗതാഗത യോഗ്യമാക്കാൻ ചില മരങ്ങൾ മുറിക്കാൻ തീരുമാനിച്ചതായി രേഖയിൽ കേരളം സമ്മതിച്ചു. സെക്രട്ടറിതല ചർച്ചയുടെ അടിസ്ഥാനത്തിൽ മരം മുറിക്കുന്നതിന് നടപടിക്രമം പാലിച്ച് അപേക്ഷ സമർപ്പിക്കാൻ തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ ഇതുവരെ തമിഴ്നാട് അത് പാലിച്ചില്ലെന്നും സുപ്രിംകോടതിയിൽ സമർപ്പിച്ച അനുബന്ധ രേഖയിൽ പറയുന്നു.

Read Also : മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തണം; കേരളത്തിന് കേന്ദ്ര ജല കമ്മിഷന്റെ കത്ത്

ഇതിന് തൊട്ടുപിന്നാലെ ഒക്ടോബർ 30 നാണ് തമിഴ്നാട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പരിവേഷ് പോർട്ടൽ വഴി മരംമുറിക്ക് അപേക്ഷ സമർപ്പിച്ചത്. ദിവസങ്ങൾക്കകം ഈ മാസം അഞ്ചിന് മരം മുറിക്ക് അനുമതി നൽകി കേരളം വിവാദ ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഈ മാസം ഏഴിന് കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുമ്പോഴാണ് മരംമുറിക്കാര്യം അറിഞ്ഞതെന്ന വാദം ഇതോടെ തകരുകയാണ്.

സുപ്രിംകോടതിയിൽ കേരളം സമർപ്പിച്ച അനുബന്ധ രേഖയിൽ പറയുന്ന നടപടി ക്രമമെന്നത് കേന്ദ്ര – സംസ്ഥാന അനുമതി വേണമെന്നതായിരുന്നെന്ന് ഇനി വ്യാഖ്യാനിക്കാമെങ്കിലും പരിവേഷ് പോർട്ടൽ വഴിയുള്ള അപേക്ഷക്കു പിന്നാലെ കേരളം മരംമുറിക്കായി വിവാദ ഉത്തരവിറക്കിയെന്നതാണ് യാഥാർത്ഥ്യം. മുല്ലപ്പെരിയാർ മേൽനോട്ട സമിതി അധ്യക്ഷൻ ഗുൽഷൻ രാജ് സെപ്തംബർ 3ന് കേരളത്തിനയച്ച കത്തും മരംമുറിക്കാര്യത്തിൽ മാസങ്ങൾക്കു മുമ്പേ കേരളത്തിന് ധാരണയുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ട്. മുറിക്കേണ്ട 15 മരങ്ങൾ നിർണയിച്ച കേരള – തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന ജൂൺ 11 നായിരുന്നു. ചുരുക്കത്തിൽ വിവാദ ഉത്തരവ് റദ്ദാക്കിയും വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തും വിവാദത്തിൽ നിന്ന് തടിയൂരാൻ ശ്രമിച്ചെങ്കിലും സർക്കാരിന് എല്ലാം വ്യക്തമായി അറിയാമായിരുന്നു എന്നതിന് രേഖകൾ തെളിവ്.

Story Highlights : baby dam tree cutting twentyfour exclusive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here