അസീം റഫീഖിനെതിരായ വംശീയ പരാമർശം; യോർക്‌ഷെയർ സിഇഒ രാജിവച്ചു

പാക് വംശജനായ ഇംഗ്ലണ്ട് ക്രിക്കറ്റർ അസീം റഫീഖിനെതിരായ വംശീയ പരാമർശവുമായി ബന്ധപ്പെട്ട് യോർക്‌ഷെയർ സിഇഒ മാർക്ക് ആർതർ രാജിവച്ചു. ക്ലബ് ചെയർമാൻ റോജർ ഹട്ടൺ നവംബർ അഞ്ചിന് സ്ഥാനമൊഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ക്ലബ് സിഇഒയും രാജിവച്ചത്. സംഭവത്തിൽ ഇംഗ്ലണ്ട് താരം ഗാരി ബല്ലൻസിനെയും യോർക്‌ഷെയർ കൗണ്ടി ക്ലബിനെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വിലക്കിയിരുന്നു. റഫീഖിനെതിരെ വംശീയ പരാമർശം നടത്തിയത് താനാണെന്ന് ബല്ലൻസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബോർഡ് നടപടിയെടുത്തത്. (Yorkshire Mark Arthur resigns)
സുഹൃത്തെന്ന നിലയിൽ സൗഹൃദ സംഭാഷണമായാണ് താൻ പരാമർശം നടത്തിയതെന്നും റഫീഖ് തൻ്റെ അടുത്ത സുഹൃത്താണെന്നുമാണ് ബല്ലൻസ് വ്യക്തമാക്കിയത്. റഫീഖിൻ്റെ വെളിപ്പെടുത്തലിനു പിന്നാലെ ക്ലബ് വിഷയത്തിൽ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിനിടെയാണ് ബല്ലൻസ് കുറ്റസമ്മതം നടത്തിയത്. വിലക്ക് ഏർപ്പെടുത്തിയതിനാൽ ബല്ലൻസിനെ ഇനി ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക് പരിഗണിക്കില്ല. വെളിപ്പെടുത്തലിനു പിന്നാലെ യോർക്‌ഷെയർ ക്ലബിൻ്റെ പല സ്പോൺസർമാരും പിന്മാറി. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ വിലക്ക് കൂടി ആയതോടെ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കാൻ യോർക്‌ഷെയറിനു സാധിക്കില്ല. ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരായ ടെസ്റ്റ് മത്സരങ്ങളും ദി ഹണ്ട്രഡ് മത്സരവുമെല്ലാം അവർക്ക് നഷ്ടമാവും.
Read Also : അസീം റഫീഖിനെതിരായ വംശീയ പരാമർശം; ഗാരി ബല്ലൻസിനും യോർക്‌ഷയറിനും വിലക്ക്
നിരന്തരമായ വംശഹത്യ കാരണം ആത്മഹത്യ ചെയ്യാൻ തോന്നിയിരുന്നു എന്നാണ് കഴിഞ്ഞ സെപ്തംബറിൽ അസീം വെളിപ്പെടുത്തിയത്. ഡ്രസിംഗ് റൂമിൽ വെച്ച് പരസ്യമായി പലതവണ താൻ വംശഹത്യക്കിരയായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. താൻ വ്യക്തിപരമായി തകർന്നു നിന്ന സമയത്ത് കരാറിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അസീം മോശം വ്യക്തിയായിരുന്നു എന്നാണ് ക്ലബ് ചെയർമാൻ റോജർ പഹ് പറഞ്ഞത്.
ആരോപണങ്ങൾക്കു പിന്നാലെ ക്ലബ് അന്വേഷണം പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ക്ലബിൽ കളിച്ചിട്ടുള്ള മറ്റ് താരങ്ങളും സമാന അനുഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു. 2010ൽ ക്ലബിലുണ്ടായിരുന്ന വിൻഡീസ് പേസർ ടിനോ ബെസ്റ്റ്, 2008-2009 കാലഘട്ടത്തിൽ കളിച്ച പാക് താരം റാണ നവീദുൽ ഹസൻ എന്നിവരൊക്കെ ക്ലബിനെതിരെ രംഗത്തെത്തി. ഇന്ത്യൻ താരം പൂജാരയ്ക്കും സമാന അനുഭവം നേരിടേണ്ടിവന്നു എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
Story Highlights : Yorkshire Mark Arthur resigns Azeem Rafiq
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here