ഇടുക്കി ഡാം ഇന്ന് തുറക്കില്ല; റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ല; റോഷി അഗസ്റ്റിൻ

ഇടുക്കി ഡാം ഇന്ന് തുറക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ട് പോകാൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. സാഹചര്യം നിരീക്ഷിച്ച ശേഷം തുടർ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി .
ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഇപ്പോൾ മഴ പെയ്യുന്നില്ല. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139.40 അടിയുമാണ്. ചെറുതോണി ഡാമിന്‍റെ ഷട്ടർ തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇനി മഴ പെയ്താൽ മാത്രമേ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരൂ എന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു . മഴ കുറഞ്ഞതിനാൽ നാല് മണിക്കൂറിനു ശേഷം ജലനിരപ്പ് കുറഞ്ഞു തുടങ്ങുമെന്നും കെഎസ്ഇബി അറിയിച്ചു.
Read Also : കേരളത്തിന്റേത് തടസ മനോഭാവം; മുല്ലപ്പെരിയാർ കേസിൽ സുപ്രിംകോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് തമിഴ്‌നാട്
റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കുറച്ചു. സെക്കന്‍റിൽ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂൾ കർവ് അനുസരിച്ച് അണക്കെട്ടിൽ 141 അടി വെള്ളം സംഭരിക്കാം.
Story Highlights : Idukki Dam will not open today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here