അവസാനത്തിൽ വെടിക്കെട്ടുമായി വിഷ്ണു വിനോദ്; തമിഴ്നാടിനെതിരെ കേരളത്തിന് മികച്ച സ്കോർ

സയ്യിദ് മുഷ്താഖ് അലി ക്വാർട്ടർ ട്രോഫി മത്സരത്തിൽ തമിഴ്നാടിനെതിരെ കേരളത്തിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. 13 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിൽ പതറിയ കേരളത്തെ വിഷ്ണു വിനോദിൻ്റെ വെടിക്കെട്ട് ബാറ്റിംഗാണ് മികച്ച സ്കോറിലെത്തിച്ചത്. 26 പന്തുകൾ നേരിട്ട് 65 റൺസെടുത്ത് പുറത്താവാതെ നിന്ന വിഷ്ണുവാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. രോഹൻ കുന്നുമ്മൽ (51), സച്ചിൻ ബേബി (33) എന്നിവരും കേരളത്തിനായി തിളങ്ങി. (kerala innings tamilnadu mushtaq)
ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാർ ചേർന്ന് കേരളത്തിനു നൽകിയത്. 45 റൺസ് നീണ്ട ഓപ്പണിംഗ് കൂട്ടുകെട്ടിനൊടുവിൽ അസ്‌ഹർ മടങ്ങി. 15 റൺസെടുത്ത താരത്തെ മുരുഗൻ അശ്വിൻ സന്ദീപ് വാര്യറുടെ കൈകളിൽ എത്തിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ സച്ചിൻ ബേബി- രോഹൻ സഖ്യം 46 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഇതിനിടെ രോഹൻ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ 43 പന്തിൽ 51 റൺസെടുത്ത രോഹൻ സഞ്ജയ് യാദവിൻ്റെ ഇരയായി മടങ്ങി. ആ ഓവറിൽ തന്നെ സഞ്ജു സാംസണും (0) പുറത്തായതോടെ കേരളം പതറി.
Read Also : സയ്യിദ് മുഷ്താഖ് അലി ട്രോഫി: സഞ്ജുവിനും അസ്‌ഹറുദ്ദീനും ഫിഫ്റ്റി; ഹിമാചലിനെ തകർത്ത് കേരളം ക്വാർട്ടറിൽ
നാലാം വിക്കറ്റിൽ സച്ചിൻ ബേബിക്കൊപ്പം വിഷ്ണു വിനോദ് എത്തിയതോടെ സ്കോർ ഉയരാൻ തുടങ്ങി. ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ അല്പം ബുദ്ധിമുട്ടിയെങ്കിലും പിന്നീട് വിശ്വരൂപം പുറത്തെടുത്ത വിഷ്ണു പഴയ ടീം മേറ്റ് സന്ദീപ് വാര്യർ എറിഞ്ഞ 18ആം ഓവറിൽ രണ്ട് സിക്സറും ഒരു ബൗണ്ടറിയും സഹിതം പായിച്ച് വിഷ്ണു വെടിക്കെട്ടിനു തുടക്കമിട്ടു. മൂന്ന് പന്തുകളെറിഞ്ഞതിനു ശേഷം സന്ദീപ് പരുക്കേറ്റ് പുറത്തുപോയി. പകരം പന്തെറിഞ്ഞ ശരവണ കുമാറിനും കിട്ടി ഒരു സിക്സ്. എം മുഹമ്മദ് എറിഞ്ഞ 19ആം ഓവറിൽ വെറും 4 പന്ത് നേരിട്ട വിഷ്ണു മൂന്നെണ്ണം നിലം തൊടാതെ പായിച്ചു. ഇതിനിടെ വെറും 22 പന്തുകളിൽ വിഷ്ണു ഫിഫ്റ്റി തികച്ചു. ഈ ഓവറിൽ സച്ചിൻ ബേബി പുറത്തായി. വിഷ്ണുവുമായി 58 റൺസ് കൂട്ടുകെട്ടിൽ പങ്കാളി ആയതിനു ശേഷമാണ് സച്ചിൻ മടങ്ങിയത്. ശരവണ കുമാർ എറിഞ്ഞ അവസാന ഓവറിൽ ഒരു സിക്സറും രൻ്റ് ബൗണ്ടറിയും സഹിതം കേരളം 20 റൺസ് അടിച്ചുകൂട്ടി. വിഷ്ണുവിനൊപ്പം സഞ്ജീവ് അഖിലും (9) നോട്ടൗട്ടാണ്.
മറുപടി ബാറ്റിംഗിനിറങ്ങിയ തമിഴ്നാട് മികച്ച നിലയിലാണ്. 10 ഓവർ പിന്നിടുമ്പോൾ വെറും രൻ്റ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ അവർ 95 റൺസ് നേടിയിട്ടുണ്ട്. അടുത്ത പകുതിയിൽ വെറും 87 റൺസ് മാത്രമാണ് അവർക്ക് വേണ്ടത്.
Story Highlights: kerala innings tamilnadu syed mushtaq ali trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here