Advertisement

വെള്ളപ്പൊക്കം; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കര്‍ണാടക മുഖ്യമന്ത്രിയെ വിളിച്ച് പ്രധാനമന്ത്രി

November 23, 2021
Google News 1 minute Read
karnataka flood

കര്‍ണാടകയിലെ പ്രളയ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുമായി സംസാരിച്ച പ്രധാനമന്ത്രി, സംസ്ഥാനത്ത് കേന്ദ്രസഹായം വാഗ്ദാനം ചെയ്തു. പ്രളയ ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസവും പുനരധിവാസവും ഏറ്റെടുക്കുന്നതിനായി കേന്ദ്രത്തില്‍ നിന്നുള്ള എല്ലാ സഹായവും ഉറപ്പുനല്‍കി. സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്നുണ്ടായ കൃഷി ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങളെക്കുറിച്ച് സമഗ്രമായ വിവരങ്ങള്‍ പ്രധാനമന്ത്രി തേടിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കര്‍ണാടക മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. മഴയില്‍ തകര്‍ന്ന വീടുകള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് മൂന്ന് ലക്ഷം രൂപയും മൂന്ന് ഗഡുക്കളായി നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യഗഡുവായ ഒരു ലക്ഷം രൂപ ഉടന്‍ വിതരണം ചെയ്യാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികള്‍ക്കായി 500 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്‌കൂളുകളും അങ്കണവാടികളും ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതിനാല്‍ എന്‍ഡിആര്‍എഫ് ഫണ്ട് മുഖേന ഇവയുടെ അറ്റകുറ്റപ്പണികള്‍ നടത്തും. തുംഗുരു, കോലാര്‍, ചിക്കബല്ലാപ്പൂര്‍, രാമനഗര്‍, ഹാസന്‍ ജില്ലകളില്‍ വ്യാപക നാശനഷ്ടമാണ് മഴ വിതച്ചത്. നവംബര്‍ മാസത്തില്‍ കര്‍ണാടകയിലും കേരളത്തിലും ആന്ധ്രയിലും കനത്ത മഴയാണ് ലഭിക്കുന്നത്. അടുത്ത 5 ദിവസങ്ങളില്‍ കര്‍ണാടക, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Story Highlights : karnataka flood, karnataka flood, narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here