03
Dec 2021
Friday
Covid Updates

  ഇന്നത്തെ പ്രധാനവാർത്തകൾ(23-11-21)

  അടുത്ത രണ്ട് ദിവസം മഴ ദുർബലമാകും; ചക്രവാതച്ചുഴി ന്യൂന മർദമാകാൻ സാധ്യത

  സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ ദുർബലമാകും. എന്നാൽ ഒറ്റപ്പെട്ട സാധാരണ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

  ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

  പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനു ശേഷം ഇയാളെ സഞ്ജിത്തിൻ്റെ ഭാര്യ ഹർഷിതയുടെ അരികിലെത്തിക്കും. പ്രതിയെ അവർ കൂടി തിരിച്ചറിയേണ്ടതുണ്ട്. ഇതുവരെ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

  നിരക്ക് വർധന; ഓട്ടോ,ടാക്സി തൊഴിലാളികളുടേത് ന്യായമായ ആവശ്യം, ട്രേഡ് യൂണിയനുകളുമായി കൂടിയാലോചന നടത്തും : ആന്റണി രാജു

  ഓട്ടോ,ടാക്സി തൊഴിലാളികളുടെ ന്യായമായ ആവശ്യമാണ് നിരക്ക് വർധനയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിരക്ക് വർധന ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബസ് കൺസെഷൻ സംബന്ധിച്ച് വിദ്യാർത്ഥിളുമായി ചർച്ച നടത്തും. കൺസെഷൻ നിരക്ക് മിനിമം ചാർജ് ആറിരട്ടിയായി വർധിപ്പിക്കുന്നത് പ്രായോഗീകമല്ലെന്നും വിദ്യാർത്ഥി സംഘടനകളെ വസ്തുതകൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  ആലുവയിൽ നവവധു തൂങ്ങി മരിച്ച നിലയിൽ

  ആലുവയിൽ നവവധു തൂങ്ങി മരിച്ച നിലയിൽ. എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21) ആണ് ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.

  പദ്ധതി പണം മാത്രം പോരാ, സംഭാവന സ്വീകരിച്ചും പരിപാടികൾ നടത്തണം; തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ

  തദ്ദേശഭരണ സ്ഥാപനങ്ങളുടെ അമിത ചെലവ് നിയന്ത്രിക്കാൻ സർക്കാർ നിർദ്ദേശം. പണച്ചെലവുള്ള പദ്ധതികളും പരിപാടികളും ഏറ്റെടുക്കുമ്പോൾ പദ്ധതി പണം ചെലവഴിക്കുന്നതിനാണ് നിയന്ത്രണമേർപ്പെടുത്തിയത്. കൂടുതൽ പണച്ചെലവുള്ള പദ്ധതികൾ സംഭാവന സ്വീകരിച്ച് ഏറ്റെടുക്കണം. പ്രാദേശിക വിഭവസമാഹരണം നടത്തണമെന്നും, പദ്ധതി പണത്തെ മാത്രം ആശ്രയിക്കരുതെന്നും സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

  സോണിലിവിലെ ചുരുളിക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല; വിശദീകരണവുമായി സെൻസർ ബോർഡ്

  ചുരുളി സിനിമ വിവാദത്തിൽ ഔദ്യോഗിക പ്രതികരണവുമായി സെൻസർ ബോർഡ് രംഗത്ത്. ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ പതിപ്പ് സർട്ടിഫൈഡ് അല്ലെന്ന് സെൻസർ ബോർഡ് വിശദീകരിക്കുന്നു. സിനിമയിൽ ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് എ സർട്ടിഫിക്കറ്റാണ് തങ്ങൾ നൽകിയത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സെൻസർ ബോർഡിനെതിരെ പ്രചരിക്കുന്നതെന്നും റീജിയണൽ ഓഫീസർ പാർവതി വി വ്യക്തമാക്കി. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിൽ അശ്ലീല പദപ്രയോഗം വ്യാപകമെന്ന വിവാദത്തിനിടെയാണ് സെൻസർ ബോർഡിന്റെ വിശദീകരണം.

  ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; പ്രതികൾ പല വഴിക്ക് പിരിഞ്ഞത് കുഴൽ മന്ദത്ത് നിന്ന്

  പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി നൽകിയ മൊഴിയുടെ വിശദാംശങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. കൃത്യം നടത്തിയതിന് ശേഷം പ്രതികൾ രക്ഷപ്പെട്ടത് കുഴൽ മന്ദത്ത് നിന്നെന്ന് മൊഴിയിൽ പറയുന്നു. കൃത്യം നടത്തി മമ്പറത്തു നിന്ന് കാറിൽ കുഴൽ മന്ദത്തെത്തിയെന്നും തുടർന്ന് കാറ് തകരാറിലായതിനെ തുടർന്ന് മറ്റ് വാഹനങ്ങളിൽ പല സ്ഥലങ്ങളിലേക്ക് പോയെന്നും പ്രതി മൊഴിയിൽ വ്യക്തമാകുന്നു. ഇന്നലെ അറസ്റ്റിലായ പ്രതിയാണ് ഇക്കാര്യം സമ്മതിച്ചത്.

  ട്രാവൻകൂർ ടൈറ്റാനിയത്തിൽ അപകട മരണം

  കൊച്ചുവേളി ട്രാവൻകൂർ ടൈറ്റാനിയത്തിൽ അപകട മരണം. പേട്ട സ്വദേശി രഞ്ജിത്താണ് യന്ത്രത്തിൽ കുടുങ്ങി മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു അപകടം. അപകടം നടന്നയുടൻ 34 വയസ്സുകാരനായ രഞ്ജിത്തിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. വലിയ തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  Story Highlights : Todays Headlines

  ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top