Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (03-07-2022)

July 3, 2022
Google News 5 minutes Read

സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്‌ ഓഫീസുകളും ഇന്ന് പ്രവർത്തിക്കും

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിനായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത്‌ ഓഫീസുകളും ഇന്ന് പ്രവർത്തിക്കുമെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. പഞ്ചായത്ത്‌ ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും നാളെ പ്രവർത്തിക്കും. ജീവനക്കാർ ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓഫീസുകളിൽ നടത്തും. പൊതുജനങ്ങൾക്ക്‌ മറ്റ്‌ സേവനങ്ങൾ നാളെ ലഭ്യമാകില്ല. ഫയൽ തീർപ്പാക്കലിനായി ജോലിക്ക്‌ ഹാജരാകുന്ന എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.

രാഹുൽ നർവേക്കർ മഹാരാഷ്ട്ര സ്പീക്കർ; കരുത്തുകാട്ടി ബി.ജെ.പി-ഷിൻഡെ സഖ്യം

മഹാരാഷ്ട്ര സ്പീക്കര്‍ ആയി ബി.ജെ.പിയുടെ രാഹുൽ നർവേക്കർ തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ നർവേക്കറിന് 164 വോട്ടുകൾ ലഭിച്ചു. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിൻഡെയും ബി.ജെ.പിയും കരുത്തുകാട്ടി. ഉദ്ധവ് താക്കറെയുടെ വിശ്വസ്തന്‍ രാജന്‍ സാല്‍വി ആയിരുന്നു മത്സരത്തിൽ രാഹുലിന്റെ കൂടെ ഉണ്ടായിരുന്നത്. മഹാവികാസ് അഘാഡി സഖ്യ സ്ഥാനാര്‍ത്ഥിയായാണ് രാജന്‍ സാല്‍വി മത്സരിച്ചത്.

മുഖ്യമന്ത്രിക്കും മകൾക്കും കൊള്ളയിൽ പങ്ക്; ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ വൻ റാക്കറ്റ്; പി സി ജോർജ്

മുഖ്യന്ത്രിക്കെതിരെ ആരോപണം കടുപ്പിച്ച് പി സി ജോർജ് രംഗത്ത്. മുഖ്യമന്ത്രിയുടെ വിദേശ യാത്രകൾ ദുരൂഹമാണ്. വീണ വിജയൻറെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. ഫാരിസ് അബൂബക്കർ മുഖ്യമന്ത്രിയുടെ ബിനാമിയാണ്. മുഖ്യമന്ത്രിയുടെ മക്കൾക്കും കൊള്ളയിൽ പങ്കുണ്ട്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ വൻ റാക്കറ്റ് നടക്കുന്നു. സാമ്പത്തിക ഇടപാടുകൾ ഇ ഡി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിതാവിനൊപ്പമുള്ള മകളുടെ യാത്ര ദുരൂഹമാണെന്നും പി സി ജോർജ് ആരോപിച്ചു.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കാലവർഷം പരക്കെ ശക്തി പ്രാപിക്കുന്നു. ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ( yellow alert in 11 districts )

ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു; ആളപായമില്ല

ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഈസ്റ്റ് ചമ്പാരം ജില്ലയിലെ ബെൽവ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. തീപിടുത്തം ട്രെയിനിന്റെ എഞ്ചിൻ ഭാഗത്താണ് ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. റക്‌സൗലിൽ നിന്ന് നർകാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്. ആളപായമില്ല.(fire in train engine at bihar)

‘പറഞ്ഞത് നടപ്പിലാക്കുന്നവരാണ് കേരളം ഭരിക്കുന്നത്’; ട്രോഫി നേടാനല്ല വികസനം നടപ്പാക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

വിവാദങ്ങളിൽ പരോക്ഷ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. വികസനവുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ അതിനെ തടസപ്പെടുത്തുന്നു. സർക്കാർ വികസനം നടത്തുമ്പോൾ വിവാദങ്ങൾ ഉണ്ടാക്കി സർക്കാരിനെ കുലുക്കാം എന്ന് ആരും കരുതണ്ട. രാഷ്രീയം ആകാം പക്ഷെ വികസനത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ സർക്കാർ കുലുങ്ങില്ല. പറഞ്ഞത് നടപ്പിലാക്കുന്നവരാണ് കേരളം ഭരിക്കുന്നത്. ട്രോഫി നേടാനല്ല വികസനം നടപ്പാക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.(dont try to destabilize goverment says muhammed riyas)

കേരളത്തിലെ അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലി; തീയതികൾ പ്രഖ്യാപിച്ചു

അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലി തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ ഒന്നിനായിരുന്നു റജിസ്ട്രേഷൻ ആരംഭിച്ചത്. ജൂലൈ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വടക്കൻ കേരളത്തിലെ റാലി ഒക്ടോബർ ഒന്നുമുതൽ 20 വരെ കോഴിക്കോട്ട്‌ നടക്കും. കോഴിക്കോട്, കാസർകോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂർ, കണ്ണൂർ ജില്ലകൾക്കുപുറമേ ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുള്ളവർക്കും പങ്കെടുക്കാം.(kerala rally date for indian army agnipath recruitment 2022)

‘ഇടവേള ബാബുവിന് അമ്മ ജനറൽ സെക്രട്ടറയിയായി തുടരാൻ യോഗ്യതയുണ്ടോ?’; മോഹൻലാലിന് കത്തയച്ച് കെ ബി ഗണേഷ് കുമാർ

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് തുറന്ന കത്തയച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തുറന്ന സമീപനം വേണമെന്ന് ഗണേഷ് കുമാർ കത്തിൽ ആവശ്യപ്പെട്ടു. ദിലീപിനെതിരെ എടുത്ത നടപടി മറ്റുള്ളവർക്കും ബാധകം. ഇടവേള ബാബുവിന് അമ്മ ജനറൽ സെക്രട്ടറയിയായി തുടരാൻ യോഗ്യതയുണ്ടോ? എന്ന് മോഹൻ ലാൽ വ്യക്തമാക്കണമെന്നും ​ഗണേഷ് കുമാർ ആവശ്യപ്പെടുന്നു.(kb ganesh kumar sent letter to mohanlal against edavela babu)

എകെജി സെന്‍റർ ആക്രമണം; രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിനായില്ല

എകെജി സെൻറ‍ർ ആക്രമണക്കേസിൽ രണ്ടു ദിവസം പിന്നിടുമ്പോഴും പ്രതിയിയെ പിടികൂടാൻ കഴിയാതെ പൊലീസ്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് പറയുന്ന പൊലീസിന് ഇപ്പോഴും പ്രതിയുടെ കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here