Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (29-07-22)

July 29, 2022
Google News 2 minutes Read

വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്ന് പൈലറ്റുമാർ മരിച്ച സംഭവം; വ്യോമസേന അന്വേഷണം ആരംഭിച്ചു

ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 ബൈസൺ വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ച സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചു. പരിശീലന പറക്കലിനിടയാണ് അപകടം ഉണ്ടായതെന്ന് വ്യോമസേന അറിയിച്ചു. വ്യാഴാഴ്ച രാത്രി 9.10ഓടെയാണ് അപകടം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരിയുമായി സംസാരിച്ചു.

മംഗളൂരുവിൽ സുരക്ഷ ശക്തമാക്കി പൊലീസ്; നഗരത്തിൽ നിരോധനാജ്ഞ

മംഗളൂരുവിൽ സുരക്ഷ ശക്തമാക്കി പൊലീസ്. നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ മംഗളൂരുവിൽ ക്യാമ്പ് ചെയ്യുകയാണ്. വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നുണ്ട്. തുടർച്ചയായി നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

പൊറിഞ്ചുവും ഭാര്യയും നിക്ഷേപിച്ചത് 40 ലക്ഷം, ചികിത്സ നടത്തിയത് കടം വാങ്ങി; കരുവന്നൂർ തട്ടിപ്പിൽ കൂടുതൽ ഇരകൾ

മധ്യപ്രദേശിൽ മലിനജലം കുടിച്ച് രണ്ട് മരണം; 35 പേർ ആശുപത്രിയിൽ

മധ്യപ്രദേശിലെ ദാമോവിൽ മലിനജലം കുടിച്ച് രണ്ട് മരണം. 45 പേർ ആശുപത്രിയിലാണ്. ഇതിൽ 12 പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് പട്ടേലിൻ്റെ മണ്ഡലമാണ് ദാമോ. ആശുപത്രിയിൽ ചികിത്സയിലുള്ള ചിലരുടെ കാഴ്ചക്ക് പ്രശ്നമുണ്ടെന്നാണ് സൂചന. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും നോട്ടിസ്

ഇ പി ജയരാജനെതിരായ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും നോട്ടിസ്.
ഫർസിൻ മജീദ്, നവീൻകുമാർ എന്നിവർക്കാണ് തിങ്കളാഴ്ച ഹാജരാകാൻ നിർദേശം നൽകിയത്. വലിയതുറ എസ്എച്ച്ഒ ആണ് നോട്ടിസ് നൽകിയത്. ജാമ്യവ്യവസ്ഥ ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ മറുപടി നൽകിയിരുന്നു.

രാജ്യത്ത് 20,409 പേർക്ക് കൊവിഡ്; 47 മരണം

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,409 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 43,979,730 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സജീവ കേസുകളുടെ എണ്ണം 1,43,988 ആണ്. ഇത് ക്യുമുലേറ്റീവ് കേസുകളുടെ 0.33 ശതമാനവുമാണ്. ഇന്നലെ 47 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

അർദ്ധരാത്രി സിസിടിവിയിൽ യുവതി നടന്നുപോകുന്ന ദൃശ്യങ്ങൾ; സമയോചിതമായ ഇടപെടലിലൂടെ കേരള പൊലീസ്

അർദ്ധരാത്രിയിൽ യുവതി നടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ട് കേരള പൊലീസിൻ്റെ സമയോചിതമായ ഇടപെടൽ. കോഴിക്കോട് നാദാപുരത്താണ് സംഭവം. പൊലീസ് സ്റ്റേഷനിലെ സിസിടിവി മോണിറ്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പതിഞ്ഞതും ജാഗരൂകരായ പൊലീസ് സംഘം യുവതിയെ കണ്ടെത്തുകയായിരുന്നു. (kerala police cctv woman)

കോമൺവെൽത്ത് ഗെയിംസ് ഇന്നുമുതൽ; ഇന്ത്യക്ക് 10 ഇനങ്ങളിൽ ഫൈനൽ

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം. 10 ഇനങ്ങളിലാണ് ഇന്ത്യക്ക് ഇന്ന് ഫൈനൽ മത്സരങ്ങളുള്ളത്. ട്രയാത്തലൺ, ജിംനാസ്റ്റിക്സ്, സൈക്ക്ളിംഗ്, നീന്തൽ തുടങ്ങിയ ഇനങ്ങളിലാണ് ഫൈനൽ. മലയാളി നീന്തൽ താരം സജൻ പ്രകാശ് 50 മീറ്റർ ബട്ടർഫ്ലൈസ് ഇനത്തിൽ സെമിഫൈനൽ പോരിനിറങ്ങും. കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. (commonwealth games india finals)

പാർലമെന്റിന്റെ ഇരുസഭകളും ഓഗസ്റ്റ് 1 വരെ പിരിഞ്ഞു

‘രാഷ്ട്രപത്‌നി’ പരാമർശത്തിൽ പാര്‍ലമെന്റിന്റെ ഇരു സഭകളുടേയും പ്രവര്‍ത്തനം വീണ്ടും തടസ്സപ്പെട്ടു. ലോക്‌സഭ സമ്മേളനം ആരംഭിച്ചതിന് പിന്നാലെ സോണിയാ ഗാന്ധി സ്മൃതി ഇറാനി വാക്കേറ്റം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെയ്ക്കുകയായിരുന്നു. ബഹളത്തെ തുടർന്ന് 12 മണി വരെ സഭാനടപടികൾ നിർത്തിവെക്കേണ്ടി വന്നു. നടപടികൾ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഓഗസ്റ്റ് 1 വരെ പിരിഞ്ഞു.

മഴ ശക്തമാകും; സംസ്ഥാനത്ത് രണ്ട് ദിവസം ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. ചൊവ്വാഴ്ച ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here