വംശീയ വെറിയെ നേരിടാൻ 12 ഇന കർമപരിപാടികളുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

വംശീയ വെറിയെ നേരിടാൻ 12 ഇന കർമപരിപാടികളുമായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. എംസിസി, പിസിഎ എന്നിവർക്കൊപ്പം ചേർന്നാണ് ക്രിക്കറ്റ് ബോർഡ് കർമ പരിപാടികൾ ആസൂത്രണം ചെയ്തത്. തനിക്ക് നേരിട്ട വംശീയാധിക്ഷേപങ്ങളെപ്പറ്റി മുൻ യോർക്‌ഷെയർ ക്രിക്കറ്റർ അസീം റഫീഖിൻ്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഇസിബി 12 ഇന കർമപരിപാടികളുമായി രംഗത്തുവന്നത്. (ECB action plan racism)
ഡ്രസിംഗ് റൂമിലെ സംസ്കാരം മാറേണ്ടതുണ്ടെന്നതാണ് കർമപരിപാടികളിലെ പ്രധാന നിർദ്ദേശം. വംശീയ വെറിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും അന്വേഷിക്കാനും തുറന്നുപറയാനും താരങ്ങളെയും അമ്പയർമാരെയും മറ്റ് സ്റ്റാഫുകളെയുമൊക്കെ പ്രേരിപ്പിക്കും. അതിനു വേണ്ട പരിശീലനവും ബോധവത്കരണവും നൽകും. ദക്ഷിണേഷ്യൻ താരങ്ങളെയും കറുത്ത വംശജരെയും പ്രൊഫഷണൽ ടീമുകളിൽ ഉൾപ്പെടുത്താൻ ക്രിയാത്മക നിലപാട് സ്വീകരിക്കും.
അസീമിൻ്റെ വെളിപ്പെടുത്തലിനു ശേഷം ഒരാഴ്ചക്കിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനു ലഭിച്ചത് 1000ലധികം വംശീയാധിക്ഷേപ പരാതികളെന്നാണ് റിപ്പോർട്ട്.
Read Also : നായയ്ക്ക് കെവിൻ എന്ന് പേരിട്ടതിനു പിന്നിൽ വംശീയ വിദ്വേഷമില്ല: അലക്സ് ഹെയിൽസ
ക്ലബിൽ കളിച്ചുകൊണ്ടിരുന്ന സമയത്ത് വംശീയവെറി നേരിടേണ്ടി വന്നു എന്ന വെളിപ്പെടുത്തലിനു പിന്നാലെ ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ സ്പോർട്സ് കമ്മറ്റി നടത്തിയ ഹിയറിങ്ങിൽ അസീം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി. പലപ്പോഴും വികാരധീനനായാണ് അസീം സംസാരിച്ചത്. മുൻ ഇംഗ്ലൻ്റ് ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോൺ, യോർക്‌ഷെയർ മുൻ ക്യാപ്റ്റനും ഇംഗ്ലണ്ട് താരവുമായ ഗാരി ബല്ലൻസ് എന്നിവർക്കെതിരെയൊക്കെ അസീം വംശീയാധിക്ഷേപ പരാതി ഉന്നയിച്ചു.
“ക്ലബിൽ ചേരുന്ന സമയത്ത് എൻ്റെ ഹീറോകളായിരുന്നു ഡ്രസിംഗ് റൂമിൽ ഉണ്ടായിരുന്നത്. മൈക്കൽ വോൺ, മാത്യു ഹൊഗാർഡ് തുടങ്ങി 2005 ആഷസ് ടീമിൽ അംഗമായിരുന്നവർ. എന്നെ സംബന്ധിച്ച് അമൂല്യമായ സമയമായിരുന്നു അത്. എന്നോടും ഏഷ്യൻ വംശജരായ മറ്റു താരങ്ങളോടും ശുചിമുറിക്കരികെ ഇരിക്കാൻ അവർ പറഞ്ഞിരുന്നു. ഞങ്ങളെ ‘ആനയെ കഴുകുന്നവർ’ എന്നും ‘പാകി’ എന്നുമൊക്കെ നിരന്തരം അവഹേളിച്ചിരുന്നു. ഇംഗ്ലണ്ടിനായി ക്രിക്കറ്റ് കളിക്കുക എന്നതായിരുന്നു എൻ്റെയും കുടുംബത്തിൻ്റെയും ആഗ്രഹം. പക്ഷേ, ഈ അവഹേളനങ്ങൾ എന്നെ വിഷമിപ്പിച്ചു. എൻ്റെ മനസികാരോഗ്യം മോശമായി. ഞാൻ മരുന്ന് കഴിക്കാൻ തുടങ്ങി. ഞാൻ ഒറ്റപ്പെട്ടു, അപഹാസ്യനായി. 2016ൽ ഗാരി ബല്ലൻസ് ക്യാപ്റ്റനും ആൻഡ്രൂ ഗെയിൽ പരിശീലകനുമായി എത്തി. കാര്യങ്ങൾ വീണ്ടും ഗുരുതരമായി. ഞാൻ ക്ലബ് വിടുമ്പോൾ കരാറിൽ നാലോ അഞ്ചോ മാസം ബാക്കിയുണ്ടായിരുന്നു. കാര്യങ്ങൾ മൂടിവെക്കുകയാണെങ്കിൽ അവർ വലിയ ഒരു നൽകാമെന്ന് പറഞ്ഞു. ഞാൻ പാകിസ്താനിലേക്ക് പോയി. തിരികെ വരാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല.”- അസീം വെളിപ്പെടുത്തി.
Story Highlights : ECB action plan tackle racism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here