നായയ്ക്ക് കെവിൻ എന്ന് പേരിട്ടതിനു പിന്നിൽ വംശീയ വിദ്വേഷമില്ല: അലക്സ് ഹെയിൽസ

തൻ്റെ വളർത്തുനായയ്ക്ക് കെവിൻ എന്ന് പേരിട്ടതിനു പിന്നിൽ വംശീയ വിദ്വേഷമില്ലെന്ന് ഇംഗ്ലണ്ട് ബാറ്റർ അലക്സ് ഹെയിൽസ്. ആരോപണം പൂർണമായി നിഷേധിക്കുകയാണെന്ന് ഹെയിൽസ് പറഞ്ഞു. യോർക്‌ഷെയറിൻ്റെ മുൻ താരം അസീം റഫീഖ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഹെയിൽസ്. വാർത്താകുറിപ്പിലൂടെയാണ് താരം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ചത്. (Alex Hales racial dog)
“എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഞാൻ പൂർണമായും നിഷേധിക്കുന്നു. എൻ്റെ പട്ടിക്ക് പേരിട്ടതിൽ വംശീയ വിദ്വേഷമില്ല. അസീം റഫീഖിനു നേരിടേണ്ടി വന്നതിൽ എനിക്ക് സഹതാപമുണ്ട്. അദ്ദേഹം എടുത്ത നിലപാടിനോട് ബഹുമാനവുമുണ്ട്. ക്രിക്കറ്റിൽ ഒരു തരത്തിലുമുള്ള വിവേചനങ്ങൾക്ക് സ്ഥാനമില്ല. ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണങ്ങളോടും സഹകരിക്കും.”- നോട്ടിംഗ്‌ഹാമിനായി കളിക്കുന്ന ഹെയിൽസ് പറഞ്ഞു.
Read Also : ‘ഏഷ്യൻ താരങ്ങളോട് ശുചിമുറിയുടെ അടുത്തിരിക്കാൻ പറയുമായിരുന്നു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അസീം റഫീഖ്
കഴിഞ്ഞ ആഴ്ചയിൽ മാത്രം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനു ലഭിച്ചത് 1000ലധികം വംശീയാധിക്ഷേപ പരാതികളെന്നാണ് റിപ്പോർട്ട്. കൗണ്ടി ക്ലബായ യോർക്‌ഷെയറിൽ കളിച്ചിരുന്ന സമയത്ത് തനിക്ക് നേരിട്ട വംശീയാധിക്ഷേപങ്ങളെപ്പറ്റിയുള്ള അസീം റഫീഖിൻ്റെ തുറന്നുപറച്ചിലിനു പിന്നാലെയാണ് കൂടുതൽ ആളുകൾ പരാതിയുമായി രംഗത്തെത്തിയത്. ടെലഗ്രാഫ് ആണ് വാർത്ത പുറത്തുവിട്ടത്.
തനിക്ക് നേരിട്ട വംശീയാധിക്ഷേപങ്ങളിൽ അസീം റഫീഖ് കൂടുതൽ കാര്യങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ക്ലബിൽ കളിച്ചുകൊണ്ടിരുന്ന സമയത്ത് വംശീയവെറി നേരിടേണ്ടി വന്നു എന്ന വെളിപ്പെടുത്തലിനു പിന്നാലെ ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ സ്പോർട്സ് കമ്മറ്റി നടത്തിയ ഹിയറിങ്ങിലാണ് അസീം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. പലപ്പോഴും വികാരധീനനായാണ് അസീം സംസാരിച്ചത്. മുൻ ഇംഗ്ലൻ്റ് ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോൺ, യോർക്‌ഷെയർ മുൻ ക്യാപ്റ്റനും ഇംഗ്ലണ്ട് താരവുമായ ഗാരി ബല്ലൻസ് എന്നിവർക്കെതിരെയൊക്കെ അസീം വംശീയാധിക്ഷേപ പരാതി ഉന്നയിച്ചു.
“ബല്ലൻസ് ഏഷ്യൻ താരങ്ങളെ ‘കെവിൻ’ എന്നാണ് വിളിച്ചിരുന്നത്. വെളുത്ത വർഗക്കാരല്ലാത്തവരെ വിളിക്കുന്ന പേരായിരുന്നു അത്. ഇംഗ്ലണ്ട് ഡ്രസിംഗ് റൂമിൽ അത് ഒരു പരസ്യമായ രഹസ്യമായിരുന്നു. ബല്ലൻസിൻ്റെ സുഹൃത്ത് അലക്സ് ഹെയിൽസ് തൻ്റെ പട്ടിക്ക് കെവിൻ എന്നാണ് പേരിട്ടത്. കാരണം ആ പട്ടി കറുത്തതായിരുന്നു.”- റഫീഖ് പറഞ്ഞു.
Story Highlights: Alex Hales denies racial connotation dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here