Advertisement

മോഫിയയുടെ മരണം നിർഭാഗ്യകരം; ഗവർണർ

November 28, 2021
2 minutes Read
governer mofiya parveen house

ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ പർവീൻ്റെ മരണം നിർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മോഫിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ. (governer mofiya parveen house)

മരണം നിർഭാഗ്യകരമാണ്. നഷ്ടമായത് ഒരു മിടുക്കിയെയാണ്. പെൺകുട്ടികൾ ധൈര്യശാലികളാവണം. ജീവനൊടുക്കുകയല്ല, പോരാടുകയാണ് വേണ്ടത്. യുവതികൾ ഇക്കാര്യത്തിൽ തീരുമാനം എടുക്കണം. ചില മോശം ആളുകളുണ്ടെങ്കിലും കേരള പൊലീസ് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിൽ ഒന്നാണ് എന്നും ഗവർണർ പ്രതികരിച്ചു.

ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നും സിഐയുടെ പെരുമാറ്റത്തെ തുടർന്നുമാണ് മോഫിയ ആത്മഹത്യ ചെയ്തത്. കുറ്റപത്രത്തിൽ മുൻ സിഐ സുധീറിന്റെ പേരും പരാമർശിക്കുന്നു. സുധീറിന്റെ പെരുമാറ്റം മോഫിയക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നാണ് കുറ്റപത്രത്തിലുള്ളത്. സിഐയുടെ പെരുമാറ്റം പെൺകുട്ടിയെ മരണത്തിലേക്ക് തള്ളിവിടുന്നതിന് കാരണമായിയെന്ന് എഫ്ഐആറിൽ പറയുന്നു. മോഫിയ ഭർത്താവിനെ അടിച്ചപ്പോൾ സിഐ കയർത്ത് സംസാരിച്ചു എന്നും കണ്ടെത്തലുണ്ട്.

Read Also : ഗവർണർ മോഫിയയുടെ വീട് സന്ദർശിക്കും

ഇരുവരും തമ്മിലുള്ള പ്രശ്നം ചർച്ചചെയ്ത് പരിഹരിക്കാൻ വേണ്ടിയാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എസ്പിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ ഒരു ഘട്ടത്തിൽ മോഫിയയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ഭർത്താവിനെ അടിക്കുകയും ചെയ്തു. ഈ സമയം സിഐ സുധീർ മോഫിയയോട് കയർത്ത് സംസാരിച്ചു. ഇത് യുവതിക്ക് കടുത്ത മനോവിഷമം ഉണ്ടാക്കി. നീതി ലഭിക്കില്ല എന്ന തോന്നൽ യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചു എന്നും എഫ്ഐആറിൽ പറയുന്നു. സ്റ്റേഷനിൽ നിന്ന് വീട്ടിൽ എത്തിയ ഉടനെയാണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നു.

നിലവിൽ സുധീറിന്റെ പേര് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തെ പ്രതി ചേർക്കുന്ന കാര്യം നിലവിൽ തീരുമാനിച്ചിട്ടില്ല. ആദ്യ ഘട്ടത്തിൽ ആത്മഹത്യ പ്രേരണ കുറ്റം മനപൂർവം അല്ലാത്ത നരഹത്യ അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വകുപ്പുകൾ സിഐക്കെതിരെ ചുമത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ സമയത്താണ് സിഐയുടെ പേര് എഫ്ഐആറിൽ പരാമർശിക്കുന്നത്.

സിഐ സുധീറിനെ കേസിൽ പ്രതിയാക്കണമെന്നും അദ്ദേഹത്തിന്റെ മറ്റു ചെയ്തികളടക്കം അന്വേഷിക്കണമെന്നും അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു.

Story Highlights : governer visited mofiya parveen house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement