24 വാർത്ത തുണയായി; കോഴിക്കോട് അമ്മയ്ക്കും 4 മക്കൾക്കും വീടൊരുങ്ങി; താക്കോൽദാനം നിർവഹിച്ച് മന്ത്രി

ട്വന്റിഫോറിന്റെ മൂന്നാം പിറന്നാളാഘോഷത്തിന് ഇരട്ടി മധുരം പകർന്ന് കോഴിക്കോട് നെല്ലിക്കോട് പൂവങ്ങലിൽ അമ്മയ്ക്കും നാല് മക്കൾക്കും വീടൊരുങ്ങി. ( minister handover key to reshma )
സുരക്ഷിതത്വമില്ലാത്ത ചോർന്നൊലിക്കുന്ന കൂരയിൽ ഭയത്തോടെ അന്തിയുറങ്ങുന്ന രേഷ്മയുടെ കുടുംബത്തെക്കുറിച്ച് അഞ്ച് മാസം മുൻപാണ് ട്വന്റിഫോർ റിപ്പോർട്ട് ചെയ്തത്. വാർത്ത കണ്ട് സുമനസുകളെല്ലാം കൈകോർത്തതോടെ വീടെന്ന രേഷ്മയുടെയും മക്കളുടെയും സ്വപ്നം യാഥാർഥ്യമായി. വീടിന്റെ താക്കോൽദാന ചടങ്ങ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വീട്ടിലെത്തി നിർവഹിച്ചു.
കോഴിക്കോട്ടുകാരിയായ രേഷ്മയുടെയും നാല് മക്കളുടെയും ജീവിതം ട്വന്റി ഫോറിലൂടെ കണ്ട് സഹായിക്കാനെത്തിയതും കോഴിക്കോട്ടുകാരൻ തന്നെയാണ്. സീലൈൻസ് കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന പുത്തൂർമഠം സ്വദേശി അശോകൻ തെക്കേടത്താണ് ആ നല്ല മനുഷ്യൻ.

നിർമാണ സാധനങ്ങൾ എത്തിച്ചു നൽകാമെന്ന് അശോകൻ അറിയിച്ചതോടെ നിർമാണച്ചുമതല നാട്ടുകാർ ഏറ്റെടുത്തു. പിന്നാലെ വീട് നിർമാണം തുടങ്ങാനുള്ള കല്ലും ഇറക്കി. ഇന്ന് വീടെന്ന സ്വപ്നം യഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് രേഷ്മയും മക്കളും. വീട് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് രേഷ്മ ട്വന്റിഫോറിനോട് പറഞ്ഞു.
വീട്ടുജോലിക്ക് പോയാണ് നാല് കുട്ടികളെയും രേഷ്മ പഠിപ്പിക്കുന്നത്. സാങ്കേതിക കുരുക്കിൽ വീടെന്ന സ്വപ്നം യഥാർഥ്യമാകാതിരുന്ന, ചോർന്നൊലിക്കുന്ന കൂരയിൽ അന്തിയുറങ്ങുന്ന അമ്മയ്ക്കും നാല് മക്കൾക്കും ഇനി സുരക്ഷിതമായ അടച്ചുറപ്പുള്ള വീട്ടിൽ സമാധാനമായി താമസിക്കാം.
Story Highlights : minister handover key to reshma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here