നാഗാലാൻഡ് വെടിവയ്പ്; സൈന്യം വെടിയുതിർത്തത് സ്വയം പ്രതിരോധത്തിന് വേണ്ടി, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; ലോക്സഭയിൽ അമിത്ഷാ

നാഗാലാൻഡ് വെടിവയ്പ് വിഷയത്തിൽ ലോക്സഭയിൽ വിശദീകരണം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സൈന്യം വെടിയുതിർത്തത് വാഹനങ്ങൾക്ക് നേരെയെന്ന് അമിത്ഷാ പറഞ്ഞു. സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് സൈന്യം വെടിവച്ചതെന്നും വാഹനം നിർത്താതെ പോയതിനാലാണ് വെടിവയ്‌ക്കേണ്ടി വന്നതെന്നും അമിത് ഷാ ലോക്സഭയിൽ വിശദീകരിച്ചു.
വാഹനത്തിലുണ്ടായിരുന്ന എട്ട് പേരിൽ ആറ് ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ ഒരു സൈനികനും വീരമൃത്യു വരിച്ചതായും അമിത് ഷാ വ്യക്തമാക്കി. ഈ സംഭവം അറിഞ്ഞതിനെ തുടർന്ന് ഗ്രാമീണർ സൈനിക കേന്ദ്രം വളയുകയും രണ്ടു വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സൈന്യത്തിന് നേരെ ആക്രമണവുമുണ്ടായി.
Read Also : നാഗാലാൻഡ് സംഘർഷം; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം
സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ പ്രാദേശിക ഭരണകൂടങ്ങളും പോലീസും ശ്രമിക്കുകയാണ്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. തിങ്കളാഴ്ച നാഗാലാൻഡ് ഡിജിപി സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സംസ്ഥാന ക്രൈം ബ്യൂറോയ്ക്ക് കൈമാറുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കി.
Story Highlights : Nagaland firing- amit shah- lok sabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here