Advertisement

അഭയാർത്ഥിയായി യുഎസിലെത്തി; കൈയിലുണ്ടായിരുന്നത് വെറും 300 ഡോളർ; ഇന്ന് നാസയുടെ മാർസ് റോവർ ടീമിനെ നയിക്കുന്നു

December 10, 2021
Google News 1 minute Read

മെച്ചപ്പെട്ട ജീവിതവും കൂടുതൽ അവസരങ്ങളും സ്വപ്നം കണ്ട് നിരവധി പേരാണ് യുഎസിലേക്ക് കുടിയേറി പാർക്കാറുള്ളത്. അതിലൊരാളാണ് ഡയാന ട്രുജില്ലോ. കൊളംബിയയിലെ കാലിയിലാണ് ഡയാന വളർന്നത്. ചെറുപ്പം മുതലേ ശാസ്ത്രത്തെ കുറിച്ചറിയാനും ബഹിരാകാശത്തെ കുറിച്ച് പഠിക്കാനും ഏറെ ആഗ്രഹവും കൗതുകവുമായിരുന്നു ഡയാനയ്ക്ക്. പക്ഷെ അന്നൊരിക്കലും ഡയാന ഓർത്തില്ല ഏതാനും ദശാബ്ദങ്ങൾക്കുശേഷം തന്റെ സ്വപ്നങ്ങൾ അവളെ ഇത്രയും ദൂരം കൊണ്ടുപോകുമെന്ന്.

നാസയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന ഡയാനയുടെ സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. ഇന്ന് അവൾ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലാബിൽ 45 പേരടങ്ങുന്ന സംഘത്തെ നയിക്കുന്ന എയ്‌റോസ്‌പേസ് എഞ്ചിനീയറാണ്. അവിടെ, അവളുടെ ടീം പെർസെവറൻസ് മാർസ് റോവറിനായി റോബോട്ടിക് ആം നിർമിക്കുന്ന തിരക്കിലാണ്.

നാസയിലേക്കുള്ള എത്തിച്ചേരൽ

കൊളംബിയയിൽ ജനിച്ചു വളർന്ന ഈ കൊച്ചു പെൺകുട്ടി, പ്രപഞ്ചത്തെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ഇഷ്ടപ്പെട്ടു. അതിനോടുള്ള അതിയായ ആഗ്രഹവും പരിശ്രമവും വിശ്വാസവും ഒരു വലിയ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ഇന്ന് അവളെ നയിച്ചിരിക്കുന്നു.

ശാസ്ത്രവിഷയത്തിൽ കരിയർ തെരെഞ്ഞെടുക്കണമെന്ന് ചെറുപ്പത്തിലെ തന്നെ ഡയാന തീരുമാനിച്ചിരുന്നു. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. അവളുടെ പാതയിലെ ഓരോ തടസങ്ങളും അവൾ മറികടന്നു. പുരുഷ മേധാവിത്വമുള്ള ഫീൽഡിൽ ലാറ്റിനക്കാരി കൂടിയായ തനിക്ക്, കരിയർ എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് ഡയാനയ്ക്ക് ഉറപ്പില്ലായിരുന്നു. എങ്കിലും ഭാഷ കൈകാര്യം ചെയ്യാനും സംസാരിക്കാൻ അറിയുന്നതും അവൾക്ക് ഒരു നേട്ടമുണ്ടാക്കുമെന്ന് അവളുടെ അച്ഛൻ പ്രചോദനം നൽകി. അദ്ദേഹം മകളുടെ കൂടെ അവളുടെ ഏറ്റവും വലിയ ചിയർ ലീഡറായി ഒപ്പം നിന്നു.

അങ്ങനെ തന്റെ പതിനേഴാമത്തെ വയസിൽ ശാസ്ത്ര ജീവിതം തുടങ്ങാൻ യുഎസിലേക്ക് കുടിയേറാൻ ഡയാന തീരുമാനിച്ചു. അവളുടെ പോക്കറ്റിൽ അന്ന് വെറും 300 ഡോളർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അതൊരു പുതിയ തുടക്കമായി കണ്ട ഡയാന എന്തിനാണോ വന്നത് അതിൽ വിജയിക്കുമെന്ന് പ്രതിജ്ഞയെടുത്തു. മിയാമി ഡെയ്‌ഡ് കോളേജിലെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ പഠനത്തോടൊപ്പം ഹൌസ് ക്ലീനിങ് ജോലിയും ചെയ്തു. ചിലപ്പോൾ ആറ് ബസുകൾ മാറികേറിയാണ് ഡയാന ക്ലാസിലെത്തിയിരുന്നത്. എങ്കിലും ആരോടും ഒരു പരാതിയോ പരിഭവമോ പറയാതെ പഠനത്തോടൊപ്പം ജോലിയും കൊണ്ടുപോയി സ്വപ്നത്തിനായി പരിശ്രമിച്ചു.

നാസ അക്കാദമിയിലെ ആദ്യത്തെ ഹിസ്പാനിക് വനിത

ഫ്ലോറിഡ സർവകലാശാലയിൽ പഠനത്തിന് ശേഷം എംഡിസിയിൽ ബഹിരാകാശ ശാസ്ത്രത്തിൽ ഡയാന പഠനം തുടർന്നു. അവിടുത്തെ പ്രൊഫസർമാർ അവളുടെ ശ്രമങ്ങൾ തിരിച്ചറിയുകയും നാസ അക്കാദമിയിലേക്ക് അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെ നാസ അക്കാദമിയിലെ ആദ്യത്തെ ഹിസ്പാനിക് കുടിയേറ്റ വനിതയായി ഡയാന മാറി. അവിടെയും ഡയാന മികവ് പുലർത്തി. ഒടുവിൽ നാസയുടെ ടീമിൽ ഒരാളായി ഡയാന മാറി.

നേട്ടങ്ങൾ

അവിടെ വെച്ച് ഡയാന റോബോട്ടുകളുടെ വിദഗ്ധനായ ബ്രയാൻ റോബർട്ട്സിനെ പരിചയപ്പെട്ടു. അദ്ദേഹം അവളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് മേരിലാൻഡ് സർവകലാശാലയിലെ തന്റെ നാസ ബഹിരാകാശ റോബോട്ടിക്സ് ഗവേഷണ വിഭാഗത്തിൽ ചേരാൻ അവളോട് ആവശ്യപ്പെട്ടു. 2007 ൽ അവിടെ നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ ബിരുദം നേടി.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ആ വർഷം അവസാനം, അവൾ നാസയുടെ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിൽ കോൺസ്റ്റലേഷൻ പ്രോഗ്രാമിൽ അംഗമായി. അങ്ങനെ റോബോട്ടിക് ബഹിരാകാശ ദൗത്യങ്ങളിൽ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ പ്രവർത്തിക്കാൻ തുടങ്ങി. നാസയിൽ ജോലിക്കെത്തിയതു മുതൽ, ചൊവ്വ റോവറിന്റെ ഫ്ലൈറ്റ് ഡയറക്ടറായി ഡയാന പ്രവർത്തിച്ചു.

2014-ൽ ക്യൂരിയോസിറ്റി റോവറിന്റെ പ്രവർത്തന സുരക്ഷാ ടീമിനെ നയിച്ചപ്പോൾ അത് ഡയാനയുടെ കരിയറിലെ നാഴികക്കല്ല് പിന്നിട്ടു. ഈ ദൗത്യത്തിനിടെ, ചൊവ്വയുടെ ഉപരിതലം നന്നായി പര്യവേക്ഷണം ചെയ്യാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നതിന് ഉപകരണം വികസിപ്പിച്ചെടുത്തു. ഈ സുപ്രധാന നേട്ടം സാങ്കേതിക വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള 20 ലാറ്റിനോകളിൽ ഒരാളായി അവളുടെ അംഗീകാരം നേടി. കഴിഞ്ഞ മാസം ചൊവ്വയിൽ മാർസ് പെർസെവറൻസ് റോവർ ഇറങ്ങിയപ്പോൾ ആ ചരിത്ര സംഭവത്തിന് ഡയാന കമന്ററി നൽകി. നാസയുടെ ആദ്യത്തെ സ്പാനിഷ് ഭാഷ സംപ്രേഷണം ആയിരുന്നു അത്.

Story Highlights : Immigrates USA leads Nasa mars rover

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here