Advertisement

ഋതുരാജിന് തുടർച്ചയായ മൂന്നാം സെഞ്ചുറി; നിധീഷിന് അഞ്ച് വിക്കറ്റ്; മഹാരാഷ്ട്രക്കെതിരെ കേരളത്തിന് 292 റൺസ് വിജയലക്ഷ്യം

December 11, 2021
Google News 2 minutes Read
vijay hazare maharashtra kerala

വിജയ് ഹസാരെ ട്രോഫിയിൽ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് 292 റൺസ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് മഹാരാഷ്ട്ര 291 റൺസ് നേടിയത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിൻ്റെ സെഞ്ചുറിയുടെ കരുത്തിലാണ് മഹാരാഷ്ട്ര മികച്ച സ്കോർ നേടിയത്. ടൂർണമെൻ്റിൽ ഋതുരാജിൻ്റെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണ് ഇത്. ടൂർണമെൻ്റിൽ ആകെ മഹാരാഷ്ട്ര കളിച്ചത് 3 മത്സരങ്ങളാണ്. ഈ മത്സരങ്ങളിലെല്ലാം സെഞ്ചുറി നേടാൻ താരത്തിനു സാധിച്ചു. ഋതുരാജിനൊപ്പം രാഹുൽ ത്രിപാഠിയും (99) തിളങ്ങി. കേരളത്തിനായി നിധീഷ് എംഡി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചപ്പോൾ ബേസിൽ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി. (vijay hazare maharashtra kerala)

2 വിക്കറ്റ് നഷ്ടത്തിൽ 22 റൺസെന്ന നിലയിൽ പതറിയ മഹാരാഷ്ട്രയെയാണ് ഋതുരാജും ത്രിപാഠിയും ചേർന്ന് കരകയറ്റിയത്. ടൂർണമെൻ്റിൽ അസാമാന്യ ഫോമിലുള്ള ഋതുരാജ് ഫോം തുടർന്നതോടെ കേരളം വിയർത്തു. ഋതുരാജിനൊപ്പം ത്രിപാഠിയും ക്രീസിൽ ഉറച്ചതോടെ മൂന്നാം വിക്കറ്റിൽ സഖ്യം 195 റൺസിൻ്റെ കൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തി. സെഞ്ചുറിക്ക് ഒരു റൺ മാത്രം അകലെ ത്രിപാഠിയെ വീഴ്ത്തിയ നിധീഷ് കേരളത്തിന് ബ്രേക്ക് ത്രൂ നൽകി.

Read Also : വീണ്ടും നിരാശപ്പെടുത്തി സഞ്ജു; മധ്യപ്രദേശിനെതിരെ കേരളത്തിനു തോൽവി

ത്രിപാഠി വീണിട്ടും ബാറ്റിംഗ് തുടർന്ന ഋതുരാജ് 110 പന്തിൽ തൻ്റെ മൂന്നാം സെഞ്ചുറി കണ്ടെത്തി. മറുവശത്ത് വിക്കറ്റുകൾ തുടരെ നഷ്ടപ്പെടുമ്പോഴും മികച്ച ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയ ഋതുരാജ് ഒടുവിൽ വിശ്വേശ്വർ സുരേഷിൻ്റെ ഇരയായി മടങ്ങി. 129 പന്തിൽ 124 റൺസെടുത്താണ് താരം പുറത്തായത്. വീണ്ടും വിക്കറ്റുകൾ തുടരെ നഷ്ടപ്പെട്ടെങ്കിലും എഎൻ കാസി (20), സ്വപ്നിൽ പി (14) എന്നിവരുടെ പ്രകടനം മഹാരാഷ്ട്രയെ മുന്നൂറിനരികെ എത്തിച്ചു.

കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച് നിൽക്കുകയാണ് മഹാരാഷ്ട്ര. അതേസമയം, ആദ്യ കളി ഛണ്ഡീഗഡീനെതിരെ വിജയിച്ച കേരളം രണ്ടാം മത്സരത്തിൽ മധ്യപ്രദേശിനെതിരെ തോൽവി വഴങ്ങി. ഈ മത്സരത്തിൽ വിജയിക്കുക എന്നത് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കേരളത്തിന് അനിവാര്യമാണ്. നിലവിൽ എലീറ്റ് ഗ്രൂപ്പ് ഡിയിൽ രണ്ടാമതാണ് കേരളം. മഹാരാഷ്ട്ര ഒന്നാമതും മധ്യപ്രദേശ് മൂന്നാമതുമാണ്.

Story Highlights : vijay hazare trophy maharashtra kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here