Advertisement

ജെ.സി ഡാനിയേല്‍ പുരസ്‌കാരം പി. ജയചന്ദ്രന്

December 13, 2021
Google News 2 minutes Read
jc daniel award

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത പിന്നണി ഗായകന്‍ പി.ജയചന്ദ്രന്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി ഡാനിയേല്‍ പുരസ്‌കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ്.

അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പി.ജയചന്ദ്രന്‍ മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും, നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നടി സീമ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

പുരസ്‌കാര സമര്‍പ്പണം 2021 ഡിസംബര്‍ 23ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 56വര്‍ഷം മുമ്പ് 1965ല്‍ ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ചിത്രത്തില്‍ പി. ഭാസ്‌കരന്റെ രചനയായ ‘ഒരു മുല്ലപ്പൂമാലയുമായ്’ എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടിക്കൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രവേശിച്ച ജയചന്ദ്രന്‍ വിവിധ ഭാഷകളിലായി പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1985ല്‍ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്‌കാരം നേടി. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചുതവണ നേടിയിട്ടുണ്ട്.

Read Also : ജെസിബി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്; പുരസ്കാരത്തുക 25 ലക്ഷം രൂപ

കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന 28ാമത്തെ വ്യക്തിയാണ് പി.ജയചന്ദ്രന്‍. 1992ലാണ് ജെ.സി ഡാനിയേല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2019ല്‍ ഹരിഹരനായിരുന്നു പുരസ്‌കാര ജേതാവ്. ഒരു ലക്ഷം രൂപയായിരുന്ന സമ്മാനത്തുക 2016ലാണ് അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയത്.

Story Highlights : jc daniel award, P Jayachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here