Advertisement

കേരളത്തിന്റെ തലസ്ഥാന മാള്‍ ആകാന്‍ ലുലു; ഔപചാരിക ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

December 16, 2021
1 minute Read
lulu mall thiruvananthapuram

അനന്തപുരിയിലെ ജനങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. തിരുവനന്തപുരം ലുലു മാള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9 മണി മുതലാണ് മാള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലു മാള്‍. രണ്ടായിരം കോടി രൂപ നിക്ഷേപത്തില്‍ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ടെക്‌നോപാര്‍ക്കിന് സമീപം ആക്കുളത്ത് മാള്‍ പണികഴിപ്പിച്ചിരിക്കുന്നത്.

2 ലക്ഷം ചതുരശ്രയടി, വിസ്തീര്‍ണ്ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിന്റെ മുഖ്യ ആകര്‍ഷണം. ഗ്രോസറി, പഴം പച്ചക്കറികള്‍, വൈവിധ്യമാര്‍ന്ന മറ്റുല്‍പ്പനങ്ങള്‍, ബേക്കറി, ഓര്‍ഗാനിക് ഫുഡ്, ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങളുമായി വ്യത്യസ്തവും, വിശാലവുമാണ് ഹൈപ്പര്‍മാര്‍ക്കറ്റ്. ഇത് കൂടാതെ ഇന്ത്യന്‍, അറബിക് ഭക്ഷണത്തിനായുള്ള പ്രത്യേക സെക്ഷനുകളുമുണ്ട്. കുടുംബശ്രീ ഉള്‍പ്പെടെ പ്രാദേശികമായി സംഭരിച്ച ഉല്‍പ്പന്നങ്ങളും ഇവിടെ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.

ഇതോടൊപ്പം ടെക്‌നോളജി ട്രെന്‍ഡുകളുമായി ലുലു കണക്ട്, ഫാഷന്‍ ലോകത്തെ തുടിപ്പുകള്‍ അണിനിരത്തുന്ന ലുലു ഫാഷന്‍ സ്റ്റോര്‍, മലയാളികളുടെ വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി മാറുന്ന ലുലു സെലിബ്രേറ്റ് എന്നിവയടക്കം ഷോപ്പിംഗിന് തികച്ചും പുത്തന്‍ അനുഭവം നല്‍കുന്നതാണ് മാള്‍. 200ല്‍ പരം രാജ്യാന്തര ബ്രാന്‍ഡുകളാണ് ലുലു മാളിലെ ഷോപ്പുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

പല രാജ്യങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന രുചികളുമായിഒരേ സമയം 2,500പേര്‍ക്ക് ഇരിക്കാന്‍ ആകുന്ന ഫുഡ് കോര്‍ട്ട് സജ്ജമാണ്. ഇതിനു പുറമെ സ്റ്റാര്‍ ബക്ക്‌സ് മുതല്‍ നാടന്‍ വിഭവങ്ങള്‍ വരെ ഒരുക്കി കഫേകളും റസ്റ്റോറന്റ്കളും നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വിനോദത്തിന്റെ ഇതുവരെ കാണാത്ത ലോകമൊരുക്കി ഫണ്‍ട്യൂറ എന്ന ഏറ്റവും വലിയ എന്റര്‍ടെയിന്മെന്റ് സെന്ററും മാളില്‍ ഒരുങ്ങിക്കഴിഞ്ഞു. 80,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ഫണ്‍ട്യൂറ നിര്‍മ്മിച്ചിരിക്കുന്നത്.

അത്യാധുനിക മികവോടെ 12 സ്‌ക്രീന്‍ സൂപ്പര്‍ പ്ലക്‌സ് തീയേറ്ററും സജ്ജമാകുന്നുണ്ട്. 15000ത്തോളം പേര്‍ക്കാണ് നേരിട്ടും അല്ലാത്തെയും തൊഴിലവസരം ലഭിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 600 ഓളം പേര്‍ ലുലു ഗ്രൂപ്പിന്റെ നേരിട്ടുള്ള സ്റ്റാഫായി ലുലു മാളില്‍ ഇതിനകം ജോലി ചെയ്യുന്നുണ്ട്.

എടിഎം, കറന്‍സി എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങള്‍ക്ക് പുറമെ മാളിന്റെ എല്ലായിടത്തും ആയാസരഹിതമായി എത്തുന്നതിനായിഎല്ലാ നിലകളിലും ലിഫ്റ്റും, എസ്‌കലേറ്ററുകളും സജ്ജമാണ്. അടിയന്തിര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഫാര്‍മസി, ആംബുലന്‍സ്, ഫസ്റ്റ് എയ്ഡ് എന്നിവയും ഇവിടെയുണ്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് എല്ലാ മുന്‍കരുതലുകളും മാളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് മറ്റൊരു മാളിലും കാണാന്‍ ഇടയില്ലാത്ത രീതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക ഇടനാഴികളും, മോട്ടോറൈസ്ഡ് വീല്‍ ചെയറും, ഹെല്‍പ് ഡെസ്‌കും മാളിലുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ആയി ഫീഡിങ് റൂമും ഒരുങ്ങിക്കഴിഞ്ഞു.

വിശാലമായ പാര്‍ക്കിംഗ് സംവിധാനം മാളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ബുദ്ധിമുട്ടില്ലാത്തതുമായ വാഹന പാര്‍ക്കിംഗ് ഉറപ്പ് തരുന്നു. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ 3,500 ലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനമാണ് മാളിലുള്ളത്. ഇതില്‍ ബേസ്‌മെന്റില്‍ മാത്രം ആയിരം വാഹനങ്ങള്‍ക്കും, ഓപ്പണ്‍ പാര്‍ക്കിംഗ് ഏരിയയില്‍ അഞ്ഞൂറ് വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് സൗകര്യമുണ്ടാകും.

Read Also : ട്വന്റിഫോറിന് പിറന്നാൾ സമ്മാനവുമായി യൂസഫലി; 24 നിർദേശിക്കുന്ന അർഹരായ അഞ്ച് പേർക്ക് വീട് നൽകും

ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങള്‍ക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി പാര്‍ക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം, ഇന്റലിജന്റ് പാര്‍ക്കിംഗ് ഗൈഡന്‍സ് എന്നീ അത്യാധുനിക സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍കെഎസ്ആര്‍ടിസിയുടെ പുതിയ സിറ്റി സര്‍വീസുകളും ഈ വഴിയുള്ള യാത്രക്കായി കൂട്ടിനെത്തും. ലുലു മാളിന് സമീപം തന്നെ ബസ്സ് സ്റ്റോപ് ഉള്ളത് കൊണ്ട് ബസില്‍ വന്നാലും ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാതെ യാത്രക്കാര്‍ക്ക് വേഗം മാളിലേക്കു കടക്കാം.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, ശശി തരൂര്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളടക്കം പങ്കെടുക്കും.

Story Highlights : lulu mall thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top