മൂന്ന് മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കെതിരെ

ഐഎസ്എലിൽ മുംബൈ സിറ്റിക്കെതിരായ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. ഈസ്റ്റ് ബെംഗാളിനെതിരെ കളിച്ച താരങ്ങളിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. പരുക്കിൽ നിന്ന് മുക്തനായ ഹർമൻജോത് ഖബ്ര ടീമിൽ തിരികെയെത്തി. പരുക്കേറ്റ് പുറത്തായ എനെസ് സിപോവിച്ചിനു പകരം റുയിവ ഹോർമിപോം കളിക്കും. പ്രശാന്തിനു പകരം പെരേര ഡിയാസും ടീമിലെത്തി.
4-4-2 ഫോർമേഷനിലാണ് വുകുമാനോവിച്ച് ടീമിനെ അണിനിരത്തിയിരിക്കുന്നത്. ഡിയാസും വാസ്കസും ആക്രമണത്തിന് നേതൃത്വം നൽകും. ലൂണ, സഹൽ, ജീക്സൺ, പുയ്തിയ എന്നിവർ മധ്യനിരയിലും ജെസൽ, ഹോർമിപോം, ലെസ്കോവിച്, ഖബ്ര എന്നിവർ പ്രതിരോധത്തിലും അണിനിരക്കും. 4-2-3-1 ആണ് മുംബൈയുടെ ഫോർമേഷൻ.
6 മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച് പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള മുംബൈ സിറ്റി എഫ്സി തകർപ്പൻ ഫോമിലാണ്. ബ്ലാസ്റ്റേഴ്സ് ആവട്ടെ അഞ്ച് മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് വിജയിച്ചത്. എടികെ മോഹൻ ബഗാൻ, എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സി, ചെന്നൈ എഫ്സി എന്നിവരെയൊക്കെ അനായാസം കീഴടക്കിയ മുംബൈക്ക് ഹൈദരാബാദിനു മുന്നിലാണ് അടിതെറ്റിയത്. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹൈദരാബാദ് വിജയിക്കുകയായിരുന്നു. ഇത്തരം പ്രകടനം നടത്താൻ കഴിയുമെന്നാണ് ബ്ലാസ്റ്റേഴ്സ് കരുതുന്നത്.
മുംബൈ സിറ്റിയും ബ്ലാസ്റ്റേഴ്സും തമ്മിൽ മുൻപ് 14 തവണ ഏറ്റുമുട്ടിയപ്പോൾ ആകെ രണ്ട് തവണ മാത്രമാണ് ബ്ലാസ്റ്റേഴ്സിനു വിജയിക്കാനായത്.
Story Highlights : kerala blasters team list mumbai city
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here