Advertisement

‘ഇന്ന് പറയാനുള്ളത് എന്താണോ അത് പറയണം, നാളെ ഞാന്‍ ജീവിച്ചിരുപ്പുണ്ടാകില്ല’; നിലപാടിന്റെ പൊതുപ്രവര്‍ത്തകന്‍

December 22, 2021
1 minute Read
pt thomas

ഒരു കാലത്ത് സംസ്ഥാന കോണ്‍ഗ്രസിലെ യുവതുര്‍ക്കികളിലൊരാളായിരുന്നു പി ടി തോമസ്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടെടുത്തിട്ടുള്ള പി.ടി തോമസ്, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്ത നിലപാടെടുത്ത് ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു. ട്വന്റിഫോര്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് പി.പി ജെയിംസുമായി ഒരിക്കല്‍ പങ്കുവച്ച അഭിമുഖ സംഭാഷണത്തില്‍ പി.ടി തോമസ് പറഞ്ഞ ചില വാക്കുകളാണ് അദ്ദേഹത്തിന്റെ വിയോഗത്തിനിടയിലും ശ്രദ്ധേയമാകുന്നത്.

‘നാളെ എനിക്കൊരു കാര്യം ചെയ്യണമെന്നുണ്ട്. പക്ഷേ നാളെ ഞാന്‍ ജീവിച്ചിരിപ്പുണ്ടാകില്ല. അതുകൊണ്ട് ഇന്ന് എനിക്ക് പറയാനുള്ളത്, ശബ്ദമുയര്‍ത്താനുള്ളത് എന്താണോ അത് പറയണം. നമ്മള്‍ ശരിക്കുവേണ്ടി നില്‍ക്കുമ്പോഴുള്ള ആത്മസംതൃപ്തിയാണ് ഏത് സ്ഥാനമാനങ്ങളെക്കാളും വലുത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍’. ഇതായിരുന്നു പി.ടി തോമസ് എന്ന പൊതുപ്രവര്‍ത്തകന്‍.

എന്നും കോണ്‍ഗ്രസിലെ വ്യത്യസ്ത ശബ്ദമായിരുന്നു പി.ടി.തോമസ്. ഉറച്ച നിലപാടുകളും അഭിപ്രായങ്ങളുമുള്ള തോമസ്, അതെവിടെയും തുറന്നുപറയാന്‍, ആരുടെ മുഖത്ത് നോക്കിയും പറയാന്‍ ഒരു മടിയും കാണിച്ചില്ല. പാര്‍ട്ടിയുടേതില്‍ നിന്ന് വ്യത്യസ്തമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന തോമസിന് അതിന് വിലയും നല്‍കേണ്ടിവന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ലോക്‌സഭാ സീറ്റ് തോമസിന് നിഷേധിച്ചു.

Read Also : സ്വന്തം നിലപാട് എന്നും ധൈര്യ പൂര്‍വം വിളിച്ചുപറഞ്ഞ വ്യക്തി; പി.ടിയുടെ വിയോഗത്തില്‍ അനുസ്മരിച്ച് രാഷ്ട്രീയ നേതാക്കള്‍

കിറ്റെക്‌സ് കമ്പനിയുടെ പ്രവര്‍ത്തനം കടമ്പ്രയാര്‍ മലിനപ്പെടുത്തിയെന്ന പി.ടി.തോമസിന്റെ ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഈയടുത്ത കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ആദ്യകാലത്ത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന തോമസ് പക്ഷെ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ഗ്രൂപ്പുകളില്‍ നിന്ന് അകന്നുനിന്നു. കെ.കരുണാകരന്‍ കോണ്‍ഗ്രസില്‍ ശക്തനായിരുന്ന കാലത്ത് അദ്ദേഹത്തോട് ഏറ്റുമുട്ടാന്‍ തോമസിന് ഒരു മടിയുമുണ്ടായിരുന്നില്ല. പാര്‍മെന്ററി രാഷ്ട്രീയത്തിന്റെ ഭാഗമായപ്പോള്‍ കാര്യങ്ങള്‍ പൂര്‍ണമായി പഠിച്ച്, ആധികാരികമായി സഭകളില്‍ അവതരിപ്പിക്കുന്ന ശീലവും പി.ടി. തോമസിന്റെ പ്രത്യേകതയായിരുന്നു.

Story Highlights : pt thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement