23
Jan 2022
Sunday

ആദ്യ ചിത്രത്തിന് മുൻപ് നൂറിലേറെ ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്; നിതിൻ തോമസ് ട്വന്റിഫോറിനോട്

nitin thomas interview

Interview with Nitin Thomas

ബിന്ദിയ മുഹമ്മദ്/നിതിൻ തോമസ്

വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു ക്രിസ്മസ് കാലം. അന്ന് ഒരു ഷോർട്ട് ഫിലിമിന്റെ ചിത്രീകരണത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു നിതിൻ തോമസ്. വഴിയിൽ ഒരു യുവാവ് ലിഫ്റ്റ് ചോദിച്ച് കയറി. പരസ്പരം പരിചയപ്പെട്ടപ്പോഴാണ് അയാൾ ഓഡിഷന് പോയതാണെന്ന് പറയുന്നത്. ഷോർട്ട് ഫിലിമിനെ കുറിച്ച് നിതിനും പറഞ്ഞു. അഭിനയിക്കാൻ താത്പര്യമുണ്ടോ എന്നതായിരുന്നു യുവാവിന്റെ അടുത്ത ചോദ്യം. കാസ്റ്റിംഗ് കോളുകളെ കുറിച്ച് സ്ഥിരമായി പോസ്റ്റുകൾ ഇടുന്ന ഒരു ഫേസ്ബുക്ക് പേജും പറഞ്ഞുകൊടുത്തു. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ആ പേജിന്റെ ഉടമ താനാണെന്ന് നിതിൻ മിണ്ടിയില്ല. മനസിൽ സിനിമാ സ്വപ്‌നവുമായി നിതിൻ നടക്കാൻ തുടങ്ങിയിട്ട് അപ്പോഴേക്കും കുറച്ചധികം വർഷങ്ങളായിരുന്നു. തന്നെ പോലെ സിനിമയിൽ അവസരം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് കാസ്റ്റിംഗ് കോളുകൾ അറിയിക്കാനായി ഒരു പേജ് തുടങ്ങിയത്. അത് ഒരാൾക്കെങ്കിലും ഉപകരിച്ചാൽ അത് മതി നിതിന്….നടൻ അമിത് ചക്കാലക്കലിന്റെ അഭിനയജീവിത്തിന്റെ തുടക്കകാലത്തും ഈ പേജ് അദ്ദേഹത്തിന് ഉപകരിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്… സിനിമയിൽ നടനെന്ന ഒരു മോൽവിലാസമുണ്ടാക്കുക എന്ന സ്വപ്‌നത്തിനരികിലാണ് ഇന്ന് നിതിനും…. ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ലഭിക്കുന്നുണ്ട്…ആ സന്തോഷത്തിലാണ് നിതിന്റെ ഈ വർഷത്തെ ക്രിസ്മസ്..

ആദ്യ സിനിമ….

പന്ത്രണ്ട് വർഷമായി സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന നിതിന് സമീപകാലത്താണ് ശ്രദ്ധേയ വേഷങ്ങൾ ലഭിച്ച് തുടങ്ങുന്നത്. നൂറോളം സിനിമകളിൽ ഓഡിഷന് പോയ ശേഷമാണ് എനിക്ക് ഒരു സിനിമയിൽ അവസരം ലഭിക്കുന്നത്. എന്നാൽ ആ ചിത്രം വെളിച്ചം കണ്ടില്ല. പിന്നീടും നിരവധി സിനിമകൾ ഇത്തരത്തിൽ പാതിവഴിയിൽ മുടങ്ങിയും, തഴയപ്പെട്ടും പോയി. കടുത്ത നിരാശയിലൂടെയാണ് ആ സമയത്ത് കടന്നു പോയത്. തുടർന്ന് 2012 ലാണ് ലിറ്റിൽ മാസ്റ്റർ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. അത് തന്നെയാണ് പുറത്തിറങ്ങിയ ആദ്യ സിനിമയും.

Read Also : സിനിമയിൽ നിന്ന് മനഃപൂർവം ഒഴിഞ്ഞ് നിന്നതാണ്; അതിന് കാരണമുണ്ട്: മനസ് തുറന്ന് ബാബു ആന്റണി

ഡിസൈനറിൽ നിന്ന് നടനിലേക്ക്…

അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണ് നിതിനെ നടനാക്കിയത്. കോളജ് കാലഘട്ടം മുതൽ അഭിനയിച്ചു തുടങ്ങിയിരുന്നുവെന്ന് നിതിൻ പറയുന്നു. പിന്നീടുള്ള വർഷങ്ങളിൽ അത് കൂടുതൽ ഗൗരവമായി കണ്ടുതുടങ്ങി. ബിഎ അനിമേഷൻ & ഗ്രാഫിക് ഡിസൈനിംഗ് ബിരുദത്തിന് ശേഷം നിരവധി മാസികകളിൽ ഡിസൈനറആയി ജോലി ചെയ്തിട്ടുണ്ട്. അതിനിടെ അഭിനയ മോഹം മനസിൽ തന്നെ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി നിരവധി ഓഡിഷനുകളിൽ പങ്കെടുത്തു. ആദ്യമായി അഭിനയിച്ച സിനിമ ലിറ്റിൽ മാസ്റ്റർ 2012 ൽ പുറത്തിറങ്ങി. 2013 ൽ ഇൻഫിനിറ്റി ടൈംസ് എന്ന മാഗസിൻ ജോലി ചെയ്യുമ്പോഴാണ് ഇന്ത്യൻ സിനിമയുടെ 100-ാം വർഷികത്തോട് അനുബന്ധിച്ച് നടത്തിയ ആക്ടിങ് കോണ്ട്സ്റ്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുന്നത്. ലാൽ ജോസ് ആയിരുന്നു അതിന്റെ ജൂറി. അത് നിതിന് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.

nithin thomas interview

2015ൽ ബാംഗ്ലൂർ നിന്നും ഒരു സുഹൃത്ത് വഴി ‘നിശബ്ദം’ എന്ന തമിഴ് സിനിമയുടെ ഓഡിഷൻ അറ്റൻഡ് ചെയ്തു. ചിത്രത്തിൽ പൊലീസ് വേഷമാണ് നിതിന് ലഭിച്ചത്. തുടർന്ന് ജോലി രാജിവച്ച് അഭിനയത്തെക്കുറിച്ചു കൂടുതൽ മനസിലാക്കാൻ ചെന്നൈയിലെ കൂത്ത് പട്ടരിൽ ഒരു കോഴ്‌സ് ചെയ്തു. അവിടെ വച്ചാണ് നിതിനിലെ നടനെ ഇന്ന് കാണുന്ന നിലയിലേക്ക് രാകി മിനുക്കിയെടുത്തത്.

ജീവിതം മാറ്റി മറിച്ച ‘ആഹാ’…

ആഹാ എന്ന ഇന്ദ്രജിത്ത് സിനിമയിലൂടെയാണ് നിതിനെ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ‘ആഹാ’യിലെ പാക്കാൻ ബിജു ക്ലിക്കായി. സ്വന്തമായി ഒരു ക്യാരക്ടർ പോസ്റ്റർ ഉൾപ്പെടെ നിതിന് ലഭിച്ചു. തന്റെ നീണ്ട 12 വർഷക്കാലത്തെ കഷ്ടപ്പാട് വെറുതെയായില്ല എന്ന ആശ്വാസമായിരുന്നു നിതിന്. ആഹാ കാണാൻ സകുടുംബമാണ് നിതിൻ പോയത്. തന്റെ മുഖം വലിയ സ്‌ക്രീനിൽ കണ്ടപ്പോഴുള്ള അച്ഛന്റേയും അമ്മയുടേയും സന്തോഷം തന്നെയാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രതിഫലമെന്ന് നിതിൻ ട്വന്റിഫോറിനോട് പറഞ്ഞു.

കുടുംബം

അച്ഛൻ അമ്മ, ഭാര്യ ഒരു മകൾ. ഇതാണ് നിതിന്റെ കുടുംബം. നോർത്ത് പറവൂർ സ്വദേശിയായ നിതിന്റെ ഭാര്യ കോഗ്നിസെന്റിലെ ജീവനക്കാരിയാണ്. മകൾക്ക് രണ്ട് വയസായി. നിതിന്റെ സിനിമാ സ്വപ്‌നങ്ങൾക്ക് പൂർണ പിന്തുണ നൽകുന്ന വ്യക്തിയാണ് ഭാര്യ ആനി സോഫിയ. അത് തന്നെയാണ് തന്റെ കരുത്തുമെന്ന് നിതിൻ പറഞ്ഞു.

ഈ വർഷത്തെ ക്രിസ്മസ്

സിനിമാ അഭിനയത്തിനും ഓഡിഷനുകൾക്കെല്ലാം ഒരു ദിവസത്തേക്ക് വിരാമമിട്ടുകൊണ്ട് ക്രിസ്മസ് ദിനം പൂർണമായും വീട്ടിലാണ് നിതിൻ ചെലഴിച്ചത്. വറുത്തരച്ച താറാവ് കറി കുടുംബത്തിന് പാകംചെയ്ത് നൽകി സന്തോഷപൂർവം ക്രിസ്മസ് ആഘോഷിച്ചു.

nitin thomas interview

ദുൽഖർ സൽമാന്റെ ചിത്രമായ സല്യൂട്ടാണ് നിതിന്റെ ഇനി പുറത്തറിങ്ങാനുള്ള ചിത്രം. ദുൽഖറുമൊത്ത് കോമ്പിനേഷൻ സീനുണ്ട് നിതിന്. ഈ ആവേശവും നിതിൻ മറച്ചുവച്ചില്ല. ജമീലാന്റെ പൂവൻ കോഴി എന്ന ചിത്രവും അടുത്ത വർഷം പുറത്തിറങ്ങും. ചെറുകഥാപാത്രങ്ങളിൽ നിന്ന് വളർന്ന് ഭാവിയിൽ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിക്കണമെന്നാണ് നിതിന്റെ പ്രാർത്ഥന…തിരുപ്പിറവി ദിനത്തിലെ ഈ പ്രാർത്ഥനയ്ക്കുള്ള ഉത്തരം നിതിന്റെ കഠിനാധ്വാനം നൽകുമെന്നാണ് പ്രതീക്ഷയും…

Story Highlights : nithin thomas interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top