Advertisement

അണ്ടർ 19 ഏഷ്യാ കപ്പ്; ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് മികച്ച സ്കോർ

December 27, 2021
Google News 2 minutes Read

അണ്ടർ 19 ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിരങ്ങിയ അഫ്ഗാൻ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 259 റൺസാണ് നേടിയത്. പുറത്താവാതെ 86 റൺസെടുത്ത ഇജാസ് അഹ്മദ് അഹ്മദ്സായ് ആണ് അഫ്ഗാൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ സുലിമാൻ സാഫി 73 റൺസെടുത്ത് പുറത്തായി. (under 19 afghanistan india)

വളരെ സാവധാനത്തിലാണ് അഫ്ഗാനിസ്ഥാൻ ഇന്നിംഗ്സ് ആരംഭിച്ചത്. ഓപ്പണർ സുലൈമാൻ അറബ്സായ് 11ആം ഓവറിൽ 18 റൺസെടുത്ത് മടങ്ങുമ്പോൾ സ്കോർബോർഡിൽ 38 റൺസ് മാത്രമാണ് ഉണ്ടായിരുന്നത്. മുഹമ്മദ് ഇഷാഖ് (19), അള്ളാ നൂർ (26) എന്നിവരും വേഗം മടങ്ങിയതോടെ അഫ്ഗാൻ പതറി. 28.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിൽ തകർച്ച മുന്നിൽ കണ്ട അഫ്ഗാനെ ക്യാപ്റ്റൻ സുലിമാൻ സാഫിയും ഇജാസ് അഹ്മദ് അഹ്മദ്സായും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 88 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഇരുവരും ഫിഫ്റ്റിയടിച്ചു. 46ആം ഓവറിൽ സുലിമാൻ പുറത്തായതോടെ ഈ കൂട്ടുകെട്ട് തകർന്നു.

Read Also : അണ്ടർ 19 ഏഷ്യാ കപ്പ്: യുഎഇയെ തകർത്ത് ഇന്ത്യ തുടങ്ങി

തുടർന്ന് അഞ്ചാം വിക്കറ്റിൽ അഹ്മദ്സായ്- ഖൈബൽ വാലി സഖ്യവും നന്നായി ബാറ്റ് വീശി. അവസാന ഓവറുകളിൽ തുടർ ബൗണ്ടറികളിലൂടെ സ്കോർ ഉയർത്തിയ സഖ്യം അഫ്ഗാനെ മികച്ച സ്കോറിലേക്ക് നയിച്ചു. അവസാന ഓവറിൽ മാത്രം 3 സിക്സറും ഒരു ബൗണ്ടറിയും സഹിതം 27 റൺസെടുത്ത അഫ്ഗാൻ അവസാന അഞ്ച് ഓവറിൽ 70 റൺസാണ് അടിച്ചുകൂട്ടിയത്. 68 പന്തിൽ ഒരു ബൗണ്ടറിയും ഏഴ് സിക്സറും സഹിതം 86 റൺസെടുത്ത അഹ്മദ്സായും 12 പന്തിൽ 20 റൺസെടുത്ത ഖൈബർ വാലിയും പുറത്താവാതെ നിന്നു. അപരാജിതമായ 70 റൺസിനാണ് സഖ്യം പങ്കാളി ആയത്.

ആദ്യ മത്സരത്തിൽ യുഎഇയെ 154 റൺസിനു കീഴടക്കി ഏഷ്യാ കപ്പ് ആരംഭിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ പാകിസ്താനോട് രണ്ട് വിക്കറ്റിനു പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിൽ വിജയിച്ചില്ലെങ്കിൽ ഇന്ത്യക്ക് സെമിപ്രവേശനം ബുദ്ധിമുട്ടാവും.

Story Highlights : under 19 asia cup afghanistan india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here