‘പെൺബൊമ്മകൾ ശരീഅത്ത് വിരുദ്ധം’; തലവെട്ടി താലിബാൻ: വിഡിയോ

തുണിക്കടകളിൽ സ്ഥാപിച്ചിരിക്കുന്ന പെൺബൊമ്മകളുടെ തലവെട്ടാൻ ഉത്തരവിട്ട് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഇസ്ലാം നിഷിദ്ധമാക്കിയ വിഗ്രഹങ്ങൾ പോലെയാണ് ബൊമ്മകളെന്നും അതുകൊണ്ട് തന്നെ അവ ശരീഅത്തിനു വിരുദ്ധമാണെന്നും താലിബാൻ പറയുന്നു. ബ്രിട്ടീഷ് മാധ്യമമായ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബൊമ്മകളുടെ തലവെട്ടുന്ന ദൃശ്യങ്ങൾ എന്ന പേരിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. (Afghan Remove Mannequins Taliban)
അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ പ്രവശ്യയായ ഹെറാത്തിലാണ് ഈ നിയമം ആദ്യം നടപ്പിലാക്കിയത്. ഇവിടെയുളള തുണിക്കട ഉടമകളോട് പെൺബൊമ്മകളുടെ തലകൾ നീക്കം ചെയ്യണമെന്ന് താലിബാൻ ആവശ്യപ്പെട്ടു. പെൺബൊമ്മകളെ നോക്കിനിൽക്കുന്നത് ശരീഅത്ത് നിയമങ്ങളുടെ ലംഘനമാണ്. അന്യസ്ത്രീകളെ നോക്കരുതെന്നാണ് ഇസ്ലാമിൻ്റെ കല്പന. ബൊമ്മകളിൽ നോക്കുന്നതിലൂടെ ഇത് ലംഘിക്കപ്പെടുകയാണ്. ബൊമ്മകൾ പൂർണമായും നീക്കം ചെയ്യുകയാണ് വേണ്ടത്. എന്നാലും ആദ്യ ഘട്ടം എന്നോണം ബൊമ്മകളുടെ തല നീക്കണം. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും താലിബാൻ വ്യാപാരികളെ അറിയിച്ചു. ബൊമ്മകളുടെ തല മുറിച്ചുമാറ്റുന്നത് നഷ്ടമുണ്ടാക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
Read Also : അഫ്ഗാനിൽ ശരീഅത്ത് ശിക്ഷകൾ ഏർപ്പെടുത്തും; താലിബാൻ
അഫ്ഗാനിസ്ഥാനിൽ ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷകൾ ഏർപ്പെടുത്തുമെന്ന് താലിബാൻ നേരത്തെ അറിയിച്ചിരുന്നു. താലിബാൻ്റെ മുതിർന്ന നേതാക്കളിൽ ഒരാളായ മുല്ല നൂറുദ്ദീൻ തുറാബിയാണ് കൈവെട്ടും തൂക്കിക്കൊലയും അടക്കമുള്ള കടുത്ത ശിക്ഷകൾ നടപ്പിലാക്കുമെന്ന് അറിയിച്ചത്. അസോസിയേറ്റഡ് പ്രസിനു നൽകിയ അഭിമുഖത്തിലാണ് താലിബാൻ നേതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ തവണ താലിബാൻ ഭരണത്തിലേറിയപ്പോൾ ഈ ശിക്ഷാരീതികൾ ലോകവ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.
രാജ്യത്തെ വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചുവിട്ട് പകരം നന്മതിന്മ മന്ത്രാലയം രൂപീകരിച്ചിരുന്നു. രാജ്യത്ത് നന്മ പ്രോത്സാഹിപ്പിക്കുകയും തിന്മ തടയുകയും ചെയ്യലാണ് മന്ത്രാലയത്തിൻ്റെ ജോലി. ഇസ്ലാമിക വസ്ത്രധാരണം ആളുകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും രാജ്യത്ത് ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കേണ്ടതും ഈ സദാചാര പൊലീസിൻ്റെ ജോലിയാണ്.
അഫ്ഗാനിസ്ഥാനിലെ വനിതാ മന്ത്രാലയം പിരിച്ചുവിട്ടതിനു പിന്നാലെ കെട്ടിടത്തിനകത്തുനിന്ന് വനിതാ ജീവനക്കാരെ പുറത്താക്കിയിരുന്നു. കെട്ടിടത്തിനു പുറത്തെ വനിതാ ക്ഷേമ മന്ത്രാലയം എന്ന ബോർഡ് മാറ്റി ‘പ്രാർത്ഥന, മാർഗനിർദ്ദേശം, നന്മ പ്രോത്സാഹിപ്പിക്കൽ, തിന്മ തടയൽ മന്ത്രാലയം’ എന്ന ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്.
Story Highlights : Afghan Shops Remove Heads Mannequins Taliban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here