പാർട്ടിയുടെ നയം അംഗീകരിച്ചില്ലെങ്കിൽ പുറത്തുപോകേണ്ടി വരും; എസ് രാജേന്ദ്രന് മറുപടിയുമായി എം എം മണി

മുൻ എംഎൽഎ എസ് രാജേന്ദ്രന് മറുപടിയുമായി എം എം മണി. പാർട്ടിയുടെ നയം അംഗീകരിച്ചില്ലെങ്കിൽ പാർട്ടിക്ക് പുറത്തുപോകേണ്ടി വരും. എസ് രാജേന്ദ്രന് മൂന്നാം തവണ മത്സരിക്കാൻ അവസരം വാങ്ങിക്കൊടുത്തത് താനും കൂടി ചേർന്നാണ്. വീഴ്ച വരുത്തിയ എല്ലാവർക്കുമെതിരെ നടപടി സ്വീകരിച്ചു. തന്നെ പേടിച്ചാണ് സമ്മേളനത്തിന് വരാതിരുന്നത് എന്നതിന് എന്ത് മറുപടി പറയാനാണെന്നും എം എം മണി പ്രതികരിച്ചു.
എം എം മണി വ്യക്തിപരമായി അപമാനിച്ചെന്ന പരാതിയുമായി എസ് രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. തന്നെ മുൻമന്ത്രി കൂടിയായ എം എം മണിയും കെ വി ശശിയും അപമാനിച്ചെന്നും, വീട്ടിലിരിക്കാൻ പറഞ്ഞെന്നും എസ് രാജേന്ദ്രൻ കത്തിൽ ആരോപിച്ചു. പരസ്യ അധിക്ഷേപം പേടിച്ചാണ് താൻ ജില്ലാ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതെന്നും രാജേന്ദ്രൻ പറയുന്നു. സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമർശനമാണുയർന്നത്. തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും തന്നെ മാറ്റിയെന്നും കത്തിൽ പരാമർശിച്ചു. മുൻ മന്ത്രി എം എം മണിയും അപമാനിച്ചു. എംഎൽഎ ഓഫീസിൽ വച്ച് പാർട്ടിയിലെ പ്രശ്നങ്ങൾ അറിയിച്ചപ്പോൾ എം എം മണി തന്നോട് പറഞ്ഞത് കുടുംബം നോക്കി വീട്ടിലിരിക്കാനാണ്.
Read Also : സ്ഥാനാർത്ഥി എ രാജയുടെ പേര് പറഞ്ഞില്ല; സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ എസ് രാജേന്ദ്രന് വിമർശനം
ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി ശശിയുടെ നേതൃത്വത്തിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടന്നെന്ന് എസ് രാജേന്ദ്രൻ കത്തിൽ പറയുന്നു. ഇക്കാര്യം കേന്ദ്രകമ്മിറ്റി അംഗങ്ങളെ അടക്കം അറിയിച്ചതാണ്. കെ വി ശശിയാണ് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് മാറ്റി നിർത്തിയത്. യൂണിയൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കെ വി ശശി തന്നെ അപമാനിച്ചെന്നും കത്തിൽ പറയുന്നു.
Story Highlights : M M Mani about S Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here