Advertisement

സര്‍വേ കല്ല് പിഴുതെറിയുമെന്ന ആഹ്വാനം ക്രിമിനല്‍ കുറ്റം; കെ സുധാകരനെതിരെ എം വി ജയരാജന്‍

January 5, 2022
Google News 2 minutes Read
mv jayarajan

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കെ-റെയില്‍ പദ്ധതിയുടെ സര്‍വേ കല്ല് പിഴുതെറിയുമെന്ന ആഹ്വാനം ക്രിമിനല്‍ കുറ്റമാണ്. പദ്ധതിയുടെ സര്‍വേ പോലും നടത്തിക്കില്ലെന്ന് പറയുന്നത് ആര്‍ക്കും ഭൂഷണമല്ല. ഏത് പദ്ധതിയുടെയും സാമൂഹ്യ ആഘാത പഠനമാണെങ്കിലും പരിസ്ഥിതി ആഘാത പഠനമാണെങ്കിലും എല്ലാം നടത്തണമെങ്കില്‍ സര്‍വേ പ്രധാനമാണ്. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധ സംഘം നിരവധി സര്‍വേ നടത്തിയതിന് ശേഷമാണ് അലൈന്‍മെന്റ് അന്തിമമാക്കിയത്. എല്ലാ പദ്ധതികളുടെയും കാര്യം ഇത്തരത്തിലാണ.് കെ റെയിലില്‍ സര്‍വേ പോലും നടത്താന്‍ അനുവദിക്കില്ലെന്ന് പറയുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും എം വി ജയരാജന്‍ പറഞ്ഞു.

‘കെപിസിസി പ്രസിഡന്റ് നേരത്തെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി വന്നയാളാണ്. കത്തിയും വാളുമൊക്കെയായി വന്ന് അനുയായികളെ കാട്ടി വിരട്ടിയാണ് അന്നദ്ദേഹം വന്നത്. അതുപോലെയാണ് ഇന്ന് നാടിന്റെ കാര്യത്തില്‍ നിലപാട് സ്വീകരിക്കുന്നതും.

കെ റെയില്‍ പാക്കേജുമായി ബന്ധപ്പെട്ട് ഭൂവുടമകള്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ ഇതൊരു ജനപക്ഷ പാക്കേജ് ആണെന്ന് വ്യക്തമായിട്ടുണ്ട്. മട്ടന്നൂര്‍ വിമാനത്താവളത്തിന് ഭൂമിയേറ്റെടുക്കുന്ന സമയത്ത് വളരെ ആകര്‍ഷകമായ പാക്കേജ് ആയിരുന്നു. ആ സമയത്തുപോലും ഭൂമി വിലയുടെ നാലിരട്ടി നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നതാണ്. അതിനെക്കാല്‍ മെച്ചപ്പെട്ട പാക്കേജ് ആണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1730 കോടി രൂപയുടെ പുനരധിവാസ പാക്കേജും 4400 കോടിയുടെ വീടിന്റെ നഷ്ടപരിഹാരത്തുകയുമാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി പ്രഖ്യാപിച്ചിട്ടുള്ളത്.

Read Also : ജനവിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി; കോണ്‍ഗ്രസ് ബിജെപിക്ക് ബദലല്ല; മുഖ്യമന്ത്രി

കാസര്‍ഗോഡ്,കണ്ണൂര്‍ ജില്ലകളിലാണ് കെ റെയില്‍ പദ്ധതിയുടെ തുടക്കം എന്നതുകൊണ്ട് സാമൂഹ്യ ആഘാത പഠനവും ആരംഭിച്ചിട്ടുണ്ട്. ഇതിനുമുന്‍പ് നിരവധി പദ്ധതികളുടെ സാമൂഹ്യ ആഘാത പഠനം നടത്തിയ വിദഗ്ധ സംഘം തന്നെയാണ് കെ റെയിലിന്റെയും പഠനം നടത്തുന്നത്.സാധാരണഗതിയില്‍ വീടും ഭൂമിയും നഷ്ടമാകുന്നവര്‍ക്കാണ് ഇത്തരം പദ്ധതികളോട് എതിര്‍പ്പുകളുണ്ടാവുക. പക്ഷേ ഇവിടെ ഭൂവുടമകള്‍ പദ്ധതിയെ എതിര്‍ക്കുന്നില്ലെന്നതാണ് വാസ്തവം. ഭൂവുടമകളെ ഉപയോഗിച്ച് പദ്ധതിയെ എതിര്‍ക്കാനാകില്ലെന്ന് പലര്‍ക്കുമറിയാം. അതുകൊണ്ടാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും അരാജക വാദികളായ ഒരു സംഘത്തെ കൊണ്ട് മാടായിപ്പാറയില്‍ സര്‍വേ കല്ല് നശിപ്പിച്ചത്. പ്രതികളുടെ പേരിലും അവര്‍ക്ക് പ്രേരണ നല്‍കിയ കെപിസിസി പ്രസിഡന്റിന്റെ പേരിലും നടപടിയെടുക്കണം. നാടിന് വികസനം അനിവാര്യമാണ്. കെ റെയില്‍ കേരളത്തിന്റെ ഭാവിവികസനത്തിന് മുതല്‍ക്കൂട്ടായി മാറുമെന്നും എംവി ജയരാജന്‍ പറഞ്ഞു.

Story Highlights : mv jayarajan, k sudhakaran, k rail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here