22
Jan 2022
Saturday

മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം; ആപ്പ് നിർമിച്ചയാൾ പിടിയിൽ

bullibai app creator arrested

മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം നടത്തിയ ബുള്ളി ബായ് ആപ്പ് നിർമിച്ചയാൾ അറസ്റ്റിൽ. നീരജ് ബിഷ്ണോയ് എന്നയാളെ അസമിൽ നിന്ന് ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി. നേരത്തെ മുഖ്യ പ്രതിയായ 18കാരി യുവതിയടക്കമുള്ളവർ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വച്ച് പിടിയിലായിരുന്നു. (bullibai app creator arrested)

വിശാൽ കുമാർ ഝാ എന്ന 21കാരനായ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് ആദ്യം പിടിയിലായത്. പിന്നീട് ശ്വേത സിങ് എന്ന 18കാരിയും മായങ്ക് റാവൽ എന്ന 21കാരനും അറസ്റ്റിലായി. വിശാലിനെ ബെംഗളൂരുവിൽ വച്ചും മറ്റ് രണ്ട് പേരെ ഉത്തരാഖണ്ഡിൽ വച്ചുമാണ് പിടികൂടിയത്. സംഭവത്തിനു പിന്നിൽ വലിയ സംഘമുണ്ടെന്നും എല്ലാവരെയും പിടികൂടുമെന്നും മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി സതേജ് പാട്ടീൽ പറഞ്ഞിരുന്നു.

Read Also : ബുള്ളി ബായ് ആപ്പ്; മൂന്നാം പ്രതിയും അറസ്റ്റിൽ

പ്രശസ്തരായ മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണമാണ് ‘ബുള്ളി ബായ്’ എന്ന ആപ്പ് നടത്തിവന്നത്. കഴിഞ്ഞ വർഷം ‘സുള്ളി ഡീൽസ്’ എന്ന പേരിൽ ഇതുപോലെ ഒരു ആപ്പ് പുറത്തുവന്നിരുന്നു. ജെഎൻയുവിൽ നിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിർന്ന മാധ്യമപ്രവർത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിൻ്റെ അമരത്തുണ്ടായിരുന്ന വിദ്യാർത്ഥിനേതാക്കളായ ലദീദ സഖലൂൻ, ആയിഷ റെന്ന, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളെയാണ് ചിത്രങ്ങൾ സഹിതം ആപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്നത്. സുള്ളി ഡീൽസിലും ഇവരുടെ ചിത്രങ്ങൾ പങ്കുവച്ച് വിൽപനയ്ക്കു വച്ചിരുന്നു.

മാധ്യമപ്രവർത്തക ഇസ്മത്ത് ആരയുടെ പരാതിയിൽ ഡൽഹി പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തൻ്റെ പേരും ചിത്രവും സഹിതം ആപ്പിൽ വില്പനയ്ക്ക് വച്ചിരുന്നതിൻ്റെ സ്ക്രീൻഷോട്ട് അടക്കം ഇസ്മത്ത് ആര തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിരുന്നു.

ആപ്പിൽ പേര് വന്ന മറ്റുചിലരും സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചു. ഇതേ തുടർന്നാണ് സംഭവം വിവാദമായത്. ശിവസേന എംപി പ്രിയങ്ക ചതുർവേദി അടക്കം നിരവധി പേർ ആപ്പിനെതിരെ രംഗത്തെത്തി. തുടർന്നാണ് സർക്കാർ നടപടിയെടുത്തത്. പ്രിയങ്കയുടെ ട്വീറ്റിനു മറുപടി ആയാണ് ഐടി മന്ത്രി ആപ്പ് ബ്ലോക്ക് ചെയ്തെന്ന് വ്യക്തമാക്കിയത്. ഇതിനു നന്ദി അറിയിച്ച പ്രിയങ്ക വിഷയത്തിൽ കൂടുതൽ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Story Highlights : bullibai app creator arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top