ബിന്ദു അമ്മിണി മർദ്ദിച്ച് പരുക്കേല്പിച്ചു, മൊബൈൽ ഫോൺ തകർത്തു; മോഹൻദാസിന്റെ കുടുംബം ഇന്ന് പരാതി നൽകും

ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിലെ പ്രതിയായ മോഹൻദാസിന്റെ കുടുംബം ഇന്ന് പൊലീസിൽ പരാതി നൽകും. കോഴിക്കോട് വെള്ളയിൽ പൊലീസിലാണ് പരാതി നൽകുന്നത്. ബിന്ദു അമ്മിണി മോഹൻദാസിനെ മർദ്ദിച്ച് പരുക്കേൽപിക്കുകയും മൊബൈൽ ഫോൺ തകർത്തെന്നുമാണ് പരാതി. മോഹൻദാസ് ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കോഴിക്കോട് ബീച്ചിൽ വച്ച് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ ഇന്നലെയാണ് വെള്ളയിൽ സ്വദേശിയായ മോഹൻദാസ് അറസ്റ്റിലായത്. (mohandas complaint bindu ammini)
ആക്രമണത്തിനുള്ള കാരണം ശബരിമലയെന്ന് ബിന്ദു അമ്മിണി ആവർത്തിച്ചിരുന്നു. ട്വന്റിഫോറിനോടായിരുന്നു ബിന്ദു അമ്മിണിയുടെ പ്രതികരണം. താൻ ടാർജറ്റ് ചെയ്യപ്പെടുന്നുവെന്നും കേരളം തനിക്ക് സുരക്ഷിതമല്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു. മറ്റെവിടെയെങ്കിലും അഭയം തേടി പോകാൻ ശ്രമിക്കുന്നുവെന്നും ബിന്ദു അറിയിച്ചു.
Read Also : ‘ആക്രമണത്തിന് കാരണം ശബരിമല’; ആവർത്തിച്ച് ബിന്ദു അമ്മിണി
പൊലീസിനെതിരെ ബിന്ദു അമ്മിണി വിമർശനമുന്നയിച്ചു. മൊഴിയെടുക്കാൻ പൊലീസ് ആദ്യം തയ്യാറായില്ലെന്നും പൊലീസ് പ്രതിയുടെ വിവരങ്ങൾ മറച്ചു വച്ചുവെന്നും ബിന്ദു അമ്മിണി പറഞ്ഞു. പൊലീസിന്റേത് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ്. എളുപ്പം ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രമാണ് ചേർത്തത്.
എന്നാൽ ബിന്ദു അമ്മിണി മോഹൻദാസിനെയാണ് ആക്രമിച്ചതെന്ന് ഭാര്യ റീജ പറയുന്നു. ‘എന്റെ ഭർത്താവ് ഉച്ച ആയപ്പോൾ ഭക്ഷണം കഴിച്ച ശേഷം കാറ്റുകൊള്ളട്ടെ എന്ന് പറഞ്ഞ് അവിടെ കിടന്നു. ബിന്ദു കാറുമായി വന്നിറങ്ങി. പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അങ്ങോടും ഇങ്ങോടും പറഞ്ഞു. ബിന്ദു അമ്മിണിയാണ് മുണ്ട് പിടിച്ച് വലിച്ചത്. മൊബൈൽ വലിച്ചെറിഞ്ഞ് പൊട്ടിച്ചു. ചെരുപ്പ് കൊണ്ട് അടിച്ചു. ഇങ്ങനെ ചെയ്താൽ ആരെങ്കിലും നോക്കി നിൽക്കുമോ?’ ആര് ആരെ ആക്രമിച്ചു എന്നത് ദൃശ്യങ്ങളിൽ കാണാമെന്ന് ബിന്ദു അമ്മിണി പറഞ്ഞു. താൻ പ്രതിരോധിക്കാൻ ശ്രമിച്ചതാണെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു ബിന്ദു അമ്മിണി. ഈ സമയത്താണ് അക്രമമുണ്ടാകുന്നത്. പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് പരസ്പരമുള്ള ആക്രമണത്തിലേക്കെത്തിയത്. തുടർന്ന് ബിന്ദു അമ്മിണിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് മോഹൻദാസിനെ അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്തെ അടിപിടി, സ്ത്രീകൾക്കുനേരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
Story Highlights : mohandas family complaint bindu ammini
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here