ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ യുവാക്കളെ ലക്ഷ്യംവച്ച് ആം ആദ്മി പാർട്ടി

ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ് ഇനിയുള്ള ഓരോ ദിവസവും. നിര്‍ണായക രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടെ പഞ്ചാങ്കത്തിനൊരുങ്ങുകയാണ് ഉത്തരേന്ത്യ. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ ഇത്തവണ തൂത്ത് വാരും എന്ന ലക്ഷ്യത്തോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി മത്സര രംഗത്ത് ഇതിനോടകം സജീവമായി കഴിഞ്ഞു. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ യുവാക്കളെ ലക്ഷ്യംവച്ചാണ് ആം ആദ്മി പാർട്ടിയുടെ നീക്കം.
ഉത്തരാഖണ്ഡിൽ അധികാരത്തിലേറിയാൽ ആറ് മാസത്തിനകം ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ , 5000 രൂപ പ്രതിമാസ അലവൻസ്, തൊഴിൽ മേഖലയിൽ 80 ശതമാനം സംവരണം തുടങ്ങി വമ്പൻ പ്രഖ്യാപനങ്ങളാണ് അരവിന്ദ് കെജ്‌രിവാള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. തൊഴിലില്ലായ്മ മൂലമാണ് സംസ്ഥാനത്തെ യുവാക്കൾ മറ്റിടങ്ങളിലേക്കു കുടിയേറുന്നതെന്നാണ് ആം ആദ്മി പാർട്ടി ചൂണ്ടിക്കാണിക്കുന്നത്. പാർട്ടി അധികാരത്തിലെത്തിയാൽ യുവാക്കൾക്ക് ഇവിടെത്തന്നെ ജോലി ലഭ്യമാക്കുമെന്ന ഉറപ്പാണ് അരവിന്ദ് കെജ്‌രിവാള്‍ നൽകിയിരിക്കുന്നത്. മാത്രമല്ല സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി 300 യൂണിറ്റ് വൈദ്യുതി വീതം വിതരണം ചെയ്യുമെന്നും എല്ലാവരുടെയും പഴയ വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളുമെന്നും കെജ്‌രിവാള്‍ വാഗ്ദാനം ചെയ്യുന്നു . സംസ്ഥാനത്ത് മികച്ച ലക്ഷ്യങ്ങളുള്ള സര്‍ക്കാര്‍ വന്നാല്‍ ഇതെല്ലാം സാധ്യമാണെന്നാണ് ആം ആദ്മി പാർട്ടി മുന്നോട്ടുവയ്ക്കുന്ന വാദങ്ങൾ.
Read Also : ഉത്തരേന്ത്യ ഒരുങ്ങുന്നു; ഇനി വിധിയെഴുത്തിന്റെ ദിവസങ്ങള്‍
2001 ൽ സംസ്ഥാനം രൂപീകൃതമായതിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഒന്നിടവിട്ട് കോൺഗ്രസിനെയും ബിജെപിയും അധികാരത്തിലേറ്റിയതാണ് സംസ്ഥാനത്തിന്റെ ചരിത്രം. ഇത്തവണ അതിൽ നിന്നും മാറി ചരിത്രം തിരുത്തുമോയെന്ന് ഉറ്റുനോക്കുകയാണ് ആം ആദ്മി. എന്നാൽ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ അടക്കമുള്ള വാഗ്ദാനങ്ങളുയർത്തിയ ആം ആദ്മി പാർട്ടിക്ക് 6 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് സർവേഫലം പറയുന്നത്.
Story Highlights : Uttarakhand Election- arvind kejriwal Promises