ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി, വീട്ടിലെത്താൻ ബൈക്ക് മോഷ്ടിച്ചു; കഞ്ചാവ് കേസ് പ്രതി പിടിയിൽ

നാദാപുരത്ത് മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് ഉടമസ്ഥന്റെ സഹോദരനാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സുഹൈൽ (22) എന്നയാളാണ് അറസ്റ്റിലായത്. മോഷ്ടാവിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ റോളക്സ് വാച്ചും പൊലീസ് പിടികൂടി.
കല്ലാച്ചി സ്വദേശിയും തിരുവനന്തപുരം ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറുമായ പ്രവീൺ രാജിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ തിങ്കളാഴ്ച വടകര കെഎസ്ആർടിസി സബ് സെന്ററിൽ പാർക്ക് ചെയ്തതായിരുന്നു. സഹോദരന്റെ ബൈക്ക് കല്ലാച്ചിയിൽ കണ്ട സഹോദരൻ പ്രവീൺ രാജിനെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയതാണെന്ന് മനസിലാവുന്നത്.

സുഹൈലിനെ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച പ്രതിയിൽ നിന്ന് റോളക്സ് വാച്ച് കണ്ടെത്തി. നാദാപുരം സ്വദേശിയുടെതാണ് വാച്ച്. 10 ഡയമണ്ടുകൾ പതിച്ച 8 ലക്ഷം രൂപയുടെ വാച്ചാണ് കണ്ടെത്തിയത്. പാലക്കാട് ജില്ലാ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി ബസിൽ വടകര എത്തുകയും വടകര നിന്ന് ബൈക്ക് മോഷ്ടിച്ച് നാദാപുരത്തേക്ക് വരികയായിരുന്നു. നേരെത്തെ വടകര, വളയം, നാദാപുരം കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ പിടിച്ച് പറി, വീട് കയറി മോഷണം, കഞ്ചാവ് കേസുകളിൽ പ്രതിയാണ് സുഹൈൽ.
Story Highlights : released-after-sentencing-stole-bike-to-get-home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here