25
Jan 2022
Tuesday

പഞ്ചാബ് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ 86 അംഗ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 9 പേര്‍ വനിതകള്‍

punjab election

പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കുമ്പോള്‍ 9 പേര്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍. നാല് മുന്‍മന്ത്രിമാരും രണ്ട് എഎപി വിമതരും സ്ഥാനാര്‍ത്ഥിപ്പട്ടികയിലുണ്ട്. ദീനാ നഗര്‍ മണ്ഡലത്തില്‍ നിന്ന് അരുണ ചൗധരി, ഇന്ദു ബാല (മുകേരിയ മണ്ഡലം), രജീന്ദര്‍ കൗര്‍ ബുലാര (ബുല്ലാന), രണ്‍ബീര്‍ കൗര്‍ മേയ (ബുദ്ധ്ലദ), റസിയ സുല്‍ത്താന (മലേര്‍കോട്ല), ഡോ മനോജ് ബാല ബന്‍സാല്‍ (ഡോ. മനോജ് ബാല ബന്‍സാല്‍) എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടംപിടിച്ച വനിതാ സ്ഥാനാര്‍ഥികള്‍. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദ് മോഗ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. ( punjab election )

പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി 14ന് ഒറ്റഘട്ടമായാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില് വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് 20 ശതമാനം സംവരണം നല്‍കുമെന്ന് ഉത്തരാഖണ്ഡ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സരിത ആര്യ പറഞ്ഞു.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി സ്വന്തം മണ്ഡലമായ ചാംകൗര്‍ സാഹിബിലും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു സ്വന്തം മണ്ഡലമായ അമൃത്സര്‍ ഈസ്റ്റിലും മത്സരിക്കും. പഞ്ചാബ് ഉപമുഖ്യമന്ത്രി രണ്‍ധാവ ധേരാ ബാബ നാനാക് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. അമൃത്സര്‍ സെന്‍ട്രലില്‍ നിന്നാണ് ഓം പ്രകാശ് സോണി മത്സരിക്കാനിറങ്ങുക. നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക മോഗയില്‍ നിന്ന് മത്സരിക്കും. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം ഫെബ്രുവരി 14 ന് പഞ്ചാബില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും.

Read Also : പഞ്ചാബില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍ മന്ത്രി എഎപിയിലേക്ക്

ടൈംസ് നൗ-വീറ്റോ നടത്തിയ പ്രീപോള്‍ സര്‍വേ ഫലം പ്രകാരം വ്യക്തമായ ഭൂരിപക്ഷമില്ലാതെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനക്കയറ്റത്തിനാണ് പഞ്ചാബില്‍ സാധ്യത. ശിരോമണി അകാലിദള്‍-ബിഎസ്പി സഖ്യം 14-17 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ പ്രവചനം. ബിജെപി-പിഎല്‍സി സഖ്യം 1-3 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. ആകെയുള്ള 117ല്‍ 104 സീറ്റുകളിലേക്കാണ് ആംആദ്മി പാര്‍ട്ടി മത്സരിക്കുക. ജലന്ദര്‍, ഗുരുഹര്‍ സഹയ്, അബോഹര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും എഎപി നിശ്ചയിച്ചുകഴിഞ്ഞു.

അതേസമയം പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ മുന്‍ മന്ത്രി ജോഗീന്ദര്‍ സിംഗ് മന്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ജോഗീന്ദറിന്റെ വരവ് സംസ്ഥാനത്ത എഎപിക്ക് വലിയ ഉത്തേജനം നല്‍കുമെന്ന് എഎപി നേതാവ് രാഘവ് ഛദ്ദ വ്യക്തമാക്കി. പഞ്ചാബ് കോണ്‍ഗ്രസില്‍ മൂന്ന് തവണ എംഎല്‍എയും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായ മന്‍ കോണ്‍ഗ്രസുമായുള്ള 50 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് എഎപിയിലെത്തുന്നത്. നിലവില്‍ പഞ്ചാബ് അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ചെയര്‍മാനാണ് ജോഗീന്ദര്‍ സിംഗ് മന്‍. ബിയാന്ത് സിംഗ്, രജീന്ദര്‍ കൗര്‍ ഭട്ടല്‍, അമരീന്ദര്‍ സിംഗ് എന്നിവരുള്‍പ്പെടുന്ന മന്ത്രിസഭകളികളിലുണ്ടായിരുന്ന മന്‍, ഈ പദവിയും രാജിവച്ചുകൊണ്ടാണ് പാര്‍ട്ടി വിട്ടത്. സംസ്ഥാനത്തെ പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള പ്രധാനനേതാവാണ് മന്‍.

Story Highlights : punjab election, Assembly election 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top