Advertisement

ഉത്തരാഖണ്ഡിൽ ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍

January 15, 2022
Google News 2 minutes Read
bjp-congress

നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സാഹചര്യമാണ് ആ സംസ്ഥാനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഉത്തരാഖണ്ഡിലുമുള്ളത്. ഇരുപാർട്ടികളും മാറിമാറി ഭരിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനം രൂപീകരിക്കപ്പെട്ടത് മുതൽ കണ്ടുവരുന്നത്.

ഉത്തരാഖണ്ഡിന്റെ രാഷ്ട്രീയ ചരിത്രം

2000-ൽ സംസ്ഥാനം രൂപീകരിച്ചതിന് പിന്നാലെ അധികാരത്തിലെത്തിയ ഇടക്കാല സർക്കാരിൽ മുഖ്യമന്ത്രി പദം അലങ്കരിച്ച നിത്യാനന്ദ സ്വാമിയായിരുന്നു ഉത്തരാഖണ്ഡിന്റെ ആദ്യ മുഖ്യമന്ത്രി.
ഉത്തരാഖണ്ഡ് നിയമസഭയുടെ 22 വർഷത്തെ ചരിത്രമെടുത്താൽ 11 മുഖ്യമന്ത്രിമാർ സംസ്ഥാനം ഭരിച്ചിട്ടുള്ളതായി കാണാൻ കഴിയും. മാത്രമല്ല വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ഇത്രയധികം മുഖ്യമന്ത്രിമാരെ കണ്ട മറ്റൊരു സംസ്ഥാനവും ഇല്ലെന്ന് പറയേണ്ടി വരും.

2002-ലെ ആദ്യ ഉത്തരാഖണ്ഡ് അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായ നാരായൺ ദത്ത് തിവാരിയൊഴികെ മറ്റൊരു മുഖ്യമന്ത്രിയും കാലാവധി പൂർത്തിയാക്കിയിട്ടില്ലെന്ന പ്രത്യേകതയും ഉത്തരാഖണ്ഡിനുണ്ട്. ഏറ്റവും ഒടുവിലായി 2017 ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം തന്നെ മൂന്നു മുഖ്യമന്ത്രിമാർ വന്നുപോയി. 2017 മുതൽ 2021 വരെ ത്രിവേന്ദ്ര സിംഗ് റാവത്ത് ആയിരുന്നു മുഖ്യമന്ത്രി. പിന്നീട് 2021 തിരാത് സിംഗ് റാവത്ത് മുഖ്യമന്ത്രിയായി. 2021ൽ തന്നെയാണ് നിലവിലെ മുഖ്യമന്ത്രിയായ പുഷ്കർ സിംഗ് ധാമി മന്ത്രിസഭയുടെ തലപ്പത്തെത്തുന്നത്.

ഭരണത്തുടർച്ച ലക്ഷ്യമിട്ട് ബിജെപി

പുഷ്കര്‍ സിംഗ് ധാമിയുടെ നേതൃത്വത്തിലാണ് ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ച ലക്ഷ്യംവച്ചുള്ള ബി.ജെ.പിയുടെ രാഷ്ട്രീയനീക്കങ്ങള്‍. ഇതുവരെ കോൺഗ്രസും ബി.ജെ.പിയും മാറിമാറിയാണ് സംസ്ഥാനം ഭരിച്ചത്. 2012 മുതൽ ഖട്ടിമ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ധാമി മണ്ഡത്തിൽ തന്റെ സ്വാധീനം ഉറപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ്. മുഖ്യമന്ത്രിയായ ശേഷം ഒന്നര മാസത്തിനിടെ 400 കോടി രൂപയുടെ വികസന പദ്ധതികളാണ് ധാമി പ്രഖ്യാപിച്ചത്.

എന്നാൽ പാർട്ടിക്കുള്ളിലെ രാഷ്ട്രീയ പോരും ഗ്രൂപ്പ് കളിയും ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ഒരുവർഷത്തിനിടെ മൂന്ന് തവണയാണ് ബി.ജെ.പി മുഖ്യമന്ത്രിമാരെ മാറ്റിയത്. കടുത്ത വിഭാഗീയതയെത്തുടർന്ന് ത്രിവേന്ദ്ര സിങ് റാവത്തിനാണ് ആദ്യം മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്. പകരം വന്ന തീരഥ് സിങ് റാവത്തിനും അധികകാലം മുഖ്യമന്ത്രിയായി തുടരാൻ സാധിച്ചില്ല.

കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ത്രിവേന്ദ്ര സിംഗ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ശേഷമാണ് തീരഥ് സിംഗ് റാവത്ത് ചുമതലയേറ്റത്. എന്നാൽ എം.എൽ.എ.യല്ലായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് നിയമസഭാംഗമാകാൻ തീരഥ് സിങ്ങിന് കഴിഞ്ഞ വർഷം സെപ്റ്റംബർ പത്തുവരെ സമയമുണ്ടായിരുന്നു. പക്ഷെ കൊവിഡ് മൂലം തെരഞ്ഞെടുപ്പുകൾ ഉടനെ നടത്തേണ്ടതില്ലെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാണ് റാവത്തിന്റെ മുഖ്യമന്ത്രി സ്ഥാനം അനിശ്ചിതത്വത്തിലായത്. തുടർന്നാണ് പുഷ്ക്കർ സിംഗ് ധാമി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അതേസമയം പാര്‍ട്ടിക്കുള്ളിലെ തമ്മില്‍ തല്ലാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ ഏറ്റവും വലിയ വെല്ലുവിളി. മാത്രമല്ല കര്‍ഷകസമരം ആഞ്ഞടിച്ച യുപിയോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശം ബി.ജെ.പിക്ക് തലവേദനയാണ്.

ആകെയുള്ള 70 സീറ്റില്‍ 57 സീറ്റ് നേടിയാണ് കഴിഞ്ഞ തവണ ബി.ജെ.പി ഉത്തരാഖണ്ഡില്‍ അധികാരത്തില്‍ വന്നത്. പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിനാകട്ടെ 11 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. നിലവിൽ, ആറ് നിയമസഭാ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാനത്ത് ഇപ്പോഴുള്ള 53 ബി.ജെ.പി. എംഎൽഎമാരിൽ 14 പേരോളം കോൺഗ്രസ് വിട്ടു വന്നവരാണ്. ഇവർ ഏത് നിമിഷവും മറുകണ്ടം ചാടിയേക്കുമെന്നുള്ള ഭയം ബി.ജെ.പിക്കുണ്ട്.

തിരിച്ചു പിടിക്കാൻ കോൺഗ്രസ്

കോൺഗ്രസ് ഏറ്റവും പ്രതീക്ഷയോടെ പോരാടാനിറങ്ങുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തരാഖണ്ഡ്. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഹരീഷ് റാവത്ത്ത്തിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.ബി.ജെ.പിയിലെ തമ്മില്‍ത്തല്ല് അവസരമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഒപ്പം, ബി.ജെ.പി സർക്കാരിന്റെ സ്ഥിരതയില്ലാത്ത ഭരണം മുഖ്യ പ്രചാരണ ആയുധമാക്കിയാണ് കോൺഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിക്കുള്ളിലെ പ്രശ്നങ്ങൾ മുതലെടുക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. ഇതുവരെ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നവരെ തിരിച്ചെത്തിക്കാമനുള്ള ശ്രമവും കോൺഗ്രസ് നടത്തുന്നു. അതിന്റെ ഭാഗമായാണ് കാബിനറ്റ് മന്ത്രിയും പ്രമുഖ ദളിത് നേതാവുമായ യശ്പാൽ ആര്യയെയും അദ്ദേഹത്തിന്റെ എം.എൽ.എയായ മകനെയും കോൺഗ്രസിലേക്ക് തിരികെ എത്തിച്ചത്.

Read Also : ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ യുവാക്കളെ ലക്ഷ്യംവച്ച് ആം ആദ്മി പാർട്ടി

തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിലടക്കം മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രിസ്ഥാനാർഥിയാക്കണമെന്നും ഹരീഷ് റാവത്ത് നിരന്തരമായി ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന കീഴ്വഴക്കം ഇല്ലാത്തതിനാൽ നേതൃത്വം ആദ്യം വഴങ്ങിയിയിരുന്നില്ല. തുടർന്ന് റാവത്ത് നേതൃത്വത്തിനെതിരേ രംഗത്തുവന്നിരുന്നു. തുടർന്ന് കോൺഗ്രസ് തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

Story Highlights : Uttarakhand Assembly Election 2022- BJP-Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here