Advertisement

നിത്യഹരിതം ഈ ഓർമ്മകൾ; പ്രേം നസീര്‍ ഓർമ്മയായിട്ട് 33 വർഷം

January 16, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളത്തിൻ്റെ എക്കാലത്തെയും നിത്യ ഹരിതനായകൻ പ്രേം നസീര്‍ ഓർമ്മയായിട്ട് ഇന്നേക്ക് 33 വർഷം. മലയാള സിനിമ കണ്ട ആദ്യത്തെ സൂപ്പര്‍സ്റ്റാറിൻ്റെ വിയോഗം മലയാള സിനിമയ്ക്ക് ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു. 38 വർഷത്തെ അഭിനയജീവിതത്തിൽ 781 സിനിമകളിൽ നായകനായി ലോക റെക്കോഡ് സ്വന്തമാക്കിയ ആളാണ് പ്രേം നസീര്‍. 1989 ജനുവരി 16ന് 63 വയസ് തികയും മുമ്പേ സംഭവിച്ച ആ അപ്രതീക്ഷിത വിയോഗം ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമായി.

ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1951 ൽ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സത്യന്റെയും നസീറിന്റെയും അരങ്ങേറ്റ ചിത്രമായ ത്യാഗസീമ റിലീസ് ആയില്ല. പിന്നീട് 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിൽ വന്നത്. വിശപ്പിന്റെ വിളി (1952) എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ സെറ്റുകളിൽവച്ച് അദ്ദേഹം നസീർ എന്ന നാമം സ്വീകരിച്ചു. പിന്നീട് പൊന്നാപുരം കോട്ട എന്ന സിനിമയിൽ നസീർ എന്ന പേരിനൊപ്പം പ്രേം എന്ന് കൂടെ കുഞ്ചാക്കോ ചേർത്തു. 1950 കളിൽ ഒരു താരമായി ഉയർന്നുവന്ന അദ്ദേഹം 1950 മുതൽ 1989 ൽ അദ്ദേഹത്തിന്റെ മരണം വരെയുള്ള കാലത്ത് മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത സൂപ്പർതാരങ്ങളിലൊരാളായിത്തീർന്നിരുന്നു. ഒരു റൊമാന്റിക് നായകനെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശസ്തനാണ്. 1985 ന് ശേഷം, മറ്റ് കലാകാരന്മാരെപ്പോലെ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ ആഗ്രഹിച്ചതിനാൽ നായക വേഷങ്ങളിൽ നിന്ന് മറ്റു കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മനപൂർവ്വം വഴിമാറി സഞ്ചരിച്ചു.

മുറപ്പെണ്ണ് (1965), ഇരുട്ടിന്റെ ആത്മാവ് (1967), കള്ളിച്ചെല്ലമ്മ (1969), നദി (1969), അനുഭവങ്ങൾ പാളിച്ചകൾ (1971), അഴകുള്ള സെലീന (1973), വിട പറയും മുൻപേ (1981) ), പടയോട്ടം (1982), ധ്വനി (1988)[3] തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ അഭിനയത്തിലൂടെ അദ്ദേഹം നിരൂപക പ്രശംസ നേടിയിരുന്നു. വിട പറയും മുൻപേ എന്ന സിനിമയിലെ മാധവൻ കുട്ടിയെ അവതരിപ്പിച്ചതിന്റെ പേരിൽ അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (പ്രത്യേക ജൂറി അവാർഡ്) നേടിയിരുന്നു. കലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് ഇന്ത്യാ ഗവൺമെന്റ് യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും സിവിലിയൻ ബഹുമതികളായ പത്മഭൂഷൻ, പത്മശ്രീ എന്നിവ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

ദക്ഷിണേന്ത്യൻ ഭാഷകളായ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും അഭിനയിച്ചു. 130 സിനിമകളിൽ ഒരേ നായിക (ഷീല)യോടൊത്ത് അഭിനയിച്ചതിനും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ സ്ഥാനംപിടിച്ചു. കൂടാതെ, 93 നായികമാർക്കൊപ്പം അഭിനയിച്ചതിനും 1973ലും 77ലും 30 സിനിമകളിൽ വീതം അഭിനയിച്ചതിനും വേറെയും രണ്ടു റെക്കോഡുകൾകൂടിയുണ്ട്.

തിരുവിതാംകൂറിലെ ചിറയൻകീഴിൽ അക്കോട് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മൂത്ത മകനായി 1926 ഏപ്രിൽ 7-നാണ് പ്രേം നസീർ ജനിച്ചത്. കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ശ്രീ ചിത്തിരവിലാസം സ്കൂൾ, എസ്.ഡി. കോളേജ് (ആലപ്പുഴ), സെയിന്റ് ബെർക്കുമാൻസ് കോളേജ് (ചങ്ങനാശ്ശേരി) എന്നിവിടങ്ങളിലായി അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായിത്തീർന്നിരുന്നു.

Read Also : പ്രേംനസീർ ദൃശ്യമാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച അവതാരകൻ കെ.ആർ ഗോപീകൃഷ്ണൻ; റിപ്പോർട്ടർ ദീപക് ധർമടം

അവസാനകാലത്ത് കടുത്ത പ്രമേഹരോഗം കൊണ്ട് ബുദ്ധിമുട്ടിയ നസീർ, പക്ഷേ ചലച്ചിത്രലോകത്തും സാമൂഹികലോകത്തും നിറസാന്നിധ്യമായി തുടർന്നുവന്നു. 1992-ൽ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പ്രേം നസീർ പുരസ്കാരം സ്ഥാപിച്ചു.

Story Highlights : prem nazir on his 33rd death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement