Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (16-1-22)

January 16, 2022
Google News 1 minute Read
Todays Headlines

എ. സമ്പത്തിനെ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി; ഒൻപത് പുതുമുഖങ്ങൾ

മുൻ എം പി എ സമ്പത്തിനെ സിപി ഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ശിശുക്ഷേമ സമിതി അധ്യക്ഷനും മുൻ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റുമായ എം. ഷിജുഖാനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണുന്നു; സില്‍വര്‍ ലൈന്‍ ഡിപിആറില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഡിപിആര്‍ അതേപടി തുടരില്ലെന്ന് മന്ത്രി എംവി ഗോവിന്ദന്‍. ആവശ്യമായ മാറ്റങ്ങള്‍ ഡിപിആറില്‍ വരുത്തും. സര്‍ക്കാര്‍ ഡിപിആര്‍ അതേപടി മുറുകേ പിടിക്കില്ലെന്നും വിമര്‍ശനങ്ങളെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പദ്ധതിയുടെ ഡിപിആര്‍ പുറത്തുവന്നപ്പോള്‍ നിരവധി വിമര്‍ശനങ്ങളുയര്‍ന്നതിനുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം

ആൾക്കൂട്ടത്തിന് പുല്ലുവില നൽകി സിപിഐഎമ്മും ബിജെപിയും

ആൾക്കൂട്ടത്തിന് പുല്ലുവില നൽകി സി പി ഐ എമ്മും ബി ജെ പിയും. ടി പി ആർ 36 കടന്ന തിരുവനന്തപുരത്ത് സി പി ഐ എം ജില്ലാ സമ്മേളനം അടച്ചിട്ട ഹാളിൽ നടത്തി . മാത്രമല്ല ടി പി ആർ 27 കടന്ന തൃശൂരിൽ സി പി ഐഎമ്മിന്റെ തിരുവാതിരയും ബിജെ പിയുടെ പ്രതിഷേധവും നടന്നു. 

രാജ്യത്ത് 2.71 ലക്ഷം പേർക്ക് കൊവിഡ്, 7743 ഒമിക്രോൺ കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,71,202 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് നിലവിൽ 16.28 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 13.69 ശതമാനവുമാണ്. ഇന്നലെ 314 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 4,86,066 ആയി ഉയർന്നു.

ആലപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ കൈനകരിയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കൈനകരി സ്വദേശികളായ അപ്പച്ചൻ(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാൻ കാരണമെന്ന ആത്മഹത്യാക്കുറുപ്പ് പൊലീസ് കണ്ടെടുത്തു.

വിഐപിക്ക് മന്ത്രിയുമായി അടുത്ത ബന്ധം; ദിലീപിന്റെ വീട്ടിലിരുന്ന് മന്ത്രിയെ ഫോണിൽ വിളിച്ചു: സംവിധായകൻ ബാലചന്ദ്രകുമാർ

ദിലീപിനെതിരായ കേസിലെ വി ഐ പിക്ക് മന്ത്രിയുമായി അടുത്ത ബന്ധമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപിന്റെ വീട്ടിലിരുന്ന് വി ഐ പി ഒരു മന്ത്രിയെ വിളിച്ചിരുന്നു. അന്വേഷണ സംഘത്തെ സ്വാധീനിക്കാനും വി ഐ പി ശ്രമിച്ചിരുന്നതായി ബാലചന്ദ്ര കുമാർ ട്വന്റിഫോറിനോട്

സർക്കാരിനെ ഡിപിആറിൽ കുരുക്കാൻ പ്രതിപക്ഷം; റിപ്പോർട്ട് പഠിക്കാൻ യു ഡി എഫ് സമിതി

സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഒരുങ്ങി പ്രതിപക്ഷം. രഹസ്യ രേഖയെന്ന് പറഞ്ഞ് സർക്കാർ ജനങ്ങളെ കബളിപ്പിച്ചെന്ന് യു ഡി എഫ് കുറ്റപ്പെടുത്തി. റിപ്പോർട്ട് പഠിക്കാൻ യു ഡി എഫ് പ്രത്യേക സമിതിയെ നിയോഗിക്കും.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമം; ദിലീപിന് കുരുക്ക് മുറുക്കാൻ പൊലീസ്, വിഐപിയെ കേന്ദ്രീകരിച്ച് അന്വേഷണം

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചെന്ന കേസിൽ അന്വേഷണം വിപുലപ്പെടുത്തി ക്രൈംബ്രാഞ്ച്. വി ഐ പിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതായി സൂചന. കോട്ടയം സ്വദേശിയായ വ്യവസായിയുടെ ശബ്‌ദ പരിശോധന ഉടൻ രേഖപ്പെടുത്തിയേക്കും. ഇതിനിടെ താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും.

Story Highlights : Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here