Advertisement

ദിലീപിന്റെ സഹോദരീ ഭര്‍ത്താവിന്റെ ഫഌറ്റിലെ റെയ്ഡ് പൂര്‍ത്തിയായി; ശരത്തിന്റെ വീട്ടില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തു

January 17, 2022
Google News 1 minute Read
crime branch raid

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവിന്റെ ഫഌറ്റിലെ ക്രൈംബ്രാഞ്ച് റെയ്ഡ് പൂര്‍ത്തിയായി. വൈകിട്ട് 3 30ന് ആരംഭിച്ച റെയ്ഡ് അഞ്ചര മണിക്കൂറോളം നീണ്ടുനിന്നു. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് ജി നായരുടെയും സഹോദരീ ഭര്‍ത്താവ് സൂരജിന്റെയും വസതികളിലാണ് റെയ്ഡ് നടന്നത്. പരിശോധനയില്‍ ശരത്തിന്റെ വീട്ടില്‍ നിന്നും സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. ഒപ്പം ദിലീപും ശരതും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സ്ഥലമിടപാട് സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സൂരജിന്റെ എറണാകുളം കതൃക്കടവിലെ ഫഌറ്റിലായിരുന്നു പരിശോധന.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കണ്ടെത്താനും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ തോക്കിന്റെ വിവരങ്ങള്‍ ലഭിക്കാനുമാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം ദിലീപിന്റെയും സഹോദരന്റെയും വീടുകളില്‍ പരിശോധന നടത്തിയെങ്കിലും തോക്ക് അടക്കം കണ്ടെത്താനായിരുന്നില്ല.

ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനും സിഐ വര്‍ഗീസ് അലക്‌സാണ്ടറുമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. കേസുമായി ബന്ധപ്പെട്ട് സൂര്യ ഹോട്ടല്‍സ് ഉടമയായ ശരത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ശരത് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇയാളിപ്പോള്‍ ഒളിവിലാണെന്നാണ് സൂചന. കേസില്‍ ദിലീപുമായി ബന്ധമുള്ള വിഐപിയെ തേടിയുള്ള അന്വേഷണത്തിനിടയിലാണ് ശരത്തിലേക്കുകൂടി അന്വേഷണമെത്തിയിരിക്കുന്നത്.

അതിനിടെ കേസില്‍ മാധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. രഹസ്യ വിചാരണ എന്ന നിര്‍ദേശം ലംഘിക്കുന്നതാണ് മാധ്യമ വര്‍ത്തകളെന്നും അത് തടയണമെന്നുമാണ് ദിലീപിന്റെ ഹര്‍ജി. വിചാരണക്കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാകുംവരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണം. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Read Also : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

മാധ്യമവിചാരണ നടത്തി തനിയ്‌ക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നു. കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം, കേസില്‍ 5 പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഫോണ്‍വിളി വിശദാംശങ്ങളുടെ ഒറിജിനല്‍ രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യവും അംഗീകരിച്ചു. പത്ത് ദിവസത്തിനകം പ്രോസിക്യൂട്ടറെ നിയമിച്ച് വിസ്താരം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

Story Highlights : crime branch raid, dileep case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here